കഴിക്കുന്ന ഭക്ഷണത്തില്‍ താലേറ്റ്‌സ് കൂടുതലാണെങ്കില്‍...

By Online Desk.30 04 2020

imran-azhar

 

 

ആധുനിക യുഗത്തില്‍ പലതരം നിറത്തിലും, ആകൃതിയിലും, വിവിധ വര്‍ണ്ണ ഭംഗിയാര്‍ന്ന പായ്ക്കറ്റുകളിലും ലഭ്യമാകുന്ന കൗതുകമാര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നമ്മളില്‍ പലരുടെയും ശീലമാണ്. കുഞ്ഞുങ്ങളും, കൗമാരക്കാര്‍, ഗര്‍ഭിണികളുമാണ് സാധാരണയായി ഏറെയും ഇത്തരം ഭക്ഷണങ്ങളുടെ ആകര്‍ഷകര്‍. എന്നാല്‍, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനിവരുത്തുന്നു. ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും ഉപയോഗിക്കുന്ന, ശരീരത്തിന് ദോഷം ചെയ്യുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് താലേറ്റ്‌സ്. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാന്‍ കഴിവുള്ളവയാണ് താലേറ്റസ്. ഹോര്‍മോണുകളുടെ തകറാറ് പലവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തും. പ്രസവം, ഉല്‍പ്പാദനക്ഷമത എന്നിവയെ കാര്യമായി ബാധിക്കും. പൊണ്ണത്തടി, ആസ്ത്മ എന്നീ രോഗങ്ങള്‍ക്കും താലേറ്റുകള്‍ കാരണമാകും. എന്നാല്‍, വീടുകളിലുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഇവയുടെ അളവ് വളരെ കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാക്ക് ചെയ്ത ആഹാരവസ്തുക്കള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയിലാണ് താലേറ്റുകള്‍ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.


യുഎസ് നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വ്വേയുടെ നിരീക്ഷണ ഗവേഷണ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. എന്‍വയണ്‍മെന്റ് ഇന്റര്‍നാഷനല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ 2005 - 2014 കാലത്തെ സര്‍വ്വേകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍, കഫിറ്റീരിയകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരെ നിരീക്ഷിച്ചായിരുന്നു പഠനം. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് കഴിക്കുന്ന എല്‌ളാ പ്രായക്കാരിലും താലേറ്റ്‌സുകളുടെ അളവ് കൂടുതലാണ്. എന്നാല്‍, കൗമാരക്കാരിലാണ് ഇത് കൂടുതലായി കണ്ടത്. ഭക്ഷ്യവസ്തുക്കളില്‍ സാന്‍വിച്ച്, ഹാംബര്‍ഗ് എന്നിവ കഴിക്കുമ്പോഴാണ് ഇത്തരം രാസവസ്തുക്കള്‍ കൂടുതലായി ഉള്ളിലാവുന്നതും എന്നും പഠനങ്ങള്‍ പറയുന്നു. പഴക്കം, മായം, അണുബാധ, വൃത്തിയില്‌ളായ്മ എന്നിവ മാത്രമല്‌ള, പായ്ക്ക് ചെയ്ത ആഹാരത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന താലേറ്റ്‌സുമുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ലോഷനുകള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയവയിലും താലേറ്റുകളുടെ അളവ് വളരെ കൂടുതലാണ്. സാധാരണയായി താലേറ്റുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് പ്‌ളാസ്റ്റിക്കിന് കൂടുതല്‍ അയവുവരുത്താനും പെട്ടെന്ന് പൊട്ടാതിരിക്കാനുമാണ്.

 

OTHER SECTIONS