ഫുഡ് അലര്‍ജി എന്ന വില്ലന്‍

By online desk .16 10 2020

imran-azhar

 

 

ഒരു പ്രത്യേക ഭക്ഷ്യവസ്തുവുമായി ശരീരം പൊരുത്തപ്പെടാതിരിക്കുകയും വിവിധങ്ങളായ ലക്ഷണങ്ങളോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഭക്ഷണത്തോടുള്ള അലര്‍ജി അഥവാ ഫുഡ് അലര്‍ജി. തീരെ നിസാരമായവ മുതല്‍ അതീവ ഗുരുതരമായവ വരെയുള്ള ലക്ഷണങ്ങള്‍ ഇതിനുണ്ട്. ചിലപ്പോള്‍ മരണഹേതുവാകാനും മതി. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുവിന്റെ വളരെ കുറഞ്ഞ അളവില്‍ പോലുമുള്ള ഉപഭോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്.


മുതിര്‍ന്നവരില്‍ 2.5 ശതമാനം പേരിലും കുട്ടികളില്‍ 6 മുതല്‍ 8 ശതമാനം വരെ പേരിലും ഫുഡ് അലര്‍ജി ഉള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ ഫുഡ് അലര്‍ജിയുടെ കാര്യമാണിത്. ഇതിലും വളരെ കൂടുതല്‍ പേര്‍ക്ക് ആഹാരം വയറ്റില്‍ പിടിക്കാത്ത ഒരവസ്ഥ കണ്ടുവരാറുണ്ട്. ഫുഡ് ഇന്‍ടോളറന്‍സ് എന്ന ഈ അവസ്ഥയെ പലപ്പോഴും ഫുഡ് അലര്‍ജിയായി തെറ്റിദ്ധരിക്കാറുണ്ട്. ഫുഡ് ഇന്‍ടോളറന്‌സിന് ഉത്തമോദാഹരണമാണ് ലാകേ്ടാസ് ഇന്‍ടോളറന്‌സ്.


ഒരാളുടെ ദഹനവ്യവസ്ഥയില്‍ പാലിലെയും പാല്‍ ഉത്പന്നങ്ങളിലെയും പ്രോട്ടീന്‍ ദഹിപ്പിക്കുവാനാവശ്യമായ എന്‍സൈമുകള്‍ സ്വാഭാവികമായിത്തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്. പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇത്തരക്കാരില്‍ വയറിളക്കം, വായുക്ഷോഭം, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ചൈനീസ് ഭക്ഷണത്തോടുള്ള പൊരുത്തക്കേടാണ് മറ്റൊരു പ്രധാന പ്രശ്‌നം.


രുചി കൂട്ടാന്‍ വേണ്ടി ചൈനീസ് ഫുഡില്‍ ചേര്‍ക്കുന്ന മോണോസോഡിയം ഗ്‌ളൂട്ടമേറ്റ് എന്ന വസ്തുവാണ് ഇവിടെ വില്ലന്‍. ഈ വസ്തുവിന്റെ ഉപയോഗം ചിലയാളുകളില്‍ തലവേദന, തലകറക്കം, ശരീരമാസകലമുള്ള നീറ്റല്‍, നെഞ്ചെരിച്ചില്‍, പുറംവേദന എന്നിവയ്‌ക്കെല്ലാം കാരണമാകാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്നും വിളിക്കാറുണ്ട്.


മേല്‍പ്പറഞ്ഞ രണ്ടവസ്ഥകളിലും പ്രശ്‌നം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ബാധിക്കാതെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ഫുഡ് അലര്‍ജി ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്നു. ശരീരത്തിന് പിടിക്കാത്ത ഏതെങ്കിലും പ്രോട്ടീനാണ് ഇവിടെ രോഗഹേതു. അലര്‍ജിയുണ്ടാക്കുന്ന ഇത്തരം പ്രോട്ടീനുകള്‍ക്കെതിരായി ശരീരത്തിലെ ശ്വേതരക്താണുക്കള്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നു.


ഇമ്മ്യൂണോഗേ്‌ളാബുലിന്‍–ഇ ആണ് ഇവയില്‍ പ്രധാനം. ഭക്ഷ്യവസ്തുവിലെ പ്രോട്ടീനുമായി ഇത്തരം ആന്റിബോഡികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഹിസ്റ്റമിന്‍ എന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് അലര്‍ജിക്ക് കാരണം.

 

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍


അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍
തൊണ്ണൂറു ശതമാനവും വരുന്ന അലര്‍ജികള്‍ ഉണ്ടാക്കുന്നത് മുട്ട, പാല്‍, ഗോതമ്പ്, നിലക്കടല, ചിലതരം മത്സ്യങ്ങള്‍, കക്കയിറച്ചി, ഞണ്ട്, ചിലതരം കൊഞ്ച് എന്നിവയാണ്. സാധാരണയായി ഇവയില്‍ ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനോടു മാത്രമേ ഒരാള്‍ക്ക് അലര്‍ജിയുള്ളതായി കാണാറുള്ളൂ. ആസ്തമ, എക്‌സീമ എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണ്.

 

പ്രതിരോധവും ചികിത്സയും

 

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും അവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുകയും ചെയ്യുക. ഇന്ന് പലതരത്തിലുള്ള അലര്‍ജി ടെസ്റ്റുകള്‍ ലഭ്യമാണ്. രക്തപരിശോധന, പാച്ച് ടെസ്റ്റ് എന്നിവയൊക്കെ ഇന്നുണ്ട്. ചെറിയ രീതിയിലുള്ള അലര്‍ജിക്ക് കലാമിന്‍ ലോഷന്‍, കേ്‌ളാര്‍ഫിനി റാമിന്‍ മാലിയേറ്റ് (അവില്‍ ഗുളിക), തണുത്ത വെള്ളത്തിലെ കുളി എന്നിവയൊക്കെ ആശ്വാസം തരും. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രി വാസം തന്നെ വേണ്ടിവന്നേക്കാം. സ്റ്റീറോയ്ഡ് മരുന്നുകള്‍, ഓക്‌സിജന്‍ എന്നിവയൊക്കെയാണ് ചികിത്സ. അപൂര്‍വമായി തൊണ്ടനാളം തുറക്കുന്ന ഓപ്പറേഷനും വേണ്ടിവന്നേക്കാം.

 

 

OTHER SECTIONS