അമൂല്യമായ ഔഷധം, ഇന്ന് കുപ്പത്തൊടിയിൽ

By Anju N P.10 Jul, 2018

imran-azhar

കൊല്ലം: ഇത് തഴുതാമ. പേരു കേട്ട് കരയാമയോ കടലാമയോ പൊലെ ഏതെങ്കിലും തരത്തിലുള്ള ആമയാണെന്ന് ന്യൂജെൻ പിള്ളേർ കരുതേണ്ട. ആയുർവ്വേദത്തിലെ ഒന്നാന്തരം മരുന്നാണ്. പ്രൈസ് ലസ്സ് ഹെർബൽ എന്ന് ഇംഗ്ലീഷിൽ പറയും. തേടി നടന്നാൽ പലപ്പോഴും കിട്ടാത്ത ഇവ തെരുവോരത്ത് അധികമാരാലും തിരിച്ചറിയാതെ കാടുപിടിച്ചു കിടക്കുന്നത് അദ്ഭുതമുണർത്തും. ഒരു കാലത്ത് കേരളത്തിലെ ഓരോ ഭവനത്തിലും പച്ചക്കറികൾക്കൊപ്പം നട്ടു വളർത്തിയിരുന്നവയാണ് തഴുതാമയും.
 

പ്രായമേറുന്നതു മൂലവും രോഗബാധകൊണ്ടും ശരീരത്തിനുണ്ടാകുന്ന എല്ലാത്തരം തേയ്മാനങ്ങളേയും അതിജീവിച്ച് ശരീരത്തിൽ പുതിയ കോശങ്ങളെ സൃഷ്ടിക്കാൻ തഴുതാമ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തൊലിപ്പുറത്തുണ്ടാകുന്ന ചുളിവുകൾ പോലുള്ള വാർദ്ധക്യ ലക്ഷണങ്ങളേയും അകറ്റി നിർത്താം. അതുകൊണ്ടു തന്നെ സംസ്കൃതത്തിൽ ഇതിനു പേര് പുനർനവ എന്നാണ്. വീണ്ടും വീണ്ടും നവീകരിക്കുന്നത് എന്ന് അർത്ഥം. ഇലയും തളിർത്തണ്ടും നുള്ളിയെടുത്ത് വൃത്തിയായി കഴുകി തോരനുണ്ടാക്കി കഴിക്കാം. വേരോടെ പറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് ചാറെടുത്തോ കഷായം വച്ചോ കഴിച്ചാലും മതി. അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ഏറെ ഫലപ്രദമെന്ന് ആയുർവ്വേദം. ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ രക്തം ശുദ്ധിയാകും. മദ്യപാനം, അലോപ്പതി മരുന്നുകളുടെ അമിതമായ ഉപയോഗം തുടങ്ങിയവ മൂലം നശിച്ചു തുടങ്ങിയ കരൾ, വൃക്കകൾ തുടങ്ങിയ ആന്തരാവയവങ്ങളുടെ കോശങ്ങളെ പുന:സ്സൃഷ്ടിക്കാനും ഭക്ഷണത്തിൽ തഴുതാമ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നാണ് ആയുർവ്വേദം പറയുന്നത്. വേരും പൂവും തണ്ടും ഇലയുമെല്ലാം ഔഷധമൂല്യമുള്ളതു തന്നെ. പൂക്കളുടേയും തണ്ടിൻറേയും നിറം അടിസ്ഥാനമാക്കി പൊതുവേ നാലുതരത്തിലുള്ള തഴുതാമകളാണ് കാണപ്പെടുന്നത്. സിദ്ധവൈദ്യത്തിലും തഴുതാമയ്ക്ക് പ്രമുഖസ്ഥാനമുണ്ട്. 
അമൂല്യമായ ഔഷധം എന്ന് ആയുർവ്വേദം പരാമർശിക്കുന്ന തഴുതാമയുടെ ശാസ്ത്രനാമം ബോർഹാമിയ ഡിഫ്യൂസ എന്നാണ്. പാപനാശിനി എന്നും ഇത് അറിയപ്പെടുന്നു. വെയിലും വെള്ളവും കിട്ടുന്ന എവിടേയും നന്നായി വളരുന്ന തഴുതാമ ആരാലും അറിയപ്പെടാതെ തെരുവോരങ്ങളിൽ തഴച്ചുവളരുന്നതാണ് യഥാർത്ഥത്തിൽ അത്ഭുതം. വിവിധ ശാരീരിക പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ആയുർവ്വേദം നിർദ്ദേശിക്കുന്ന പുനർനവാസവത്തിൻറെ പ്രധാന ചേരുവയും തഴുതാമയാണ്.
 

ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ, ശരീരത്തിലെ നീര്, കഫക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അസ്ഥിസ്രാവം എന്നിവയ്ക്കെല്ലാം ഔഷധമായി ആയുർവ്വേദം തഴുതാമ ഉപയോഗിക്കുന്നുണ്ട്. തഴുതാമവേര് അരച്ച് നെല്ലിക്കനീരിൽ ചേർത്ത് കഴിച്ചാൽ പ്രോസ്റ്റേറ്റ് വീക്കം പ്രതിരോധിക്കാം. പതിവായി ഇലയും ഇളം തണ്ടും തോരൻ വച്ച് കഴിക്കുന്നത് ഹൃദ്രോഗത്തെയും അകറ്റി നിർത്തും. വേര് തേനിൽ അരച്ച് കൺപോളയിലെഴുതുന്നത് കൺകുരുവിന് കൺകണ്ട ചികിത്സയാണ്.