ഔഷധഗുണങ്ങള്‍ നിറഞ്ഞ കടച്ചക്ക

By anju.09 03 2019

imran-azhar

വീടുകളിലും നാട്ടിന്‍പുറങ്ങളില്‍ ഇന്നും സുലഭമായി കിട്ടുന്ന ഒരു ഫലമാണ് കടച്ചക്ക. തെക്കന്‍ കേരളത്തില്‍ ഇത് ശീമച്ചക്ക എന്ന പേരിലും അറിയപ്പെടുന്നു. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്്രോഗങ്ങള്‍, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങള്‍ എന്നിവ ശമിപ്പിക്കാന്‍ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഗണന ഒരു പച്ചക്കറിയായാണ് എന്നു മാത്രം.

 

ഗ്ലൂക്കോസിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ പലരും ഇത് കഴിക്കാറില്ല. എന്നാല്‍, ഇതിലുള്ള നാരുകളുടെ സാനിധ്യം നാം കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും. ആഫ്രിക്കന്‍ ബ്രെഡ്ഫ്രൂട്ട് എന്ന ഇനം രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഉത്തമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിനു മുന്‍പ് കടച്ചക്ക കഴിക്കുന്നതിനെക്കാള്‍ പ്രഭാതഭക്ഷണത്തിലോ അല്ലെങ്കില്‍ പകല്‍ സമയത്തോ കഴിക്കുന്നതാണ് ഉത്തമം.

 

കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച് ഡി എല്‍ കൊളസ്‌ട്രോളിന്റെ വര്‍ധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുടല്‍ കാന്‍സര്‍ സാധ്യതയും കുറയ്ക്കും.

 

ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അതുവഴി ഉണ്ടാകുന്ന ശാരീരികപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആസ്ത്മ രോഗികള്‍ക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ ഈ ഫലത്തിനു സാധിക്കും. ചെവിയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ ഇതിന്റെ ഇലയുടെ നീരെടുത്ത് ഒന്നു രണ്ടു തുള്ളി ചെവിയില്‍ ഒഴിച്ചാല്‍ മതിയാകും. ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്്രോഗങ്ങള്‍ അകറ്റാനും ഉത്തമമാണ്.

 

ചില ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ഇതിന്റെ മരക്കറ ത്വക്്രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനായി ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നുണ്ട്. കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാന്‍ഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.

 

 

 

OTHER SECTIONS