ഇലക്കറിക്കില്ല പകരക്കാരന്‍

By Rajesh Kumar.31 03 2020

imran-azhar

എവിടെയും എല്ലാ സീസണിലും ലഭിക്കുന്നു എന്നതാണ് ചീരയെ ജനകീയമാക്കുന്നത്. പോഷകസമ്പത്ത്, വിലക്കുറവ് ഇവയും ചീരയ്ക്ക് ഏതു സീസണിലും ഊണുമേശയില്‍ ഇടം നേടിക്കൊടുക്കുന്നു. യാതൊരു പരിപാലനവും വേണ്ടാത്ത, നട്ടുവളര്‍ത്തേണ്ട കാര്യമില്ലാത്ത എത്രയോ തരം ചീരകളാണ് നമ്മുടെ പറമ്പിലും വഴിയോരത്തും പോഷകത്തിന്റെ നിറകുംഭങ്ങളായി നില്‍ക്കുന്നത്.

 

ഏതു സാധാരണക്കാരനും കുറഞ്ഞ ചിലവില്‍ പോഷകസമ്പന്നമായ ഭക്ഷണം ഒരുക്കാന്‍ ചീരവിഭവങ്ങളിലൂടെ കഴിയുന്നു. നാം ഒരു ദിവസം കഴിക്കേണ്ട 500 ഗ്രാം പച്ചക്കറിയില്‍ 100 ഗ്രാമോളം ഇലക്കറികള്‍ക്കായി നീക്കി വയ്‌ക്കേണ്ടതുണ്ട്. പോഷകക്കുറവ് പരിഹരിക്കാന്‍ ചിലവ് കുറഞ്ഞ മാര്‍ഗ്ഗമാണ് ഇലക്കറികള്‍. ഓസ്റ്റിയോപെറോസിസ്, അയണ്‍ അപര്യാപത, മലബന്ധം എന്നിവയ്ക്ക് മികച്ചതാണ് ഇലക്കറികള്‍.

 

നാരുകള്‍ സമൃദ്ധമായി അടങ്ങിയ ഭക്ഷണമാണ് ഇലക്കറികള്‍. ഭക്ഷ്യനാരുകള്‍, വൈറ്റമിന്‍ എ, ബി-12, സി, ഡി, ഇ, കാത്സ്യം, കോപ്പര്‍, ഫോലേറ്റ്, അയണ്‍, മഗ്നീഷ്യം, നിയാസിന്‍, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍, തയമിന്‍, സിങ്ക് എന്നിവ ചീരയില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്നതോതിലെ മിനറല്‍(ധാതു)സാന്നിധ്യമാണ് മറ്റൊരു സവിശേഷത. മഗ്നീഷ്യം, കൊബാലമിന്‍, അയണ്‍, കാത്സ്യം, സോഡിയം, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ജലസാന്നിധ്യം ഉയര്‍ന്നതോതിലാണ് ഇവയില്‍ എന്നതും മറ്റൊരു സവിശേഷതയാണ്. ഭക്ഷണത്തോടൊപ്പം ഇലക്കറികള്‍ കഴിച്ചാല്‍ വയറു നിറഞ്ഞ സംതൃപ്തി വളരെ വേഗം അനുഭവപ്പെടുന്നുവെന്നു മാത്രമല്ല കാലറി തുച്ഛമായിരിക്കുകയും ചെയ്യും.

 


അധികമായാല്‍ അമൃതും
ഇലക്കറികള്‍ക്ക് ഗുണങ്ങള്‍ ഉണ്ടെങ്കിലും അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല. അളവില്‍ക്കൂടുതല്‍ ഇലക്കറികള്‍ ഉള്ളില്‍ച്ചെന്നാല്‍ ദഹനക്കേട് ഉണ്ടാകും. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് കൂടിയ അളവില്‍ സസ്യനാരുകളെ ദഹിപ്പിക്കാനുളള ശേഷി ഇല്ല. ഇതിന്റെ ഫലമായി ഗ്യാസ്, ദഹനക്കേട്, പുളിച്ചു തികട്ടല്‍, വയര്‍ കൊളുത്തി വലിക്കല്‍ എന്നിവ ഉണ്ടാകുന്നു.
പ്രമേഹരോഗികള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണ് ഇലക്കറികള്‍. പച്ചക്കറികളെ മൂന്നായി തിരിക്കാം. വെള്ളരിക്ക, പടവലങ്ങ, പാവയ്ക്ക എന്നിവയടങ്ങിയ ഒന്നാമത്തെ വിഭാഗവും ഇലക്കറികള്‍ അടങ്ങിയ രണ്ടാം വിഭാഗവും കാരറ്റ്, ബീറ്റ്‌റൂട്ട്, കിഴങ്ങുകള്‍ തുടങ്ങി മണ്ണിനു കീഴെ വേരില്‍ ആഹാരം സംഭരിച്ചുവയ്ക്കുന്നവ മൂന്നാം വിഭാഗത്തിലും പെടുന്നു. ഇതില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള വിഭാഗമാണ് ഇലക്കറികള്‍.

 

അളവ് കുറച്ച്, തവണ കൂട്ടി
ഇലക്കറികള്‍ ചോറിനൊപ്പം മാത്രമായി ഒറ്റത്തവണ കഴിക്കുന്നതിനെക്കാള്‍ ചപ്പാത്തി, ദോശ, പുട്ട്, ഇഡലി എന്നിവയോടൊപ്പം കുറഞ്ഞ അളവില്‍ കഴിക്കാം. അത്താഴത്തിന് വളരെ കുറഞ്ഞ അളവില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ മതി. കാരണം ശരീരം വിശ്രമാവസ്ഥയിലേക്ക് മടങ്ങുന്നതിനാല്‍ ദഹനത്തിനുളള വേഗതയും കുറയും അതിനാല്‍, ഗ്യാസ്, പുളിച്ചുതികട്ടല്‍ തുടങ്ങിയ അസ്വസ്ഥതയ്ക്ക് സാധ്യതയും കൂടും.

 

നാരുകള്‍ വളരെയധികം ഉള്ളതിനാല്‍ മലബന്ധത്തിനു മികച്ചതാണ് ഇലക്കറികള്‍. പ്രായമേറിയ പ്രമേഹരോഗികളില്‍ പേശികള്‍ക്ക് ക്ഷമത കുറഞ്ഞ് കുടലുകളുടെ ചലനം കുറയുന്നതിനാല്‍ മലബന്ധം മുഖ്യകാരണമാകാറുണ്ട്. അവര്‍ക്ക് നിര്‍ബന്ധമായും ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാത്രമല്ല, പ്രമേഹരോഗികള്‍ നാരുകളും മറ്റും അടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളും പഴങ്ങളും വളരെക്കുറച്ചു മാത്രം കഴിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വളരെക്കുറവ് നാരുകള്‍ മാത്രമേ ലഭ്യമാകുന്നുള്ളു. ഇതിനെ മറികടക്കാനും ഇലക്കറികള്‍ മികച്ചതാണ്.

 

കടയില്‍ നിന്ന് വാങ്ങുന്ന ചീരകളായ പച്ചച്ചീര (അമരാന്ത്), ചുവന്ന ചീര, പാലക് ചീര, ഉലുവയില മേത്തി) ഇവ ധാതുക്കളുടെയും വൈറ്റമിന്റെയും കലവറയാണ്. എന്നാല്‍, ഇവയോളമോ ഇവയെക്കാളോ പോഷകസമ്പത്തുള്ളവയാണ് നമ്മുടെ വീട്ടുമുറ്റത്തു വളരുന്ന വേലിച്ചീര (കുറ്റിച്ചീര, മധുരച്ചീര), പയറില, സാമ്പാര്‍ചീര (കൊഴുപ്പച്ചീര), മുരിങ്ങയില എന്നിവയെല്ലാം.

 

ഈര്‍പ്പമുള്ള അടുക്കളമുറ്റത്തും പറമ്പിലും സമൃദ്ധമായി വളരുന്ന സാമ്പാര്‍ചീരയുടെ വേരൊഴികെയുള്ള ഭാഗങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ചെറുവയലറ്റ് പൂക്കളുള്ള കൊഴുപ്പച്ചീരയെ അലങ്കാരച്ചെടിയായും വളര്‍ത്തുന്നുണ്ട്.
പുനര്‍നവ എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന തഴുതാമയുടെ വേരും ഔഷധഗുണമുള്ളതാണ്. കൊളസ്‌ട്രോളിനും വിളര്‍ച്ചയ്ക്കും മികച്ച പ്രതിവിധിയായ താഴുതാമയില്‍ പൊട്ടാസ്യം, നൈട്രേറ്റ്, അയണ്‍ ലെവല്‍ ഉയര്‍ന്ന തോതിലാണ് കാണപ്പെടുന്നത്. ഇന്ത്യന്‍ സ്പിനാച്ച് എന്നറിയപ്പെടുന്ന പശല കീരൈ പ്രത്യേകിച്ചൊരു പരിപാലനവും വേണ്ടാതെ നമ്മുടെ മതിലിലും വേലിയിലും പടര്‍ന്നു വളരുന്ന വള്ളിച്ചെടിയാണ്.

 

ഇവ കൂടാതെ കുടങ്ങല്‍, അകത്തിച്ചീര എന്നിവയും ഔഷധഗുണമുള്ള ഇലക്കറികളാണ്. അകത്തി എന്ന വാക്കിനര്‍ത്ഥം ഉള്ളിലെ അഗ്നി എന്നാണ്. അഗത്തി കഴിച്ചാല്‍ ജഠരാഗ്നി വര്‍ദ്ധിക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് ശരീരമാസകലം ഓജസ് ഉണ്ടാകുന്നതുകൂടാതെ അസിഡിറ്റി കുറച്ച് ദഹനം സുഗമമാക്കുന്നു. വിഷാദരോഗത്തിനും മികച്ച അകത്തി, വയറിലെ അള്‍സര്‍, അസ്വസ്ഥതകള്‍ ഇവ ഭേദമാക്കുന്നു. 100 ഗ്രാം അകത്തിച്ചീരയില്‍ 2 മി.ഗ്രാം അയഡിന്‍ അടങ്ങിയിട്ടുണ്ട്.

 

ഗുണം നഷ്ടപ്പെടുത്തരുത്; സ്വാദും
ചീര ആദ്യ അഞ്ചു മിനിട്ട് തുറന്നു വേവിക്കണം. ചീരയില്‍ ആവശ്യത്തിന് ജലാംശം ഉള്ളതിനാല്‍ പാകം ചെയ്യാന്‍ വെള്ളം ആവശ്യമില്ല.
കുറച്ചു വെള്ളത്തില്‍ പാകം ചെയ്യുന്നതിലൂടെ പോഷകങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാം. ചീര അധികനേരം വേവിക്കാതെ പാകം ചെയ്ത് ഉടനെ കഴിക്കുന്നതാണ് നല്ലത്. അധികസമയമെടുത്ത് പാകം ചെയ്യുന്നതും പോഷകവും സ്വാദും നഷ്ടപ്പെടാനിടയാക്കും.

OTHER SECTIONS