അച്ചാര്‍ സ്ഥിരമായി കഴിക്കും മുന്‍പ് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍!

By Anju N P.09 Jun, 2018

imran-azhar


പ്രായഭേദമന്യേ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് അച്ചാറുകള്‍. അച്ചാറുകള്‍ പൊതുവെ മാസങ്ങളോളം കേടുവരാതെ നില്‍ക്കുന്നത് കൊണ്ടുതന്നെയാണ് ഇതിനെ ഒരു പ്രധാന വിഭവം ആയി എന്നും തീന്‍മേശയില്‍ എത്തിക്കുന്നതും.

 

ഇങ്ങിനെ മാസങ്ങളോളം ഇതിനെ സൂക്ഷിക്കേണ്ടതിനാല്‍ ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊടി തുടങ്ങിയവയും അച്ചാറുകളില്‍ കൂടുതലായി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അച്ചാറുകള്‍ പഴകും തോറും അതിന്റെ രുചിയും കൂടുന്നു.

 

സ്ഥിരമായി അച്ചാറുകള്‍ ഉപയോഗിക്കുന്നവര്‍ അറിയാതെ പോകുന്ന ഒരു പ്രധാന വസ്തുത എന്തെന്നാല്‍ ഇവയുടെ ഉപയോഗം ആരോഗ്യത്തിന് ഗുണകരമായും ദോഷകരമായും ബാധിക്കുന്നു എന്നതാണ്. ചില ആന്റിഓക്സിഡന്റുകള്‍ അച്ചാറുകളില്‍ ഉള്ളതിനാല്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ ചെറിയ തോതില്‍ അച്ചാര്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ശരീരത്തില്‍ ചില ഗുണങ്ങള്‍ കിട്ടാന്‍ സഹായകമാണ്. അതുപോലെ തന്നെ ആണ് അച്ചാറുകളുടെ അമിത ഉപയോഗവും, ഇത് പല രോഗങ്ങളിലേക്കും നമ്മളെ നയിക്കുന്നു.

 

 

രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കില്‍ അതിലൂടെ ശരീരത്തില്‍ ദഹനം നടക്കുമ്പോള്‍ അമിതമായ അസിഡിറ്റി ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങിനെ അള്‍സര്‍ ഉണ്ടാവുകയും ചെയ്യുന്നു. അച്ചാറുകള്‍ അള്‍സര്‍ സൃഷ്ടിക്കുന്നു എന്നു പറയുന്നത് ഇതുകൊണ്ടാണ്.

 

ഗ്യാസിന്റെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി പലപ്പോഴും പലരും അച്ചാറുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും ഗ്യാസിന്റെ പ്രശ്‌നത്തെ കൂട്ടുവാന്‍ ആണ് കാരണമാകുന്നത്. എരുവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്‌ട്രൈറ്റിസ് ഉള്ളവര്‍ എപ്പോഴും അച്ചാറുകള്‍ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

 

 

ഉയര്‍ന്ന അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതും മനുഷ്യ ശരീരത്തില്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നു. കൂടുതല്‍ നാള്‍ നിലനില്‍ക്കുവാന്‍ വേണ്ടിയാണ് അച്ചാറുകളില്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ക്കുന്നത്. ഉപ്പ് ലൈനിങ് ഇറിറ്റേഷന്‍ ഉണ്ടാക്കുകയും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

 

അമിതമായ അളവില്‍ അച്ചാര്‍ കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നിലനിര്‍ത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്ന ഒരു അരിപ്പയായി പ്രവര്‍ത്തിക്കുക എന്നതാണ് വൃക്കയുടെ ധര്‍മ്മം. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കിഡ്നി പ്രവര്‍ത്തിക്കുകയും കിഡ്നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്നി രോഗം ഉള്ളവരും അച്ചാര്‍ മിതമാക്കണം.

 

 

അച്ചാര്‍ കേടുകൂടാതെ സംരക്ഷിക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ഫംഗസ് ഉണ്ടാകുന്നത് തടയാനുമായി എണ്ണയും അമിതമായി അച്ചറില്‍ ഉപയോഗിക്കുന്നു. എണ്ണ അമിതമായി ഉപയോഗിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂടാനും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും കാരണമാകുന്നു. ആരോഗ്യകരമായ ഒരു നാളേക്കായി അച്ചാറിന്റെ ഉപയോഗിയ്ക്കുന്നതിന് മുന്‍പ് ഇനി ഇത് ശ്രദ്ധിച്ചോളൂ..

 

OTHER SECTIONS