വെറും രണ്ടു മാസം കൊണ്ട് ഒരാൾക്ക് ഇത്രയ്ക്കും ഒക്കെ മാറാൻ കഴിയുമോ!

By Web Desk.12 05 2021

imran-azhar

 

 

'ഇങ്ങനെ പോയാല്‍ നീ വല്ല ഇന്നറും വാങ്ങി ഇടേണ്ടി വരും...' ഈ കളിയാക്കൽ ഒരുപക്ഷെ മിക്ക തടിയുള്ളവരും കേട്ടിട്ടുണ്ടാകും. പക്ഷെ എല്ലാവരേയും പോലെ വെറുതെ കളിയാക്കലുകൾ കേട്ട് വിഷമിച്ചിരിക്കാൻ മനുവിനെ കൊണ്ട് സാധിച്ചില്ല എന്ന് വേണം പറയാൻ. സെലിബ്രിറ്റികളുടെ പ്രിയങ്കരനായ ഫൊട്ടോഗ്രാഫര്‍ മനു മുളന്തുരുത്തിക്ക് തടി കുറയ്ക്കുക എന്നത് ലക്ഷ്യം മാത്രമല്ല, പോരാട്ടം കൂടിയായിരുന്നു. രണ്ട് മാസം മുന്നേയുള്ള മനു ഇന്നത്തെ പോലെയായിരുന്നില്ല. ഇരിക്കാന്‍ വയ്യ, നടക്കാന്‍ വയ്യ, കുടവയറാണെങ്കില്‍ 'മുന്‍പന്തിയിലുണ്ട്'താനും.

 

എന്തിനേറെ നിലത്ത് കുത്തിയിരുന്ന് മര്യാദയ്ക്ക് ഒരു ഫ്രെയിം സെറ്റ് ചെയ്യാന്‍ പോലുമാകാത്തത്ര ശാരീരിക അസ്വസ്ഥതകള്‍. എല്ലാത്തിനും ഒറ്റക്കാരണം, പൊണ്ണത്തടി! ഒരുഘട്ടത്തില്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ ബട്ടന്‍സു വരെ പൊട്ടിച്ച് പൊണ്ണത്തടി വീര്‍പ്പുമുട്ടിച്ചപ്പോള്‍ മനു തടിയുടെകാര്യത്തില്‍ ആ തീരുമാനം എടുക്കുകയായിരുന്നു. . കേവലം രണ്ട് മാസം കൊണ്ട് 15 കിലോ കുറച്ച് സെലിബ്രിറ്റികളുടെ വരെ കണ്ണുതള്ളിച്ച വെയ്റ്റ്‌ലോസ് ജേര്‍ണിയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ ആണ്...

 

ക്യാമറ കൊണ്ട് ജീവിക്കുന്നവനാണ് ഞാന്‍. മനസില്‍ കണ്ട ഫ്രെയിമിലേക്ക് ഓടിയെത്താന്‍ കൊതിച്ചപ്പോഴൊക്കെ അവനായിരുന്നു എനിക്ക് വില്ലനായത്. പൊണ്ണത്തടി... എത്രയോ വര്‍ക്കുകളില്‍ ഞാന്‍ കിതച്ചു, ക്ഷീണിച്ചു. തളര്‍ന്നു പോകുന്ന ഘട്ടം വരെയെത്തി. നടുവേദനയായിരുന്നു മറ്റൊരു വില്ലന്‍. പരിഹാസങ്ങള്‍ വേറെയും. വല്ല ഇന്നറും വാങ്ങിയിട് ചേട്ടാ എന്ന് ഉപദേശിച്ച ടീംസ് വരെയുണ്ട്. ലോക് ഡൗണായപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. 90 കിലോയും കടന്ന് സെഞ്ചുറി അടിക്കാന്‍ പാകത്തിന് തടി കൈവിട്ടു പോയി. ഒരൊറ്റ ഷര്‍ട്ടും പാന്റും പോലും ചേരാത്ത വിധം ഞാന്‍ തടിയനായി. ഒന്ന് കുനിയാന്‍ പോലും കഴിയാത്ത ഘട്ടമെത്തിയിട്ടുണ്ട്. പോരാത്തത്തിന് നടുവേദനയും. അപ്പോഴാണ് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഉപദേശിച്ചത്. മനുച്ചേട്ടാ... ഇനിയിങ്ങനെ പോയാല്‍ പറ്റില്ല- മനു പറയുന്നു.

 

ഭക്ഷണത്തില്‍ നിന്നാണ് ആ പോരാട്ടം തുടങ്ങിയത്. എന്നെ സംബന്ധിച്ച് വിഷമമുള്ള കാര്യവും അതുതന്നെയായിരുന്നു. മധുരം മുതല്‍ എണ്ണ വരെയുള്ള സാധനങ്ങളെ ജീവിതത്തില്‍ നിന്നേ ഗെറ്റ്ഔട്ട് അടിച്ചു. 10 ഇഡലിയുടെ സ്ഥാനത്ത് 2 ഇഡലി കഴിച്ചപ്പോഴേ ശരീരം പിണങ്ങി തുടങ്ങി. പക്ഷേ കട്ടയ്ക്ക് പിടിച്ചു നിന്നു. ചോറിനോടുള്ള പ്രണയവും അന്ന് ബ്രേക്കപ്പായി. ഇനി അഥവാ കഴിച്ചാല്‍ തന്നെ അന്നജം കുറഞ്ഞ തവിടരി കഴിച്ചു. ഉച്ചയ്ക്കുള്ള ചോറിന്റെ അളവിനെ വെറും എട്ട് ടേബിള്‍ സ്പൂണില്‍ ഒതുക്കിയതായിരുന്നു മറ്റൊരു നേട്ടം.

 

കഠിനമായ ഒരാഴ്ച കടന്നു പോയി. പതിയെ വ്യായാമത്തിലേക്ക് കടന്നു. രാവിലെ മൂന്നരമണിക്ക് എഴുന്നേറ്റ് 12കിലോമീറ്റര്‍ നടന്നു. ഒരു ദിവസം പോലും അതു മുടക്കിയിട്ടില്ല. വിയര്‍ത്തു കുളിക്കും വരെ നടന്നു. അപ്പോഴും ഡയറ്റില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. വിശക്കുന്ന വയറിനെ ചീരയും വാഴപ്പിണ്ടി തോരനും കുടപ്പന്‍തോരനും കൊടുത്തു സമാധാനിപ്പിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രംകറിവച്ച ചിക്കന്‍ ഒരേയൊരു പീസ് കഴിക്കും അതായിരുന്നു ഡയറ്റിലെ ഏക ആഡംബരം. വെള്ളംകുടിയായിരുന്നു മറ്റൊരു ട്രിക്ക്. ഭക്ഷണം കഴിക്കുന്ന നേരം വരെ വെള്ളമങ്ങനെ കുടിച്ചു കൊണ്ടേയിരിക്കും. അപ്പോ ഒരുപാട് വിശക്കില്ല എന്നതാണ് സത്യം. ആദ്യത്തെ ഒന്നര ആഴ്ചകഴിഞ്ഞപ്പോള്‍ 2 കിലോയോളം ഗുഡ്‌ബൈ പറഞ്ഞു പോയി. പക്ഷേ അപ്പോഴും ഞാന്‍ വിട്ടില്ല. ഈ പറഞ്ഞ ഡയറ്റും എക്‌സര്‍സൈസുകളും കൃത്യമായി ഫോളോ ചെയ്തു. ഗൂഗിളിലടക്കം സേര്‍ച്ച് ചെയ്ത് കാലറി കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കാന്‍ ശീലിച്ചു.

 

ഒരു മാസം പിന്നിടുമ്പോള്‍എന്റെ ശരീരഭാരം പത്തു കിലോ വരെ കുറഞ്ഞത് ഈ അധ്വാനത്തിന്റെ ഫലമാണ്. രണ്ടാമത്തെ മാസം 5 കിലോ കുറഞ്ഞു. പറഞ്ഞാല്‍ വിശ്വസിക്കില്ല, കൃത്യം രണ്ടു മാസം കൊണ്ട് 17കിലോ വരെ കുറച്ച് 85ല്‍ നിന്നും 68കിലോ എന്ന സുരക്ഷിത തീരത്ത് ഞാനെത്തി. ജീവിതത്തിലെ ഏറ്റവും ഉചിതമായ സമയത്ത് ഞാനെടുത്ത തീരുമാനത്തിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്ആണ് ദേ ആ കാണുന്ന ഞാന്‍. എന്റെ പുതിയ ചിത്രം കണ്ട് മഞ്ജു വാരിയറും ഉണ്ണിമുകുന്ദനും അന്‍സിബ ഹസനുമൊക്കെ അഭിനന്ദിച്ചുവെന്നത് മറ്റൊരു സന്തോഷം. എന്റെ ട്രെയിനര്‍ രഹ്ന പ്രവീണ്‍,ഷഫീന എന്നിവരോടാണ് ഈ ഘട്ടത്തില്‍ എനിക്ക് നന്ദി പറയാനുള്ളത്. ആത്മവിശ്വാസത്തോടെ മനുവിന്റെ വാക്കുകള്‍

 

OTHER SECTIONS