By Rajesh Kumar.13 07 2020
-പ്രാതലിനൊപ്പം ചായയോ കാപ്പിയോ നന്നല്ല
-ചോറിനൊപ്പം കറിയല്ല, കറിക്കൊപ്പം ചോറ് കഴിക്കാം
-പുട്ടിനൊപ്പം പയറും കടലയും കഴിക്കാം, പപ്പടം പതിവാക്കരുത്
-ചോറും കപ്പയും മീനും വേണ്ട. കപ്പയും ചോറും ഒരുമിച്ചു കഴിക്കരുത്
-വെളുത്ത അരി പതിവാക്കരുത്. കുത്തരിയെ അപേക്ഷിച്ച് പോഷകമൂല്യം കുറവാണ
-മൈദയായാലും ഗോതമ്പായാലും പൊറോട്ട ആരോഗ്യകരമല്ല.
-ഭക്ഷണം ആരോഗ്യകരമാക്കാന്‍ അറിയേണ്ടവ...
പ്രാതലിനൊപ്പം ചായ, കാപ്പി
രാവിലെ ഇഡലി, സാമ്പാര്‍, ചട്ണി അതിനൊപ്പം നല്ല ചൂട് പാല്‍ച്ചായ അല്ലെങ്കില്‍ കാപ്പി. ഇത് ഏതൊരു മലയാളിയുടെയും കാലങ്ങളായുള്ള ശീലമാണ്. ബ്രേക്ക്ഫാസ്റ്റിനൊപ്പമുള്ള ഈ ചായ അല്ലെങ്കില്‍ കാപ്പികുടിശീലം അത്ര ആരോഗ്യകരമല്ലെന്നു തിരിച്ചറിയുക. ചായ ബ്രേക്ക്ഫാസ്റ്റിന് ഒരു മണിക്കൂര്‍ മുമ്പോ പിമ്പോ ആകുന്നതാണ് നല്ലത്. പ്രാതലിനൊപ്പം വെള്ളം ആണ് ഉത്തമം. ചായയിലുള്ള കഫീന്‍ ആഹാരത്തിലെ ഇരുമ്പിന്റെ സ്വാംശീകരണം തടയുന്നതിനാല്‍ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ പ്രയോജനം ശരീരത്തിന് ലഭിക്കുന്നില്ല. എന്നാല്‍, പ്രഭാതഭക്ഷണത്തോടൊപ്പം പഴച്ചാറ് കഴിക്കാന്‍ സാധിക്കുമെങ്കില്‍ അത് പ്രയോജനപ്രദമാണ്.
ചോറിനൊപ്പം കറിയല്ല, കറിക്കൊപ്പം ചോറ്
ബുഫെ പാര്‍ട്ടിയാണെങ്കില്‍ അതിഥികള്‍ ഭക്ഷണം വിളമ്പിയെടുക്കുന്നത് ശ്രദ്ധിച്ചാല്‍ കാണാം, ഒരു പ്ലേറ്റിന്റെ പകുതി ഭാഗം ചോറ്, അതു കഴിഞ്ഞിട്ടാണ് കറികള്‍ തിരഞ്ഞെടുക്കുക. അതില്‍ നോണ്‍വെജ് ഉണ്ടെങ്കില്‍ പച്ചക്കറിയുടെ അളവ് തീരേ കുറയും. ചിലരാകട്ടെ ചോറും ചിക്കനും പിന്നെ പേരിന് ഒരു അച്ചാര്‍ മാത്രം തിരഞ്ഞെടുക്കും. ഹെല്‍ത്തി പ്ലേറ്റ് എന്നൊരു ആരോഗ്യശൈലി പിന്തുടരാം. ലോകം മുഴുവന്‍ അംഗീകരിച്ച ഈ ശൈലിപ്രകാരം ഏറ്റവും കുറഞ്ഞത് 250 ഗ്രാം പച്ചക്കറിയെങ്കിലും നാം ദിവസവും കഴിക്കണം. അതുപ്രകാരം നമ്മുടെ പ്ലേറ്റ് ഇപ്രകാരം ഡിസൈന്‍ ചെയ്യാം.
പച്ചക്കറികൊണ്ടുള്ള രണ്ട് കറികള്‍ അതായത് ഇലക്കറിയോ, അവിയലോ എന്തെങ്കിലും, പിന്നെ കുറച്ച് സാലഡ്, ഇത്രയും വരുമ്പോള്‍ ഒരു പ്ലേറ്റിന്റെ പകുതിഭാഗം നിറയും. ബാക്കി പകുതിയില്‍ കാല്‍ഭാഗം ചോറെടുക്കാം. ബാക്കി കാല്‍ഭാഗം പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം എന്തെങ്കിലും എടുക്കാം. നോണ്‍ വെജ് കഴിക്കുന്നയാളാണെങ്കില്‍ മീന്‍ കറി, ചിക്കന്‍ കറി, മുട്ടക്കറി അങ്ങനെയെന്തെങ്കിലും തിരഞ്ഞെടുക്കാം. ഇതു കൂടാതെ ഒരു കപ്പ് മോരിന്‍വെള്ളവും എടുക്കാം. തൈരിനെക്കാളേറെ ആരോഗ്യത്തിന് മികച്ചത് മോരാണെന്നു മാത്രമല്ല, തൈര് അരക്കപ്പ് കുടിക്കാവുന്ന സ്ഥാനത്ത് മോര് ഒരു കപ്പ് ധൈര്യമായി കുടിക്കാം. ചോറിന്റെ അളവു കുറയുന്നതിനാല്‍ വിശപ്പു തോന്നുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ഒരു കപ്പ് മോരു കുടിക്കുന്നത് വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. ഹെല്‍ത്തി പ്ലേറ്റ് ശൈലി സന്തുലിതമായ ഒരു ഭക്ഷണരീതിയാണ്. ഇതിലൂടെ അമിതഭാരം കുറയ്ക്കാം, പ്രമേഹം പ്രതിരോധിക്കാം തുടങ്ങി ഒട്ടേറേ ഗുണങ്ങളുണ്ട്.
പുട്ടും പയറും പപ്പടവും
രുചിപരമായി നോക്കിയാല്‍ മികച്ച ഒരു തിരഞ്ഞെടുപ്പാണ് പുട്ടും പയറും പപ്പടവും. എന്നാല്‍, ആരോഗ്യപരമായി നോക്കിയാല്‍ പപ്പടത്തില്‍ ഉപ്പിന്റെ അംശം വളരെക്കൂടുതലായതിനാല്‍ ഇവ മൂന്നും കൂടി കഴിക്കുന്നത് വല്ലപ്പോഴും മാത്രം മതി. പയര്‍ അല്ലെങ്കില്‍ കടലക്കറിയാണ് പുട്ടിന് ആരോഗ്യപൂര്‍ണ്ണമായ കോമ്പിനേഷന്‍. പുട്ടിലെ അന്നജവും കടലയിലെ പ്രോട്ടീനും ചേരുമ്പോള്‍ പോഷകസമൃദ്ധമാകും. മണിക്കൂറുകളോളം ഊര്‍ജ്ജം നല്കുന്ന ഭക്ഷണമാണ് പുട്ടും കടലയും. ഓര്‍ക്കുക, പുട്ടിനൊപ്പം കടലയല്ല, കടലയ്ക്കൊപ്പം പുട്ടാണ് ശരിയായ രീതി. കാല്‍ഭാഗം പുട്ടും അതിന്റെ ഒരു ഇരട്ടി കടലയും ശീലമാക്കുക. കടലയില്‍ കാര്‍ബോഹൈഡ്രേറ്റ്സ് സമൃദ്ധമായി ഉണ്ട്. 150 മില്ലി വെള്ളം കൊള്ളുന്ന ഒരു കപ്പ് നിറയെ കടലയോ പയറോ ആണ് ആരോഗ്യകരമായ രീതി.
കടുകു താളിക്കാം, പക്ഷേ..
കൊതിയൂറുന്ന മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിയിട്ട് ഒരു ഫൈനല്‍ ടച്ചിന് കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് താളിച്ചാല്‍ പുളിശ്ശേരി ഒന്നുകൂടി സുന്ദരിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കടുക് താളിക്കുന്നത് കുഴപ്പമില്ല. അതിനുപയോഗിക്കുന്ന എണ്ണയുടെ അളവാണ് പ്രശ്നം. കറിക്ക് രുചിയും ഭംഗിയും കൂട്ടുക എന്നതാണ് കടുക് താളിക്കലിന്റെ ലക്ഷ്യം. കടുകില്‍ ഒമേഗാ 3 ഫാറ്റി ആസിഡുള്ളതിനാല് ആരോഗ്യദായകമാണ്. കടുക് താളിച്ചു കഴിയുമ്പോള്‍ കറികളില്‍ വലിയൊരു എണ്ണപ്പാളി തന്നെ ഉണ്ടാകുന്നതായി കാണാറുണ്ട്. ഈ പ്രവണത നല്ലതല്ല. കടുക് പൊട്ടാനായി മാത്രം അത്യാവശ്യത്തിന് എണ്ണയെടുക്കുക.
ചോറും കപ്പയും മീനും
മലയാളിക്കു വേണമെങ്കില്‍ പേറ്റന്റെടുക്കാവുന്ന ഒരു ഭക്ഷണ ജോഡിയാണ് കപ്പയും മീനും. അത്രത്തോളം ഹൃദയബന്ധമുണ്ട് നമുക്കിതിനോട്. എന്നാല്‍, ഇതെത്രത്തോളം ആരോഗ്യപ്രദമാണെന്നു ചിന്തിച്ചിട്ടുണ്ടോ. ഒരാളിന്റെ ഭക്ഷണക്രമം രൂപപ്പെടുന്നത് അയാളുടെ പ്രായം, ആരോഗ്യം, ചെയ്യുന്ന തൊഴില്‍ ഇതെല്ലാം അടിസ്ഥാനമാക്കിയാണ്. ലഘുവായ അദ്ധ്വാനം മാത്രം ചെയ്യുന്നവര്‍ക്ക്- ഉദാഹരണത്തിന് ഐ.ടി. മേഖലകളിലെപ്പോലെ കസേരയിലിരുന്ന് പണിയെടുക്കുന്നവര്‍ക്ക്- പറമ്പില്‍ പണിയെടുക്കുന്നവരെപ്പോലെ ആഹാരം കഴിക്കേണ്ട ആവശ്യം വരുന്നില്ല. കപ്പയും ചോറും മീനും കഠിനമായി അദ്ധ്വാനിക്കുന്നവര്‍ക്ക് പോഷകസമൃദ്ധമായ ആഹാരരീതി ആണെങ്കിലും ലഘുവായി പണിയെടുക്കുന്നവര്‍ക്ക് ഇത് നല്ലതല്ല. വെറുതെയിരിക്കുന്നവര്‍ ചോറും കപ്പയും മീനും വലിയ തോതില്‍ കഴിച്ചാല്‍ ആവശ്യത്തിലധികം കാര്ബോഹൈഡ്രൈറ്റ്സ് ശരീരത്തിലെത്തുന്നു. വ്യായാമമില്ലാത്ത ശരീരത്തിലാണെങ്കിലോ ഇത് അമിതമായി കൊഴുപ്പടിയാനും ക്രമേണ പൊണ്ണത്തടിക്കും വഴി തെളിച്ചേക്കാം. അതായത്, ചെയ്യുന്ന ജോലിയും കഴിക്കുന്ന ആഹാരവും തമ്മില്‍ ബന്ധം വേണമെന്നു സാരം.
അന്നജം സമൃദ്ധമായ കപ്പ, ചേന, കാച്ചില്, മധുരക്കിഴങ്ങ് മുതലായ കിഴങ്ങുവര്ദ്ദങ്ങള് ചോറിനൊപ്പം കഴിക്കുമ്പോള്‍ അന്നജത്തിന്റെ അളവ് ഇരട്ടിയാകും. അതിനാല്‍ ഈ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പുഴുക്കായി കഴിക്കുകയാണെങ്കില്‍ ചോറൊഴിവാക്കി അതു മാത്രം കഴിക്കുക അല്ലെങ്കില്‍ പുഴുക്കും ഒപ്പം പച്ചക്കറികളും കഴിക്കുക. ചോറും കപ്പയും മീനും എന്ന കോമ്പിനേഷന്‍ ഒഴിവാക്കി കപ്പയും മീനും മാത്രമാക്കുക. ചോറു കൂടിയേ തീരൂ എങ്കില്‍ വളരെ കുറഞ്ഞ അളവിലേ കഴിക്കാവൂ. ഒരു കപ്പ് ചോറും മൂന്ന് ടേബിള്‍ സ്പൂണ്‍ കപ്പയും ഒരേ കാലറിയാണ് നല്‍കുന്നത്. കപ്പ വലിയ തവിയിലാണ് കോരുന്നത് എന്നതുകൊണ്ട് ആരും ഈ അളവു പാലിക്കാറില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.
വെള്ളച്ചോറ് പതിവാക്കല്ലേ
നമ്മുടെ ഊണുമേശയില്‍ നിന്ന് കുത്തരി അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. പുഴുങ്ങലരി അഥവാ നല്ല തൂവെള്ള അരിയാണ് മിക്കവര്‍ക്കും പഥ്യം. തവിടുള്ള അരിയില്‍ നിന്ന് 13 ശതമാനത്തോളം ബി കോംപ്ലക്സ് ശരീരത്തിനു ലഭിക്കുമ്പോള്‍ പോളിഷ് ചെയ്ത അരിയില്‍ ഇതൊന്നുമില്ലയെന്നോര്ക്കുക. പുഴുങ്ങലരിയേക്കാള് തവിടുള്ള അരി ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. തവിട് കൂടുന്തോറും ദഹനസമയവും നീളുന്നു. അതേസമയം പച്ചരി പെട്ടെന്ന് ദഹിക്കും. വെളുത്ത അരി കുത്തരിയെ അപേക്ഷിച്ച് പോഷകമൂല്യം കുറഞ്ഞതാണ്. തവിട് പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതിനാല്‍ പല പോഷകങ്ങളും വെളുത്ത അരിയില്‍ ഇല്ല. നെല്ലിന്റെ പുറന്തോട് കളഞ്ഞാല്‍ അതിലടങ്ങിയിരിക്കുന്ന തവിടാണ് അരിക്ക് ഇളം തവിട്ട് നിറം നല്‍കുന്നത്. ഇതില്‍ ധാരാളം നാരുകളും മഗ്നീഷ്യം, ഫോസ്ഫറസ്, ബി കോംപ്ലക്സ് വിറ്റാമിനുകള്‍, മാംഗനീസ് തുടങ്ങിവയും അടങ്ങിയിരിക്കുന്നു. ബ്രൗണ്‍ അരിയുടെ പുറന്തോട്, തവിട്, മുള എന്നിവ നീക്കം ചെയ്താണ് വെള്ള അരിയാക്കുന്നത്. ഈ പ്രക്രിയയിലൂടെ അരി ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്നു.
ഗോതമ്പ് പൊറോട്ടയല്ലേ
ഹോട്ടലുകളില്‍ ഗോതമ്പ് പൊറോട്ടയ്ക്ക് പ്രിയമേറുകയാണ്. ഗോതമ്പല്ലേ, കുഴപ്പമില്ലല്ലോ എന്നാശ്വസിക്കാന്‍ വരട്ടെ. ഗോതമ്പു കൊണ്ടായാലും മൈദ കൊണ്ടായാലും പൊറോട്ട ഹെല്‍ത്തിയായ ഒരു വിഭവമേ അല്ല. മാവ് മാറുന്നുവെന്നല്ലാതെ എണ്ണയുടെ അളവ് മാറുന്നില്ല. ഉയര്‍ന്ന അളവില്‍ എണ്ണ ചേര്‍ത്താണ് പൊറോട്ട തയ്യാറാക്കുന്നത്. മൂന്നു ചപ്പാത്തി കഴിക്കുന്നതിനു തുല്യമായ കാലറിയാണ് ഒരു പൊറോട്ട കഴിക്കുന്നതിലൂടെ ശരീരത്തിനു ലഭിക്കുന്നത്. നാരുകള്‍ തീരെയില്ലാത്ത മൈദ ഉപയോഗിച്ചുണ്ടാക്കുന്നതിനാലാണ് പൊറോട്ടയെ വില്ലനായി കാണുന്നത്. മാത്രമല്ല പൊറോട്ടയുടെ ഒപ്പം ബീഫും ചേരുമ്പോള്‍ കൊഴുപ്പിന്റെ ഗ്രാഫും ഉയരുന്നു. ബീഫില്‍ മായം ചേര്‍ത്താല്‍ അത്ര പെട്ടെന്ന് രുചി വ്യത്യാസം മനസ്സിലാകില്ല. സോസ് പോലുള്ളവ ചേര്‍ത്ത് തലേദിവസത്തെ ബീഫ് മുന്നിലെത്തുമ്പോള്‍ ഫ്രഷ് ആയി തന്നെ തോന്നാം. അതിനാല്‍, അടുത്ത തവണ പൊറോട്ടയും ബീഫും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക, ഇത് രുചിക്ക് മാത്രമാണ് ആരോഗ്യത്തിനു വേണ്ടിയല്ല, ശീലമാക്കരുത്.
മീന്‍ വറുത്തതു വേണ്ട കറി മതി
തിരുവോണസദ്യയായാലും ശരി ഒരു കഷണം വറുത്ത മീന്‍ ഒളിപ്പിച്ചു വച്ചെങ്കിലും കഴിച്ചേ പറ്റൂ ചിലര്‍ക്ക്. വറുത്ത മീന്‍ അത്രമാത്രം നമ്മുടെ ഭക്ഷണമേശയില്‍ ഇടംപിടിച്ചിരിക്കുന്നു. മീന്‍, കറി വച്ചു കഴിക്കുമ്പോഴാണ് അതിനകത്തുള്ള ഒമേഗാ 3 ഫാറ്റി ആസിഡ് ശരീരത്തിനു ലഭിക്കുക. മീന്‍, എണ്ണയില്‍ വറുത്തു കഴിക്കുമ്പോള്‍ ഇത് ശരീരത്തിന് ലഭിക്കുന്നില്ല. മീന്‍ വറുത്തുമാത്രമേ കഴിക്കൂ എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ഒരു വഴിയുണ്ട്. വാഴയിലയില്‍ പൊള്ളിച്ചു കഴിച്ചു ശീലിക്കൂ.
തൊട്ടുകൂട്ടാനില്ലാതെ ഊണില്ല
ഊണിനൊപ്പം അച്ചാറില്ലെങ്കില്‍ എന്തോ ഒരു കുറവു തന്നെ. അച്ചാറിലെ ഉയര്‍ന്ന ഉപ്പ് ആണ് അതിന്റെ രുചിക്കൂട്ട്. കടയില്‍ നിന്നു വാങ്ങുന്ന അച്ചാറില്‍ ഉപ്പും എണ്ണയും എരിവും ഉയര്‍ന്ന തോതിലാകുമെന്നു മാത്രമല്ല പ്രിസര്‍വേറ്റീവ്സും ചേര്‍ന്നിട്ടുണ്ടാകും. ഉയര്‍ന്ന അളവിലുള്ള ഉപ്പും അച്ചാറിനെ ദീര്‍ഘകാലം കേടു കൂടാതെ സംരക്ഷിക്കും. പൂപ്പല്‍ബാധ അകറ്റാന്‍ അച്ചാറിലെ എണ്ണപ്പാളി സഹായിക്കും. അതിനാല്‍, കഴിയുന്നതും കടയില്‍ നിന്ന് വാങ്ങാതെ വീട്ടില്‍ തന്നെ അച്ചാര്‍ തയ്യാറാക്കുക. ഉപ്പ് വളരെ കുറച്ചു മാത്രം ചേര്‍ത്ത് ദീര്‍ഘകാലം വച്ച് ഉപയോഗിക്കാതെ 3-4 ദിവസം കൊണ്ട് ഉപയോഗിച്ച് തീര്‍ക്കുക.