ഇടയ്ക്കുള്ള തലകറക്കം ഹൃദ്രോഗത്തിന്റെയും ലക്ഷണമാവാം

By online desk.16 10 2019

imran-azhar

 

പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും തലകറക്കങ്ങളായി അനുഭവപ്പെടുന്നത്. മുപ്പത് ശതമാനം പേര്ക്ക് ഒരു തവണയെങ്കിലും തലകറക്കം അനുഭവപ്പെട്ടിട്ടുണ്ടാവും. ഇതിന്റെ തീവ്രത പ്രായംചെന്നവരില്‍ കൂടുതലാണെന്നുമാത്രം. തിരക്കിട്ട ജീവിതശൈലിയും അമിതമായ അന്തരീക്ഷ ശബ്ദമലിനീകരണങ്ങളും ശരിയല്ലാത്ത ഭക്ഷണശൈലിയും അമിതമായ വാഹന ഉപയാഗങ്ങളും കാരണമാവുന്നുണ്ട്. കണ്ണില്‍ ഇരുട്ട് കയറി സ്വയം കറങ്ങലിനൊപ്പം ചുറ്റുപാടും കറങ്ങുന്നതു പോലെയുള്ള തോന്നല്‍. നേരെ നില്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുക ഇത്തരം ലക്ഷണങ്ങളോടെ വരുന്ന ശാരീരികാവസ്ഥയെ തലകറക്കം എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്.

 

ഹൃദ്രോഗത്തിന്റെയും ലക്ഷണം ഹൃദയസംബന്ധമായ പല അസുഖങ്ങളുടെയും ഒരു ലക്ഷണം തലകറക്കമാവാം. ഹൃദയമിടിപ്പ് കൂടിയാലും കുറഞ്ഞാലും രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും തലകറക്കം അനുഭവപ്പെട്ടേക്കാം. ശരീരത്തിലെ പലവിധത്തിലുള്ള ഗ്രന്ഥികള്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും തലകറക്കമായി അനുഭവപ്പെടാവുന്നതാണ്. കണ്ണിലേക്കുള്ള രക്തയോട്ടം കുറഞ്ഞാലും കൂടിയാലും അതല്ലെങ്കില്‍ രക്തക്കുഴല്‍ അടഞ്ഞാലും അതുമല്ലെങ്കില്‍ കണ്ണിന്റെ നാഡിവ്യൂഹത്തിലുള്ള തകരാറുകൊണ്ടും തലകറക്കം അനുഭവപ്പെടാം. തന്നെയുമല്ല പലവിധത്തിലുള്ള ജനിറ്റിക് ഡിസോഡര്‍ കൊണ്ടുള്ള അസുഖങ്ങളും ഇതിന് കാരണമാവുന്നു. വൃക്കസംബന്ധമായ ഒരുപാട് അസുഖങ്ങളുടെ ഒരു ലക്ഷണവും തലകറക്കമാണ്.

 

ഇതിന്റെയെല്ലാം പുറമേ മാനസികസമ്മര്‍ദങ്ങളും ഉത്കണ്ഠാജന്യമായ മാനസിക പ്രശ്‌നങ്ങളും തലകറക്കത്തിന് കാരണമാവുന്നുണ്ട്. അമിതമായ ചുമയും ഛര്‍ദ്ദിയും തലകറക്കമുണ്ടാക്കുന്നത് സര്വസാധാരണമാണ്. പ്രായമായവരില്‍ മൂത്രസഞ്ചി അമിതമായി നിറഞ്ഞിരുന്ന സമയത്ത് മൂത്രമൊഴിച്ച് കഴിയുമ്പോള്‍ ചിലപ്പോള്‍ തലകറക്കം അനുഭവപ്പെടാം. ഇവര്‍ എപ്പോഴും ഇരുന്നുതന്നെ മൂത്രവിസര്‍ജനം നടത്തുന്നതാണ് നല്ലത്. പരിഹരിക്കപ്പെടാത്ത പ്രായാധിക്യം കൊണ്ടുള്ള കാഴ്ചക്കുറവും തലകറക്കത്തിന്റെ കാരണങ്ങളില്‍പ്പെടുന്നു.

 

സാധാരണയായി കുട്ടികളിലും മുതിര്‍ന്നവരിലും മറ്റ് അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവരിലും തലകറക്കം ഉണ്ടാകാറുണ്ട്. കിടക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ താത്കാലികമായി അല്പം രക്തസമ്മര്‍ദം കുറയുകയും തലകറക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇവര്‍ എഴുന്നേല്‍ക്കുന്നത് വളരെ സാവധാനത്തിലാക്കുന്നതും നടക്കുന്നതിനു മുമ്പ് കുറച്ചുനേരം ഇരിക്കുന്നതും നല്ലതാണ്. ഈ വിധത്തിലുള്ള എല്ലാ തലകറക്കങ്ങള്‍ക്കും പൊതുവേ രോഗികള്‍തന്നെ പറയുന്ന പേരാണ് ചെവിയുടെ ബാലന്‍സ് തെറ്റുക. തലവേദനയുടെ സ്വഭാവത്തിലും തീവ്രതയിലും മാറ്റം വരിക, അതിനോടനുബന്ധിച്ച് തലകറക്കം അനുഭവപ്പെടുക, തലകറക്കത്തിന്റെ കൂടെബോധക്കേടുണ്ടാവുക, സംസാരശേഷി കുറയുക, കാലുകള്‍ക്ക് തരിപ്പോ, ബലക്കുറവോ ഉണ്ടാവുകയോ, കേള്‍വി, കാഴ്ച ശക്തികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക, നടക്കുമ്പോള്‍ ഒരു ഭാഗത്തേക്ക് തെന്നിവീഴുന്നതായി തോന്നുക, അതിനോടനുബന്ധിച്ച് പനി വരിക എന്നിവ ഉണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.

 

OTHER SECTIONS