ഹൃദയാരോഗ്യം കോവിഡ് കാലത്ത്; ഇതെല്ലാം അറിഞ്ഞിരിക്കണം

By RK.28 09 2021

imran-azhar

 


ഡോ. രാജലക്ഷ്മി എസ്.
കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 

 

സെപ്റ്റംബര്‍ 29; മറ്റൊരു ലോക ഹൃദയദിനം കൂടി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത, നമ്മുടെ ചിന്തകളില്‍ പോലും കടന്ന് വന്നിട്ടില്ലാത്ത ഒരു സമയത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കോവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൃദയസംരക്ഷണത്തിനായി എന്തെല്ലാം ശ്രദ്ധിക്കണം?

 

നമുക്കേവര്‍ക്കുമറിയാം, ഹൃദ്രോഗം നമ്പര്‍ 1 കൊലയാളിയാണെന്നും അതില്‍ 80 ശതമാനത്തിലേറെ തടയാനാവുന്നതാണെന്നും. ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുകയും പുകവലി ഉപേക്ഷിക്കുകയും ജീവിതശൈലിയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയുെ ചെയ്യുന്നത് നല്ലൊരു പരിധി വരെ ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവയാണ്.

 

ഈ കാലഘട്ടത്തില്‍ ധാരാളം പേര്‍ വീട്ടില്‍ നിന്ന് ജോലിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരവരുടെ ദൈനംദിന ചിട്ടകള്‍ മാറി-അമിതമായ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ്, കൃത്യമായ പരിശോധനകള്‍ ഇല്ലാത്തത് മൂലം മരുന്നുകള്‍ കഴിക്കുന്നത് പോലും മുടങ്ങിപ്പോകുന്നതായും കാണുന്നുണ്ട്.

 

ആഗോള മഹാമാരിയായ കോവിഡിന്റെ ഈ കാലഘട്ടത്തില്‍ ഹൃദ്രോഗികള്‍ക്ക് പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

 

* കോവിഡ് ഹൃദ്രോഗമുള്ളവരെ ബാധിച്ചാല്‍ രോഗത്തിന്റെ കാഠിന്യം സങ്കീര്‍ണമാകാനുള്ള സാധ്യത കൂടുതലാണ്.

* കോവിഡ് ഭീതി മൂലം ഹൃദ്രോഗികള്‍ അവരുടെ തുടര്‍ചികിത്സയ്ക്ക് ഡോക്ടറെ കാണുവാനും വൈദ്യസഹായത്തിനായി ആശുപത്രി സന്ദര്‍ശനത്തിനും മടിക്കുന്നു.

 

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചും കൃത്യമായ വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക. ചികിത്സയിലുള്ളവര്‍ കൃത്യമായി മരുന്നുകള്‍ തുടരുക. എന്നിരുന്നാലും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ പരിശോധനയും ചികിത്സയും സമയാസമയത്ത് തന്നെ ചെയ്യേണ്ടതാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മടിക്കാതെ വൈദ്യസഹായം ആവശ്യപ്പെട്ടാല്‍ ഒരു തടസ്സവുമില്ലാതെ നിങ്ങള്‍ക്ക് അത് ലഭിക്കും.

 

ഹൃദ്രോഗത്തിന്റെ ബോധവല്‍ക്കരണം, പ്രതിരോധം, ചികിത്സ എന്നിവയ്ക്ക് ഡിജിറ്റല്‍ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തൂ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയ സംഘടനയുടെ ആഹ്വാനം.

 

ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ഡോക്ടര്‍മാരെ ടെലികണ്‍സള്‍ട്ടേഷന്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ മുഖാന്തിരം കണ്‍സള്‍ട്ട് ചെയ്യുന്നതും റിപ്പോര്‍ട്ടുകള്‍ വാട്സ്ആപ്പ് സന്ദേശം വഴി അറിയിക്കുന്നതും ഈ കോവിഡ് കാലത്ത് സാധാരണമായിരിക്കുന്നു. ലബോറട്ടറി സേവനം വീട്ടില്‍ പോയി നടത്തുന്നതും റിപ്പോര്‍ട്ടുകള്‍ മെയില്‍ ചെയ്തു കൊടുക്കുന്നതും കൂടുതല്‍ സൗകര്യമായിട്ടുണ്ട്.

 

സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ ഇവര്‍ ചേര്‍ന്ന് വാട്സ്ആപ്പ് കൂട്ടായ്മകളില്‍ കൂടി വ്യായാമ മുറകള്‍ ചെയ്യുന്ന ശീലവും ഇപ്പോള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

 

ഇതുപോലെ ചികിത്സ രംഗത്ത് ഡിജിറ്റല്‍ മാധ്യമങ്ങളെ ബൃഹത്തായ രീതിയില്‍ പ്രയോജനപ്പെടുത്തി ഈ വര്‍ഷത്തെ ലോക ഹൃദയ സംഘടനയുടെ ആഹ്വാനം നമുക്ക് അന്വര്‍ത്ഥമാക്കാം.

 

 

 

 

 

OTHER SECTIONS