ഹൃദയം സ്മാര്‍ട്ടാക്കാം ഭക്ഷണത്തിലൂടെ

By online desk.29 11 2019

imran-azhar

 

ദൈനംദിന ഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന നിരവധി വസ്തുക്കളുണ്ട്. എന്നാല്‍ ഇതൊരു ചിട്ടയായി മാറ്റുന്നത് പലര്‍ക്കും പ്രയാസമുള്ള കാര്യവുമാണ്. എങ്കിലും ദിവസവും കഴിക്കുന്ന ആഹാരത്തില്‍ 30 ശതമാനത്തിലധികം ഊര്‍ജം കൊഴുപ്പില്‍ നിന്നു ലഭിക്കുന്നത് ഹൃദ്രോഗത്തിനും കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതിനും ഇടയാക്കും. ഇത് ധമനികളില്‍ പ്‌ളാക്ക് കൂട്ടുകയും രക്തചംക്രമണം തകരാറിലാക്കുകയും ചെയ്യും. അതിനാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ കൊഴുപ്പിന്റെ ഉപയോഗം ദിവസം 20 ഗ്രാമില്‍ താഴെയായി ചുരുക്കേണ്ടതാണ്.


മാംസാഹാരത്തിലും പാല്‍ ഉത്പന്നങ്ങളിലും കൊളസ്‌ട്രോള്‍ ധാരാളമുണ്ട്. പൂരിത കൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങളും ഹൃദ്രോഗത്തിലേക്ക് നയിക്കും. വെണ്ണയും നെയ്യും കുറയ്ക്കുന്നതിനൊപ്പം വറുത്ത പലഹാരങ്ങള്‍, വനസ്പതി, കട്ടന്‍ചായ, കാപ്പി, കോളകള്‍, മധുരപലഹാരങ്ങള്‍ എന്നിവയുടെ അളവും നിയന്ത്രിക്കേണ്ടതുണ്ട്.


പകരം വെളുത്തുള്ളി, നാരുകളടങ്ങിയ പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ദിവസേന 50 ഗ്രാം എങ്കിലും നാരുകളടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധവയ്ക്കണം. തവിടുകളയാത്ത ധാന്യങ്ങള്‍, ഓട്ട്‌സ്, ബീന്‍സ് എന്നിവയും നല്ലതാണ്.കാപ്പിയിലും ചായയിലുമുള്ള കഫീന്‍ ഹൃദയാരോഗ്യത്തിന് ദോഷകരമാണ്. ഒരു കപ്പ് ഇന്‍സ്റ്റന്റ് കാപ്പിയില്‍ 70 മില്ലിഗ്രാം, ചായയില്‍ 50 മില്ലിഗ്രാം, കോളയില്‍ 30-60 മില്ലിഗ്രാം എന്നിങ്ങനെയാണ് കഫീന്റെ അളവ്. അതിനാല്‍ ചായയും കാപ്പിയും ദിവസവും രണ്ടു കപ്പില്‍ കൂടുതല്‍ വേണ്ട.
വിസ്‌കി, ബ്രാന്‍ഡി, റം, ബിയര്‍ വൈന്‍ എന്നിവയിലടങ്ങിയിരിക്കുന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ രക്തസമ്മര്‍ദം ഉയര്‍ത്തുകയും അമിതോപയോഗം ഹൃദയപേശികളെ തളര്‍ത്തുകയും ചെയ്യുന്നു.


മദ്യത്തില്‍ വെറും ഊര്‍ജം മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ശരീരത്തിലെത്തിയാല്‍ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഭാരം കൂട്ടുകയും ചെയ്യും. രക്തത്തിലെ ട്രൈഗ്‌ളിസറൈഡിന്റെ അളവ് വര്‍ധിക്കാനും ഇതു കാരണമാകുന്നു.
കൂടുതല്‍ അളവില്‍ ഉപ്പുചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് നന്നല്ല. ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവ് കൂട്ടുകയും നീരിനും അമിതവണ്ണത്തിനും ഇടയാക്കുകയും ചെയ്യും. നമ്മുടെ ഞരമ്പുകളെയും മസിലുകളെയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നിശ്ചിത അളവില്‍ സോഡിയം ആവശ്യമാണ്. രക്തത്തിന്റെ അളവും സമ്മര്‍ദവും നിയന്ത്രിക്കുന്നതിനും സോഡിയം ആവശ്യമാണ്. പക്ഷേ, അമിതമാകരുത്. ഒരുദിവസത്തെ ഉപ്പിന്റെ ഉപയോഗം അഞ്ചുഗ്രാമില്‍ കൂടരുത്.മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ ചെറുക്കുന്നതിനാല്‍ ആഴ്ചയില്‍ രണ്ടുദിവസം 200 ഗ്രാംവരെ മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കപ്പലണ്ടി, ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ (എച്ച്.ഡി.എല്.) അളവ് വര്‍ധിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമായ കൊഴുപ്പ് നിലനിര്‍ത്തുന്നതിനും സഹായിക്കും.

 

OTHER SECTIONS