ഹൃദയത്തിന്റെ പമ്പിങ് ശക്തി 13 ശതമാനത്തില്‍ കുറവുണ്ടായിരുന്ന രോഗിക്ക് ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം

By Raji.17 Feb, 2018

imran-azhar

കൊച്ചി: ഹൃദയത്തിന്റെ പമ്പിങ് ശക്തി 13 ശതമാനത്തില്‍ കുറവുണ്ടായിരുന്ന 46 കാരനായ രോഗിയെ ആപൂര്‍വ ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലെ നാല് ബ്ലോക്കുകള്‍ നീക്കം ചെയ്ത് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപെടുത്തി. വിപിഎസ് ലേക്ഷോറിലെ ചീഫ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മൂസാ കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാത്തത് മൂലം കടുത്ത ശ്വാസംമുട്ടലുമായി ഗുരുതരമായ അവസ്ഥയിലായിരുന്നു തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശി മുരളി എ.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴത്തെ അവസ്ഥയില്‍ രക്ഷപെടാനുള്ള സാധ്യത വിരളമായിരുന്നു. നിരവധി സൈലന്റ് അറ്റാക്കുകളെ തുടര്‍ന്നാകാം ഈ അവസ്ഥ ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം വളരെ വേഗം സുഖം പ്രാപിക്കുന്ന രോഗിക്ക് ഉടനെ ആശുപത്രി വിടാനാകും.

'രോഗിയെ രക്ഷിക്കാന്‍ വളരെ സങ്കീര്‍ണമായ ബൈപാസ് ശസ്ത്രക്രിയ മാത്രമായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി. ലോകത്ത് മറ്റെവിടെ ആയിരുന്നാലും ഇത്തരമൊരു സാഹചര്യത്തില്‍ ഹൃദയം മാറ്റി വയ്ക്കാനോ കൃത്രിമ ഹൃദയം ഘടിപ്പിക്കാനോ ആയിരിക്കും ഡോക്ടര്‍മാര്‍ ശ്രമിച്ചിരിക്കുക. ശസ്ത്രക്രിയയ്ക്കുശേഷം രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി 20-25 ശതമാനം വരെ വര്‍ദ്ധിച്ചു,' ഡോ. മൂസാ കുഞ്ഞി പറഞ്ഞു. അദ്ദേഹം സ്വന്തമായി രൂപപ്പെടുത്തിയ നൂതനമായ ഹൈപ്പോടെന്‍സിവ്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ വളരെ ലളിതമായ സാങ്കേതികവിദ്യയാണ് ഇതെന്നും ഡോ. മൂസ കുഞ്ഞി അദ്ദേഹം പറഞ്ഞു.

കീഹോള്‍ ശസ്ത്രക്രിയയിലൂടെ 13 ശതമാനത്തില്‍ താഴെമാത്രം ശക്തിയില്‍ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നത് ഇതാദ്യമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തില്‍ ഒന്നില്‍ കൂടുതല്‍ ബ്ലോക്കുകളുള്ള രോഗികള്‍ക്കള്‍ക്കും ഹൃദയത്തിന്റെ പമ്പിങ് ശക്തി കുറഞ്ഞവര്‍ക്കും ഈ ചികിത്സാ രീതി ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയ പേശികളുടെ തകരാറുകാരണവും ഹൃദയ ധമനികളിലെ തടസ്സം കാരണവും ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇതൊരു പൂത്തന്‍ പ്രതീക്ഷയാണെന്നും ഡോ. മൂസ കുഞ്ഞി കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS