കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്

By online desk.09 11 2019

imran-azhar

ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരള്‍. പിത്തനീര് ഉത്പാദിപ്പിക്കുക, അന്നജം, കൊഴുപ്പ്, ഗ്‌ളൂക്കോസ് എന്നിവയെ ഊര്‍ജമാക്കി മാറ്റുക, മദ്യവും മറ്റ് വിഷാംശങ്ങളും നീക്കം ചെയ്യുക മുതലായവയാണ് കരളിന്റെ പ്രവര്‍ത്തനങ്ങള്‍.
കരളിന് നീര്‍വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. വൈറസ്, ബാക്ടീരിയ, ചില മരുന്നുകള്‍, മദ്യം, ഇവയെല്ലാം ഇതിനു കാരണമാണ്. ഇവ കൂടാതെ ഓട്ടോ ഇമ്യൂണ്‍ ഡിസീസ്, മെറ്റബോളിക് ഡിസീസസ്, ജന്മനാ പിത്തനാളി ചുരുങ്ങുക, ശരീരത്തില്‍ ചെമ്പ് കൂടുതലുള്ള വില്‍സണ്‍ ഡിസീസ് മുതലായവ എല്ലാം ഹെപ്പറ്റൈറ്റിസ് രോഗത്തിന് കാരണമാണ്. ചെറിയ പനി, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, കരള്‍വീക്കം എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.
വൈറസ് ബാധമൂലം കരളിന് നീര്‍വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. അഞ്ച് വ്യത്യസ്ത വൈറസുകള്‍ കരളിനെ ബാധിച്ച് ഭിന്നമായ ലക്ഷണങ്ങളോടു കൂടിയ അഞ്ച് അസുഖങ്ങള്‍ ഉണ്ടാകാം.
ഇംഗ്‌ളീഷ് അക്ഷരങ്ങളില്‍ അറിയപ്പെടുന്ന ഈ ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ 1. ഹെപ്പറ്റൈറ്റിസ്-എ, 2. ഹൈപ്പറ്റൈറ്റിസ്-ബി, 3. ഹൈപ്പറ്റൈറ്റിസ് -സി, 4. ഹൈപ്പറ്റൈറ്റിസ് -ഡി,5. ഹൈപ്പറ്റൈറ്റിസ് -ഇ എന്നിവയാണ്.


ഹെപ്പറ്റൈറ്റിസ് എ,ഇ; രോഗലക്ഷണങ്ങള്‍

രോഗം മിക്കപ്പോഴും പനിയുടെ ലക്ഷണങ്ങളോടു കൂടിയാണ് തുടങ്ങുന്നത്. പനി, വിറയല്‍, സന്ധിവേദന, ഉന്മേഷമില്ലായ്മ, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയര്‍ കമ്പിക്കുക, മൂത്രം മഞ്ഞനിറത്തില്‍ പോകുക, മഞ്ഞപ്പിത്തം, ത്വക്കിനും, കണ്ണിനും മഞ്ഞനിറം, മലം അയഞ്ഞു പോകുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല.

രോഗപ്പകര്‍ച്ച
ഹെപ്പറ്റൈറ്റിസ്-എ, ഇ രോഗം ബാധിച്ച രോഗിയുടെ മലം, വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതുവഴിയാണ് രോഗം പകരുന്നത്. രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരിലും രോഗം പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍, മലം കൈകളില്‍ പറ്റിയശേഷം ശരിയായി ശുചിത്വം പാലിക്കാതെയിരുന്നാല്‍ രോഗം പകരാം.

രോഗം തിരിച്ചറിയുന്നത്
രോഗചരിത്രവും വിശദമായ ദേഹപരിശോധനയും രക്തപരിശോധനയും വഴിയാണ് രോഗം തിരിച്ചറിയുന്നത്.
രക്തത്തിലുള്ള ആന്റി ബോഡി പരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് -എ, ഇ രോഗം കണ്ടുപിടിക്കാം ഈ പരിശോധന കൂടാതെ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലിവര്‍ ബയോപ്‌സി ടെസ്റ്റ് എന്നീ പരിശോധനകളും രോഗനിര്‍ണയത്തിന് ഉപയോഗിക്കും.

ചികിത്സാരീതി
ഹെപ്പറ്റൈറ്റിസ്-എ, ഇ രോഗങ്ങള്‍ 4-8 ആഴ്ചകള്‍ കൊണ്ട് ഭേദമാകുന്നവയാണ്.
ദീര്‍ഘകാല കരള്‍വീക്കം ഉണ്ടാവുകയില്ലാത്തതിനാല്‍ പ്രത്യേകമായ ചികിത്സ ആവശ്യമില്ല. ആരോഗ്യം വീണ്ടെടുക്കുന്നതിന് പരിപൂര്‍ണ വിശ്രമത്തിന്റെയും ആവശ്യമില്ല. മഞ്ഞപ്പിത്തം ഭേദമായാല്‍ ജോലിയില്‍ പ്രവേശിക്കാം.

പ്രതിരോധം
ഹെപ്പറ്റൈറ്റിസ്-ഇ വ്യാപകമായിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വൈറസ് ബാധയില്ലാത്ത ഭക്ഷണവും വെള്ളവും ഉപയോഗിക്കണം. ഹെപ്പറ്റൈറ്റിസ്-ഇ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല.

 

OTHER SECTIONS