വിശപ്പ് കെടുത്തുന്ന ഹോട്ടലിലെ അടുക്കളകൾ!!!

By online desk.15 07 2019

imran-azhar

 

ഹോട്ടല്‍ ഭക്ഷണത്തിന്റെ പിന്നാലെ പോകുന്നവരില്‍ പകുതിപ്പേര്‍ മാത്രമേ വിശപ്പിന് പരിഹാരം തേടിയെത്തുന്നുള്ളൂ. മറ്റുള്ളവര്‍ അത്യന്താധുനിക വിഭവങ്ങളുടെ മണവും രുചിയും തീര്‍ത്ത മാസ്മരിക വലയത്തില്‍ മയങ്ങിയെത്തുന്നവരാണ്. ഒരു നേരമ്പോക്കില്‍ തുടങ്ങുന്ന ഫാസ്റ്റ്ഫുഡ് വളരെ ഫാസ്റ്റായാകും ഇരയെ അടിമയാക്കുന്നത്. പൊതുവില്‍ ഇത്തരം ഭക്ഷണത്തിന് അടിമയാകുന്നവര്‍, ഭക്ഷണത്തിന്റെ രുചി, അളവ്, വില എന്നിവയെക്കുറിച്ചൊക്കെയാണ് വിലയിരുത്തി, അഭിപ്രായം പറയുന്നത്. ഭക്ഷണത്തിന്റെ കാലപ്പഴക്കം, കൈകാര്യം ചെയ്ത രീതി, വ്യത്തിഹീനമായ ഭൗതിക സാഹചര്യങ്ങള്‍ ഇവയൊന്നും ഉപഭോക്താവ് അളവുകോലാക്കുന്നില്ല. രണ്ടു ദിവസം മുന്‍പ് തലസ്ഥാനത്തെ നാല്‍പ്പത്തിയഞ്ചോളം ഹോട്ടലുകളാണ് കൃത്യവിലോപത്തിന് പിടിയിലായത്. ഈ പട്ടികയിലെ പല പേരുകളും രുചിയുടെ പര്യായമായി ഘോഷിക്കപ്പെടുന്നവയാണ്. ഒട്ടുമിക്കവയും ഓണ്‍ലൈന്‍ ഓര്‍ഡറിനു കേള്‍വികേട്ടവയുമാണ്.

 

പഴങ്കഞ്ഞി മുതല്‍ പൂച്ചക്കാഷ്ടം കാപ്പി വരെ വിഭവമാകുന്ന കേരളത്തിലെ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഫുഡ് സേഫ്റ്റി പരിശോധനയില്‍ പ്രതിസ്ഥാനത്തു വരുമ്പോഴും വിഷയത്തിന്റെ ഗൗരവം ആര്‍ക്കും ബോദ്ധ്യം വന്നില്ലെന്നതാണ് വാസ്തവം. പലപ്പോഴും പരാതികള്‍ പരമ്പരയാകുമ്പോള്‍ മാത്രമാകും പരിശോധനയും പിഴ ചുമത്തലും പരസ്യപ്പെടുത്തലും ഉണ്ടാവുക. പലതും പ്രഹസനമാകുന്നതും സത്യം. ഫൈനടിച്ചതുകൊണ്ടു മാത്രം ഫൈനായി കാര്യങ്ങള്‍ നടക്കില്ല എന്ന് ആര്‍ക്കാണറിയാത്തത്?


നമ്മുടെ നാട്ടില്‍ കാപ്പിക്കടയും ഹോട്ടലും നടത്തുന്നത്, അവ നടത്താന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത നാലു ചുമരുകള്‍ക്കുള്ളിലാണ്. പാത്രങ്ങളും പാചകസാധനങ്ങളും കഴുകാനുള്ള സാഹചര്യമോ, മാലിന്യം ഒഴുക്കാനുള്ള സൗകര്യമോ, വൃത്തിയായി ഭക്ഷണം സൂക്ഷിക്കാനുള്ള സാഹചര്യമോ ഇവിടങ്ങളില്‍ ഉണ്ടാകാറില്ല. അപൂര്‍വമായി ഇവയൊക്കെ എവിടെയെങ്കിലും ഉണ്ടായാല്‍ത്തന്നെ പാചകശിരോമണികള്‍ക്കാര്‍ക്കും പാചകത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നതും യാഥാര്‍ത്ഥ്യം. അതിരാവിലെ മുതല്‍ രാവേറെച്ചെല്ലും വരെ അടുക്കളയില്‍ ചെലവഴിക്കുന്നവര്‍ക്ക് ആരോട് അനുതാപം വരാന്‍? ഭക്ഷണത്തിന് എത്ര പേര്‍, എപ്പോള്‍ വരുമെന്ന് യാതൊരു അറിവുമില്ലാതാകുമ്പോള്‍ എല്ലാം ഊഹത്തിന്റെയും ഉദ്ദേശത്തിന്റെയും വഴിയിലാകുന്നു.


ഹോട്ടല്‍ ഭക്ഷണം തേടി വരുന്നവര്‍ക്ക് ചൂട് ഭക്ഷണം പെട്ടെന്നു കിട്ടണം എന്ന ശാഠ്യം പതിവാകുമ്പോള്‍ വേവിച്ചവ ഡീപ്പ് ഫ്രീസ് ചെയ്തുവച്ച് വീണ്ടും വീണ്ടും ചൂടാക്കുക, പഴക്കവും ചളിപ്പിന്റെ അരുചിയും അറിയാതിരിക്കാന്‍ അധിക അളവില്‍ മസാല ചേര്‍ക്കുക, പല തവണ എണ്ണ തിളപ്പിക്കുക എന്നിവയൊക്കെ പതിവാകുന്നു. പാറ്റയും എലിയും പൂച്ചയും നടത്തിയ സാമ്പിള്‍ ടെസ്റ്റിന്റെ പിന്‍ബലത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ നടപടികള്‍, ഒരു നാളെങ്കിലും 'നീറ്റാ'കാന്‍ നാട്ടുകാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും വരണം എന്നതാണ് രസാവഹം.


പച്ചക്കറിയും മീനും ഇറച്ചിയും കഴുകാതെ പാചകം ചെയ്യല്‍ ഹോട്ടലുകളില്‍ പതിവാണ്. പാചക പാത്രങ്ങള്‍ പലതും കഴുകുന്നതും മെഴുക്കു കളയുന്നതും പിന്നാമ്പുറത്തെ പട്ടികളുടെ നാക്കാണ്. മീന്‍, ഇറച്ചി മുതലായവ വൃത്തിയാക്കാന്‍ ചുമതലപ്പെട്ടവര്‍ അവയിലെ കുടലും അതിനുള്ളിലെ അഴുകിയ ഭക്ഷണ അവശിഷ്ടവും വെട്ടിമാറ്റാന്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഈ മത്സ്യ മാംസാദികള്‍ പലതും എവിടെ നിന്നാണ് വന്നതെന്ന് യാതൊരു ഊഹവുമില്ല. സുനാമി ഇറച്ചിയെന്നും ജനതാ ചിക്കനെന്നുമൊക്കെ നാമവിശേഷണവുമായി വരുന്ന ഇവ, മുന്തിയ ഹോട്ടലിലും വിരുന്നിനും വേണ്ടാത്ത വേസ്റ്റാണെന്നതും വാസ്തവം. കൊത്തി നുറുക്കി, സോസിലും സ്‌പൈസസിലും എണ്ണയിലും മുങ്ങി ചിക്കന്‍ ചില്ലിയായും കട്‌ലറ്റായും മുന്നിലെത്തുന്നു.


ഹോട്ടലിലേക്കു വിതരണം ചെയ്യുന്ന എണ്ണ, തേയില, ഇറച്ചി, മീന്‍, പച്ചക്കറി, പലവ്യഞ്ജനം, സോസുകള്‍, മെയണേസുകള്‍ എന്നിവയൊക്കെ പലപ്പോഴും, കാലാവധി കഴിഞ്ഞവയും കാലഹരണപ്പെട്ടവയും കലര്‍പ്പുകള്‍ നടത്തിയവയുമാണ്. വില കുറച്ചാണിവ സപ്ലേ ചെയ്യുന്നത്. പൈപ്പില്‍ വെള്ളമില്ലാതാകുമ്പോള്‍ കക്കൂസില്‍ വെള്ളം വയ്ക്കുന്ന സ്റ്റീല്‍ ടബ്ബിന്റെ 'നൈറ്റ് ഡ്യൂട്ടി' ദോശമാവ് കൊണ്ടുവരലാവും. ഭക്ഷണം നല്‍കുന്നയാള്‍ തന്നെ (അന്യസംസ്ഥാന തൊഴിലാളിയുടെ ആത്മാര്‍ത്ഥതയും അറിവില്ലായ്മയും!) ഗ്ലൗസില്ലാത്ത കൈ കൊണ്ട് ജെന്റ്‌സ് യൂറിനലിന്റെ കമ്മോട് കഴുകുന്നതും നാട്ടില്‍ പതിവാണ്.
പത്തു വര്‍ഷം, ഒരു വെജിറ്റേറിയന്‍ ഹോട്ടലിലെ ചാരം പതിവായി വാങ്ങിയിരുന്ന എനിക്ക് നേരിട്ടു ബോദ്ധ്യം വന്ന ഒരു വരി കൂടി എഴുതാതെ വയ്യ. ബ്രാന്‍ഡിക്കൂപ്പി മുതല്‍ കോണ്ഡം വരെയും, പാന്‍പരാഗ് കവര്‍ മുതല്‍ ബീഡി വരെയുള്ളവ ചാരത്തില്‍ ഉണ്ടാകുമായിരുന്നു. അകത്തളത്തിലെ ആത്മാക്കള്‍ ഒളിവില്‍ കഴിയുന്ന ക്രിമിനലുകളാണോ എന്ന് സംശയിച്ചാലും അതിശയോക്തിയാവില്ല.


ആരും വാങ്ങാത്ത ആവോലി ഫ്രൈ, ആരെങ്കിലും വാങ്ങും വരെ അടച്ചുവയ്ക്കുമ്പോള്‍ അഴുകിത്തുടങ്ങിയാല്‍ ആരെ പഴിക്കും? ഫ്രീസറിന്റെ അടിത്തട്ടില്‍ കുടുങ്ങുന്ന പലതിന്റെയും മുകളിലാകും നിത്യേന പലതും തള്ളുന്നത്. അടിത്തട്ടില്‍ അടിപ്പെട്ടവയ്ക്കു ശാപമോക്ഷം കിട്ടുന്നത് ഫ്രീസറിന്റെ കംപ്രസര്‍ കേടുവരുമ്പോഴാകും! അതും കാശുകൊടുത്ത് വാങ്ങി വിഴുങ്ങാന്‍ വിധിക്കപ്പെട്ടവരുടെ തലവിധിയെ പഴിച്ചിട്ടെന്തു കാര്യം?


ഇറച്ചിക്കറിയില്‍ പാല്‍ ഒഴിയ്ക്കുക, എണ്ണയില്‍ മൊരിച്ച ഇറച്ചിയില്‍ തീപിടിപ്പിക്കുക, ഇറച്ചി കനലില്‍ ചുടുക മുതലായ പാചകവിധികളെപ്പറ്റിയും, മല്ലിപ്പൊടിക്കും മുളകുപൊടിക്കും പകരം കടലക്കറിയില്‍ പോലും സോസുകള്‍ ചേര്‍ക്കുക,
കുടിവെള്ളത്തിന്റെ കലങ്ങിയ നിറവും അരുചിയും അറിയാതിരിക്കാന്‍ പൊടിയിട്ടുതിളപ്പിക്കുക, കറിയില്‍ ചേര്‍ക്കുന്ന പൊടിക്കൂട്ടുകളുടെ ചേരുവയെപ്പറ്റി ചര്‍ച്ചയില്ലാതാവുക എന്നിവയൊക്കെ ബ്രാന്‍ഡിനൊപ്പം ജനത്തിന്റെ രുചിമുകുളം വഴി മസ്തിഷ്‌ക്കത്തെ അടിമയാക്കുമ്പോള്‍ അലമുറകളെല്ലാം അനാവശ്യമാകുന്നു. ചുരുക്കത്തില്‍ ഹോട്ടല്‍ ഭക്ഷണം, പാമ്പുകടിയും പട്ടി കടിയും പോലാണ്. ഒന്നുകില്‍ ചളിച്ചു കേടായ ഭക്ഷണം കുടലിനെ കുത്തുപാളയെടുപ്പിക്കും. അല്ലെങ്കില്‍ പ്രിസര്‍വേറ്റീവും അര്‍ബുദത്തിനു കാരണമാകുന്ന നിറങ്ങളും ചേര്‍ന്ന് കരളിനെയും കിഡ്‌നിയെയും നശിപ്പിക്കും.
ആഹാരം കഴിക്കാതെ അള്‍സര്‍ വന്നിരുന്ന നാട്ടിലേക്ക് ആഹാരത്തിലൂടെ അള്‍സറും അര്‍ശസും അര്‍ബുദവും അരങ്ങു തകര്‍ത്തിട്ടും ആര്‍ക്കും അലോസരമില്ല. മാറ്റം വരുവാന്‍ നാറ്റക്കേസുകള്‍ വിളിച്ചുപറഞ്ഞ് വീമ്പിളക്കിയിട്ട് കാര്യമില്ല. നയങ്ങളും നടപടികളും നിലപാടുകളും പ്രായോഗികമാക്കുകയാണ് വേണ്ടത്.

 

 

OTHER SECTIONS