നിങ്ങള്‍ സ്മാര്‍ട്‌ഫോണിന് അടിമയാണോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

By Anju N P.19 Jun, 2018

imran-azhar

 

ഒരു ദിവസം നിങ്ങള്‍ എത്ര തവണ ഫോണ്‍ എടുത്ത് നോക്കുന്നു എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? പലര്‍ക്കും പല തരത്തിലായിരിക്കും ഉത്തരം. എന്നാല്‍ ആര്‍ക്കും ഒഴിച്ച് കൂടാനാകാത്ത ഒരു വസ്തുവായി ഇന്ന് ഫോണ്‍ മാറിയിരിക്കുന്നു.

 

2015ല്‍ നടത്തിയ ഒരു പഠന പ്രകാരം 51 ശതമാനം മുതിര്‍ന്നവരും ഓരോ 11 മിനിട്ടിലും തങ്ങളുടെ ഫോണ്‍ ഒരു തവണയെങ്കിലും ശരാശരി തുറന്നു നോക്കുന്നുണ്ട്. ഈ കണക്കുകള്‍ കുട്ടികളിലേക്കും യുവാക്കളിലേക്കും നീളുമ്പോള്‍ അതിലും അതിശയകരമായ റിസള്‍ട്ട് ആണ് തന്നിരിക്കുന്നത്. ഇന്നിവിടെ നിങ്ങള്‍ സ്മാര്‍ട്‌ഫോണിനോട് എന്തുമാത്രം അടിമപ്പെട്ടു കിടക്കുന്നു എന്നറിയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ വിവരിക്കുകയാണ്.

 


നിങ്ങള്‍ സ്മാര്‍ട്‌ഫോണിന് അടിമയാണോ എന്ന് അറിയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

 

1.ഒരു ടെക്സ്റ്റ് പൂര്‍ത്തിയാക്കുന്നതിനായോ, ഒരു വീഡിയോ കാണുന്നതിനായോ, ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ചെയ്യുന്നതിനായോ നിങ്ങള്‍ നിങ്ങളുടെ മുന്‍പിലുളള ആളോട് കാത്ത് നില്‍ക്കാന്‍ പറയുകയും, അവര്‍ നിങ്ങളുടെ അടുത്ത് നിന്ന് പോകുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുക.

 

2. നിങ്ങള്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിരന്തരം അപ്ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.

 

3. നിങ്ങളുടെ പങ്കാളിയോടും, കുട്ടികളോടും, മറ്റ് കുടുംബാംഗങ്ങളോടും നേരിട്ട് സംസാരിക്കുന്നതിനേക്കാള്‍ ടെക്സ്റ്റ് ചെയ്യുന്നു.

 

4. ഓരോ തവണയും നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവിടുന്നു. 

 

5. നിങ്ങള്‍ ഓണ്‍ലൈനില്‍ ഒരുപാട് സമയം വെറുതെ കളയുന്നു, കൂടാതെ ആരെങ്കിലും നിങ്ങള്‍ ഓണ്‍ലൈനില്‍ ആണ് കൂടുതല്‍ സമയം എന്ന് പറഞ്ഞാല്‍ അത് നിരാകരിക്കുന്നു.

 

6. നിങ്ങളുടെ പഴയ സ്‌കൂള്‍ സുഹൃത്തുക്കളുടെ കൂടിച്ചേരലുകള്‍ അവര്‍ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഉളളവരാണെന്ന് കരുതി ഒഴിവാക്കുന്നു.

 

7. നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും ഉറങ്ങി എഴുന്നേറ്റതിന് ശേഷവും ഉടനെ ഓണ്‍ലൈന്‍ സമൂഹത്തിലും ഇമെയിലിലും സ്മാര്‍ട്ട്ഫോണിലൂടെ അപ്ഡേറ്റുകള്‍ തിരയുന്നു.

 

8. അത്താഴം കഴിക്കുന്ന സമയത്തോ, നിങ്ങളുടെ കുടുംബാംഗങ്ങളുമായി സിനിമ കാണുന്ന സമയത്തോ സ്മാര്‍ട്ട്ഫോണില്‍ സര്‍ഫ് ചെയ്യാനും, ട്വീറ്റ് ചെയ്യാനും, നിങ്ങളുടെ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനും വ്യഗ്രത കാണിക്കുന്നു.

 

9. കുറച്ച് മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് മാറിയാല്‍ നിങ്ങള്‍ക്ക് ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നു.

 

10. ഓണ്‍ലൈനില്‍ നടക്കുന്ന ഏത് സംഭാഷണങ്ങളിലും നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

 

എന്താണ് ചെയ്യേണ്ടത്?

ശാസ്ത്രം പുരോഗതി ഏറെ കൈവരിച്ചപ്പോള്‍ സാങ്കേതിക വിദ്യയില്‍, പ്രത്യേകിച്ച് സ്മാര്‍ട്‌ഫോണുകളുടെ കാര്യത്തില്‍ പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ നടന്നപ്പോള്‍ അതെല്ലാം നമ്മുടെ നിത്യ ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ശ്രമിക്കേണ്ടതിന് പകരം നമ്മള്‍ ഇത്തരത്തില്‍ ഫോണുകളോട് കൂടുതല്‍ അടിമപ്പെട്ടു കിടക്കുന്നു. എന്താണ് നമ്മള്‍ ചെയ്യേണ്ടത്? സ്വയം നമ്മള്‍ തന്നെ ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോഗം കുറയ്ക്കുക തന്നെയാണ് വേണ്ടത്.