കുഞ്ഞുവാവ കേള്‍ക്കുന്നുണ്ടോ?

By Rajesh Kumar.13 06 2020

imran-azharഡോ. അനു തമ്പി
കണ്‍സള്‍ട്ടന്റ്
ഇഎന്‍ടി സര്‍ജന്‍
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 

 


കുട്ടികളിലെ കേഴ്‌വിക്കുറവ് പലപ്പോഴും യഥാസമയം തിരിച്ചറിയാതെ പോകുന്നു. മാര്‍ച്ച് 3 ലോക കേഴ്‌വി ദിനമായിരുന്നു. 'ഹിയറിംഗ് ഫോര്‍ ലൈഫ്' എന്നതാണ് ഇക്കൊല്ലത്തെ കേഴ്‌വി ദിനത്തിന്റെ തീം.
കുട്ടികള്‍ക്ക് കേഴ്‌വിക്കുറവുണ്ടെന്ന് സംശയമുണ്ടെങ്കില്‍, ഇഎന്‍ടി വിദഗ്ദ്ധനെ കാണിക്കണം. രോഗം അനുസരിച്ച് കേഴ്‌വിക്കുറവ് മരുന്നിലൂടെയോ പല വിധത്തിലുള്ള ശസ്ത്രക്രിയയിലൂടെയോ ശ്രവണസഹായിയിലൂടെയോ ഭേദമാക്കാന്‍ സാധിക്കും.

 

കുട്ടികളില്‍ കേഴ്‌വിക്കുറവിനുള്ള കാരണങ്ങള്‍


കുട്ടികളുടെ കേഴ്‌വിക്കുറവ് രണ്ടു തരത്തിലാണ്-ജന്മനാലുള്ളതും ജനനശേഷം വരുന്നതും.

* ജന്മനാലുള്ള കേഴ്‌വിക്കുറവ് ജനിതകവും ജനിതകമല്ലാത്തതുമാകാം.


ജനിതകമായ കേഴ്‌വിക്കുറവ് അച്ഛനമ്മമാരിലൂടെ കുഞ്ഞിനു കിട്ടുന്നതാണ്. അതോടൊപ്പം ഡൗണ്‍ സിന്‍ഡ്രോം, ട്രെച്ചര്‍ കോളിന്‍സ് സിന്‍ഡ്രോം, അഷേഴ്‌സ് സിന്‍ഡ്രോം എന്നിവയും കാരണമാകാം.

 


* ജനിതകമല്ലാത്ത കേഴ്‌വിക്കുറവിനുള്ള പ്രധാന കാരണങ്ങള്‍


-അമ്മയുടെ രോഗാവസ്ഥ (പ്രമേഹം, ടൊക്‌സോപ്ലാസ്‌മോസിസ്, ഹെര്‍പിസ്, റുബെല്ല, മീസല്‍സ് തുടങ്ങിയ രോഗങ്ങള്‍)
-മാസം തികയാതെയുള്ള പ്രസവം
-പ്രസവസമയത്തെ സങ്കീര്‍ണ്ണത
-ഗര്‍ഭിണകാലത്ത് ലഹരിവസ്തുക്കള്‍, പുകവലി, മദ്യം, ചില മരുന്നുകള്‍ എന്നിവയുടെ ഉപയോഗം.

 

* ജനിച്ച ശേഷമുള്ള കേഴ്‌വിക്കുറവിന്റെ പ്രധാന കാരണങ്ങള്‍
-രോഗങ്ങള്‍-വിട്ടുമാറാത്ത ജലദോഷം, അഡിനോയിഡ് ഗ്രന്ഥിയിലെ അണുബാധ കാരണമുള്ള പൊട്ടല്‍, മധ്യകര്‍ണ്ണത്തില്‍ വെള്ളം കെട്ടുന്നത്.
-മധ്യകര്‍ണ്ണത്തിലെ എല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍
-തലയ്ക്ക് ശക്തമായ ക്ഷതമേല്‍ക്കുക
-മെനിന്‍ജൈറ്റിസ്, മീസല്‍സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍.
-ശബ്ദമലിനീകരണം
-ചെവിക്കായം, പഴുപ്പ് തുടങ്ങിയവ

 

കുട്ടികളുടെ കേഴ്‌വിക്കുറവിന്റെ ലക്ഷണങ്ങള്‍

 

* ജനനം മുതല്‍ 4 മാസം വരെ

-വലിയ ശബ്ദം കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാവാതിരിക്കുക
-അമ്മയുടെയോ പരിചയമുള്ളവരുടെയോ ശബ്ദത്തിനോട് പ്രതികരിക്കാതിരിക്കുക.

* 4 മുതല്‍ 9 മാസം വരെ

-ശബ്ദം കേള്‍ക്കുമ്പോള്‍ തല തിരിക്കാതിരിക്കുക
-ശബ്ദമുള്ള കളിപ്പാട്ടം ശ്രദ്ധിക്കാതിരിക്കുക

* 9 മുതല്‍ 15 മാസം വരെ

-പേര് വിളിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുക
-ശബ്ദം കൊണ്ട് ആശയവിനിമയത്തിനു ശ്രമിക്കാത്തത്.

* 15 മുതല്‍ 24 മാസം വരെ

-എളുപ്പമുള്ള ശരാശരി 20 വാക്കുകളെങ്കിലും പറയാത്തത്.

* സ്‌കൂള്‍ കുട്ടികളില്‍

-പഠനത്തില്‍ പിന്നോക്കം, ശ്രദ്ധക്കുറവ് തുടങ്ങിയവ

 

കേഴ്‌വിക്കുറവിനെ എങ്ങനെ തരംതരിക്കാം?

 

-ബാഹ്യകര്‍ണ്ണത്തിലെയും മധ്യകര്‍ണ്ണത്തിലെയും വൈകല്യം, അടവ്, രോഗം എന്നിവ ചേര്‍ന്ന കണ്‍ഡക്ടീവ് കേഴ്‌വിക്കുറവ്.
-ആന്തരിക കര്‍ണ്ണത്തെ ബാധിക്കുന്ന രോഗങ്ങളും വൈകല്യവും ചേര്‍ന്ന സെന്‍സറിന്യൂറല്‍ കേഴ് വിക്കുറവ്.
-രണ്ടും ചേര്‍ന്ന മിക്‌സഡ് കേഴ്‌വിക്കുറവ്.

 

എങ്ങനെ തിരിച്ചറിയാം?


-ജനിച്ച് ആശുപത്രി വിടുന്നതിനു മുമ്പ് ന്യൂബോണ്‍ സ്‌ക്രീനിംഗ് ഒഎഇ ഉപയോഗിച്ച് ചെയ്യുന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
-ഫെയില്‍ ഒഎഇ റിപ്പോര്‍ട്ട് കിട്ടിയാല്‍ ബിഇആര്‍എ പരിശോധന ചെയ്യണം.
-രണ്ടു പരിശോധനയിലും കേഴ്‌വിക്കുറവ് കണ്ടെത്തിയാല്‍ ആറു മാസം വരെ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രവണസഹായി നല്‍കാറുണ്ട്. അതിനുശേഷം കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്താല്‍ കേഴ്‌വി ഒരു പരിധിവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും.
- മുതിര്‍ന്ന കുട്ടികള്‍ക്ക് പിടിഎ മുതലായ പരിശോധനകളും ചെയ്യാറുണ്ട്.

 

 

 

OTHER SECTIONS