മൂത്രാശയ രോഗങ്ങൾ നിങ്ങളെ തളർത്തുന്നുവോ ?

By BINDU PP.27 Jul, 2017

imran-azhar

 

 

മൂത്രാശയ സംബന്ധമായ രോഗങ്ങൾ സ്ത്രീകളിലും സ്കൂൾ കുട്ടികളിലും വർദ്ധിച്ചുവരുന്നു . യാത്രകൾക്കിടയിൽ നല്ല വൃത്തിയുള്ള ടോയിലെറ്റില്ലെങ്കിൽ എത്രനേരം വേണമെങ്കിലും ആ കർമ്മം പിടിച്ചുനിർത്താൻ സ്ത്രീകൾ ശ്രമിക്കും. മാത്രമല്ല വഴിയിൽ എങ്ങാനും മൂത്രശങ്ക തോന്നിയാലോ എന്ന് കരുതി വെള്ളം കുടിയ്ക്കാതെ ഇരിക്കുന്നവരും കുറവല്ല. സ്ത്രീകൾ ഏറ്റവും ശുചിത്വം പാലിക്കേണ്ട ആർത്തവകാലത്തെ സ്ഥിതിയും മറിച്ചല്ല. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ വയ്ക്കുന്ന പാഡ്‌ വൈകുന്നേരം വീട്ടിൽ എത്തിയ ശേഷം മാത്രം മാറ്റുന്നതും ഗുരുതരമായ മൂത്രാശയ രോഗങ്ങൾക്ക്‌ കാരണമാകും.സാധാരണയായി മൂത്രസഞ്ചിയിലുണ്ടാകുന്ന അണുബാധയും, മൂത്രനാളിയിലെ അണുബാധയുമാണ് പ്രധാന മൂത്രാശയ രോഗങ്ങൾ. കൃത്യമായ സമയക്രമങ്ങളിൽ മൂത്രമൊഴിക്കാതെ പിടിച്ച്‌ നിർത്തുന്നതും, സാനിറ്ററി നാപ്കിൻ മാറ്റാതെ ഒരെണ്ണം തന്നെ ദീർഘനേരം ഉപയോഗിക്കുന്നതും അണുബാധയ്ക്കുള്ള പ്രധാനകാരണങ്ങളായി കണക്കാക്കപ്പെടുന്നു. കൂടതെ അമിതമായ ലൈംഗീക ബന്ധവും, കിഡ്നിയിലെ സ്റ്റോണും മൂത്രനാളിയിൽ ഉണ്ടാകുന്ന ടിബിയും അണുബാധയ്ക്ക്‌ വഴിയൊരുക്കും. കോപ്പർടി പോലുള്ള ഗർഭ നിരോധന മാർഗ്ഗങ്ങൾ കൃത്യമായ കാലാവധി കഴിഞ്ഞിട്ടും ശരീരത്തിനുള്ളിൽ ഇരിക്കുന്നതും അനുബാധയ്ക്ക്‌ കാരണമാകാറുണ്ട്‌.

 

അണുബാധ അകറ്റാൻ .....

 

അണുബാധ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക, പ്രത്യേക്കിച്ച്‌ ആർത്തവസമയത്ത്‌ മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. ബാർലി വെള്ളം, ഓറഞ്ച്‌, മുസംബി ജ്യൂസ്‌ എന്നിവയും ഉത്തമം തന്നെ. മൂത്രം ദീർഘനേരം പിടിച്ച്‌ വയ്ക്കാതിരിക്കുക. ടോയിലെറ്റിൽ പോയശേഷം മുന്നിൽ നിന്ന് പിന്നിലേയ്ക്ക്‌ വെള്ളമൊഴിച്ച്‌ കഴുകുന്നതാണ് ശരിയായ ശുചീകരണ രീതി. സാനിറ്ററി നാപ്കിൻ കൃത്യമായ ഇടവേളകളിൽ മാറ്റുകയും വേണം. ഇത്തരത്തിൽ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിയ്ക്കുന്നത്‌ ഇത്തരം അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടുകയും വേണം.

OTHER SECTIONS