സംസ്‌കരിച്ച ഭക്ഷണവും മട്ടനും ബീഫും ശീലമെങ്കില്‍...

By Anju N P.24 Jun, 2018

imran-azhar

നമ്മുടെ ജീവിതരീതികളും ഭക്ഷണശീലങ്ങളും നാം അറിയാതെ തന്നെ അസുഖങ്ങളെ ക്ഷണിച്ച് വരുത്തും. സംസ്‌കരിച്ച മാംസാഹാരങ്ങളും റെഡ് മീറ്റും മലാശയകാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാനഘടകങ്ങള്‍ ആണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മട്ടനും ബീഫുമൊക്കെ ശീലമാക്കുമ്പോള്‍ കാന്‍സര്‍ എന്ന രോഗാവസ്ഥയിലേക്ക് നയിക്കാം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

 


സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളും, മാംസവും കാന്‍സറിനുള്ള സാദ്ധ്യത പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് നിരവധി ഗവേഷങ്ങളിലൂടെ ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. എന്നാലും ഇത്തരം ഭക്ഷണ വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ നിന്ന് അകറ്റാന്‍ പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം.


എന്നാല്‍, ഇത്തരം ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മാരകമായ പല രോഗങ്ങളിലേക്കും നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമായ റെഡ് മീറ്റ് ഗണത്തില്‍പ്പെടുന്ന ഇറച്ചി ഉല്‍പ്പന്നങ്ങള്‍ രോഗാണുവിമുക്തമായ മൃഗങ്ങളുടേത് ആണെന്ന് ഉറപ്പ് വരുത്താന്‍ സാദ്ധ്യമല്ല. എന്നാല്‍, ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷക്രമത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.


എന്നാല്‍ ഇത്തരത്തില്‍ പ്രോസസ്‌സ് ചെയ്‌തെടുക്കുന്ന മാംസം കാന്‍സര്‍ വരാനുള്ള സാദ്ധ്യത ഇരട്ടിയാക്കുമെന്നാണ് യുകെ കാന്‍സര്‍ റിസേര്‍ച്ച് സെന്റിലെ പഠനത്തിന് മുന്‍കൈയെടുത്ത വിദഗ്ദ്ധരുടെ അഭിപ്രായം.


ട്യൂമര്‍ പോലുള്ള ഗുരുതരരോഗങ്ങള്‍ ബാധിച്ച മൃഗങ്ങളുടെ മാംസം ഉപയോഗിക്കുന്നതാണ് ഇത്തരം രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നത്. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് അവയ്ക്ക് രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക എന്നത് മാത്രമാണ് ഇതിന് പ്രതിവിധിയായി ഗവേഷകര്‍ പറയുന്നത്.


ഉപ്പിട്ടുണക്കിയ മാംസം, സോസേജുകള്‍ എല്ലാം കാന്‍സറിന് കാരണമാകുന്നുവെന്ന് ഇന്റര്‍നാഷണല്‍ കാന്‍സര്‍ റിസേര്‍ച്ച് ഏജന്‍സി ഗവേഷകര്‍ തെളിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും പായ്ക്ക് ചെയ്തു വരുന്ന മാംസാഹാരങ്ങള്‍ ശരിയായ വിധത്തില്‍ പ്രോസസ്‌സ് ചെയ്താണോ എത്തുന്നതെന്നും പരിശോധിക്കേണ്ടതാണ്.
പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെങ്കിലും മാംസാഹാരത്തിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ദരുടെ അഭിപ്രായം.