മൂത്രമൊഴിക്കാതെ പിടിച്ചു നിന്നാല്‍ !!!

By Anju N P.31 Aug, 2018

imran-azhar

ചാറ്റിങ്ങിലോ ഗെയിമുകളിലോ ഒക്കെ ലയിച്ചിരിക്കുമ്പോള്‍ ആവും പലര്‍ക്കും മൂത്രശങ്ക അനുഭവപ്പെടുന്നത്. അതും അല്ലെങ്കില്‍ വല്ല ജോലിതിരക്കുകളിലോ യാത്രകളിലോ ആയിരിക്കുമ്പോള്‍.

 

ഇതുകൊണ്ടൊക്കെ തന്നെ ടോയ്ലറ്റില്‍ പോകാന്‍ പലരും മടി കാണിക്കുകയും ചെയ്യും. എന്നാല്‍ മൂത്രം ഒഴിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ അത് പിടിച്ചു നിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പലരും ബോധവാന്മാരും ബോധവതികളും അല്ല.
മൂത്രം ഒഴിക്കാതിരുന്നാല്‍ അസുഖങ്ങള്‍ ഉണ്ടാകും എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. എന്നാല്‍ ഇതുമൂലം മാരകമായ അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം.

 

കിഡ്‌നി സ്റ്റോണ്‍
ഉപ്പും, മിനറല്‍സും മൂത്രത്തില്‍ കട്ട പിടിച്ച് മൂത്രത്തില്‍ ചെറിയതരം കല്ല് രൂപപ്പെടുന്നു. പിന്നീടത് വളര്‍ന്ന് വലിയ ബോള്‍ രൂപത്തിലാകുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുന്നത്. ഈ സ്റ്റോണ്‍ കിഡ്‌നിയില്‍ തന്നെ ഇരിക്കാം, അല്ലെങ്കില്‍ മൂത്രാശയത്തില്‍ നിന്നും കിഡ്‌നിയിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരിക്കാം. ഇത്തരം അവസരങ്ങളില്‍ നല്ല വേദന അനുഭവപ്പെടാം. അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ കാണിക്കാം. ഈ അസുഖം പ്രധാനമായും ഉണ്ടാകുന്നത് മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്നവരില്‍ ആണ്. മൂത്രത്തിലെ ലവണങ്ങള്‍ ക്രിസ്റ്റല്‍ ആയി മാറുകയും ഈ ക്രിസ്റ്റലുകള്‍ രൂപാന്തരപ്പെട്ടു കിഡ്‌നി സ്റ്റോണ്‍ ആയി മാറുകയും ചെയ്യുന്നു.കിഡ്‌നി സ്റ്റോണ്‍ ചെറിയൊരു രോഗമായി ആരും കാണരുത്. ഇത് വലിയ അപകടകാരിയാണ്. ഒരു നിശബ്ദ കൊലയാളിയാണെന്ന് തന്നെ പറയാം. തുടക്കത്തില്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നം തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാല്‍ ഒന്നിലേറെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ നിങ്ങള്‍ ചികിത്സ തേടേണ്ടതാണ്.

 

അണുബാധ
മൂത്രം അണുവിമുക്തമാണ്. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‌ഫെക്ഷന്‍ എന്ന് പറയുന്നത്. എന്നാല്‍ കിഡ്‌നി മുതല്‍ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങള് ഏറിയും മാറിയുമിരിക്കും.യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ മൂത്രം കെട്ടിനില്‍ക്കുന്നത് അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു.

 

മൂത്രസഞ്ചി വീക്കം
മൂത്രസഞ്ചി വീക്കം സാധാരണയായി പുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും കാണാറുള്ളത്. മൂത്ര സഞ്ചി വീങ്ങുന്നതിന്റെ പ്രധാന കാരണം മൂത്രം കെട്ടിനിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന അതികഠിനമായ വേദനയും തുടര്‍ന്നുണ്ടാകുന്ന നീര് വയ്ക്കലും ആണ്.മാത്രമല്ല ഇതിന്റെ ഭാഗമായി മൂത്രം ഒഴിക്കുമ്പോള്‍ ശക്തമായ കടച്ചിലും ഉണ്ടാവുന്നു.
ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കാതെ വരികയും നിര്ജ്ജലീകരണം സംഭവിയ്ക്കുകയും ചെയ്യുകയും ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിയ്ക്കുകയും ചെയ്യുന്നു. മാനസികാരോഗ്യത്തേയും ഇത് കാര്യമായി തന്നെ ബാധിയ്ക്കുന്നു എന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.മാനസികമായി ഉത്കണ്ഠയുണ്ടാകുന്നതിനാണ് ഇതിലൂടെ കൂടുതലും കാരണമാകുന്നത്. മൂത്രം ഒഴിക്കാതെ ഇരുന്ന ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു എന്നൊരു വാര്‍ത്ത കണ്ടാല്‍ ഇനി ആരും ഞെട്ടണ്ട പകരം കാരണം ഇവയില്‍ ഏതെങ്കിലും ആണെന്ന് ഓര്‍ക്കുക.