ഇന്‍സുലില്‍ ഇന്‍ജക്ഷന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

By Rajesh Kumar.13 Nov, 2017

imran-azhar

 

 

ഡോ. അരുണ്‍ ശങ്കര്‍
സെന്റര്‍ ഹെഡ് & സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റ്
ഡോ. ജ്യോതിദേവ്‌സ് ഡയബറ്റിസ് & റിസര്‍ച്ച് സെന്റര്‍,
തിരുവനന്തപുരം

 


സൂചി ഒരു തവണ മാത്രം
ഇന്‍സുലിന്‍ പേനകളില്‍ ഉപയോഗിക്കുന്ന സൂചി ഒരു പ്രാവശ്യത്തേക്ക് മാത്രമാണ് ഉപയോഗിക്കേണ്ടത്. വളരെ നേര്‍ത്ത സൂചിയായതിനാല്‍ കൂടുതല്‍ തവണ ഉപയോഗിച്ചാല്‍ സൂചിയുടെ അഗ്രം വളയുകയും, ഇന്‍സുലിന്‍ കൃത്യമായി ശരീരത്തിലേക്ക് എത്താതിരിക്കുകയും കുത്തിവയ്ക്കുന്ന ശരീരഭാഗത്ത് തടിപ്പുകള്‍, വ്രണങ്ങള്‍ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട.്ഭക്ഷണത്തിനു മുമ്പ് എടുക്കേണ്ടത്
പലതരത്തിലുള്ള ഇന്‍സുലിന്‍ ഇപ്പോള്‍ ലഭ്യമാണ്. ദിവസം ഒരു തവണ മാത്രം കുത്തിവയ്ക്കുന്ന, ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനശേഷിയുള്ള ഇന്‍സുലിനും, ദിവസം രണ്ടോ മൂന്നോ തവണ കുത്തിവയ്ക്കുന്ന മറ്റുള്ള ഇന്‍സുലിനും ലഭ്യമാണ്. ദിവസം ഒരു നേരം മാത്രം കുത്തിവയ്ക്കുന്ന ഇന്‍സുലിനുകള്‍ക്ക് ഭക്ഷണവുമായി യാതൊരു ബന്ധവുമില്ല. മറിച്ച് രണ്ടോ മൂന്നോ തവണ എടുക്കുന്നവ ഭക്ഷണത്തിന് മുമ്പാണ് എടുക്കേണ്ടത്. അത് ചികിത്സിക്കുന്ന ഡോക്ടറോട് വ്യക്തമായി ചോദിച്ച് മനസ്‌സിലാക്കുക.

 

ഇന്‍സുലില്‍ പെന്‍ പലതരം
ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കുന്നതിന് സിറിഞ്ചുകള്‍, ഇന്‍സുലിന്‍ പേനകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രചാരത്തിലുള്ളവയാണ് ഇന്‍സുലിന്‍ സിറിഞ്ചുകള്‍. എന്നാല്‍ വേദനരഹിതവും വളരെ ലളിതമായ രീതിയില്‍ ഉപയോഗിക്കാവുന്നതുമായ ഇന്‍സുലിന്‍ പേനകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇന്‍സുലിന്‍ പേനകള്‍ രണ്ടുതരത്തിലുണ്ട്. ഒറ്റ പ്രാവശ്യം ഉപയോഗിച്ചു കളയുന്നവയും നിരവധി പ്രാവശ്യം ഉപയോഗിക്കാവുന്നതുമായ പേനകളും ഉണ്ട്. അങ്ങനെ തുടര്‍ച്ചയായി ഉപയോഗിക്കുന്ന പേനകളില്‍ ഇന്‍സുലിന്‍ കാട്രിജ് മാറ്റി ഉപയോഗിക്കാവുന്നതാണ്.

 

ഇന്‍സുലിന്‍ പെന്‍ ഉപയോഗിക്കുമ്പോള്‍
ഇന്‍സുലിന്‍ മരുന്ന് കാഴ്ചയില്‍ രണ്ട് തരത്തിലുണ്ട്. കഞ്ഞിവെള്ളം പോലെയും പച്ചവെള്ളം പോലെയിരിക്കുന്നതും. കഞ്ഞിവെള്ളം പോലെയുള്ളത് ഇന്‍സുലിന്‍ പേനകളില്‍ ഉപയോഗിക്കുമ്പോള്‍ എട്ടുപത്ത് പ്രാവശ്യമെങ്കിലും പേന മുകളിലോട്ടും താഴോട്ടും ചലിപ്പിക്കണം. ഇത് പേനയ്ക്കകത്തുള്ള മുത്തുകള്‍ ഇന്‍സുലിന്‍ മിക്‌സ് ചെയ്യാന്‍ സഹായിക്കും. എന്നാല്‍, പേന ശക്തിയായി കുലുക്കാന്‍ പാടില്ല. അത് പ്രവര്‍ത്തനവീര്യം കുറയ്ക്കും. ഇന്‍സുലിന്‍ പേനകളില്‍ ഉപയോഗിക്കുന്ന സൂചി ഒരു പ്രാവശ്യത്തേക്ക് മാത്രമാണ് ഉപയോഗിക്കേണ്ടത്. വളരെ നേര്‍ത്ത സൂചിയായതിനാല്‍ കൂടുതല്‍ തവണ ഉപയോഗിച്ചാല്‍ സൂചിയുടെ അഗ്രം വളയുകയും ഇന്‍സുലിന്‍ കൃത്യമായി ശരീരത്തിലേക്ക് എത്താതിരിക്കുകയും ചെയ്യും. കുത്തിവയ്ക്കുന്ന ശരീരഭാഗത്ത് തടിപ്പുകള്‍, വ്രണങ്ങള്‍ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

 

കുത്തിവയ്ക്കാവുന്ന ഇടങ്ങള്‍
സിറിഞ്ച് ഉപയോഗിച്ച് ഇന്‍സുലിന്‍ കുത്തിവയ്ക്കുമ്പോള്‍ ഇന്‍സുലിന്‍ വയല്‍ ഏതാണോ അതിന് അനുസരിച്ചുള്ള സിറിഞ്ച് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊക്കിളിന് രണ്ട് ഇഞ്ച് മാറി വയറിന്റെ മറ്റു ഭാഗങ്ങളിലും തുടയുടെ പുറംഭാഗത്തും, കൈത്തണ്ടയുടെ മുകള്‍ഭാഗത്തായും ആണ് ഇന്‍സുലിന്‍ കുത്തിവയ്പുകള്‍ സാധാരണയായി എടുക്കേണ്ടത്. കൈത്തണ്ടയില്‍ മറ്റൊരു വ്യക്തിയുടെ സഹായത്തോടെ കുത്തിവയ്ക്കണം. ഇവിടങ്ങളില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കുമ്പോള്‍ ഒരു തവണ കുത്തിവച്ച സ്ഥലത്ത് തുടര്‍ച്ചയായി കുത്തിവയ്ക്കആനും പാടില്ല.
ഒന്നിലധികം ഇന്‍സുലിന്‍ എടുക്കുകയോ ഒരേ ഇന്‍സുലിന്‍ തന്നെ രണ്ടോ മൂന്നോ തവണ എടുക്കേണ്ടി വരുമ്പോഴും കുത്തിവയ്ക്കാവുന്ന ശരീരഭാഗങ്ങളില്‍ മാറിമാറി കുത്തിവയ്ക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന് രോഗിക്ക് ദിവസവും രണ്ടുതവണ ഒരേ ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ട അവസ്ഥയില്‍ രാവിലെ വയറിലും വൈകുന്നേരം തുടയിലുമായി എടുക്കുന്നതാണ് നല്ലത്. സ്ത്രീകളില്‍ പ്രസവശേഷം വയറില്‍ കാണുന്ന അടയാളങ്ങളില്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നത് ഒഴിവാക്കണം.

 

ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത്
തുടര്‍ച്ചയായി കുത്തിവയ്ക്കുന്ന ഇന്‍സുലിന്‍ പേന മുറിക്കുള്ളിലെ സാധാരണ താപനിലയില്‍ ഒരു മാസം വരെ സൂക്ഷിക്കാം. അധികമുള്ള ഇന്‍സുലിന്‍ കാട്രിജുകള്‍ (പേനയില്‍ ഇടാത്തവ) റഫ്രിജറേറ്ററിന്റെ ഡോറില്‍ സൂക്ഷിക്കാം. വേനല്‍ക്കാലത്ത് ഇന്‍സുലിന്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് കുത്തിവയ്ക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പുറത്തെടുത്തു വച്ചതിനുശേഷം ഉപയോഗിക്കാവുന്നതാണ്. യാത്രയിലും മറ്റും ഇന്‍സുലിന്‍ പേനകള്‍ സൂക്ഷിക്കാവുന്ന ഇന്‍സുലിന്‍ പൗച്ചില്‍ സൂക്ഷിക്കണം.

 

 

 

 

 

OTHER SECTIONS