അന്താരാഷ്ട്ര മാനസികാരോഗ്യ വെബ്ബിനാര്‍ സംഘടിപ്പിച്ചു

By RK.12 10 2021

imran-azhar

 

സ്വസ്തി ഫൗണ്ടേഷന്‍, എസ് എന്‍ യുണൈറ്റഡ് മിഷന്‍ ഇന്റര്‍നാഷണല്‍, കെഐഎംആര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള മാനസികാരോഗ്യ വിദഗ്ധര്‍ പങ്കെടുത്തു. ഡോ. അരുണ്‍ ബി നായര്‍, ഡോ. മോഹന്‍ റോയ് എന്നിവര്‍ മോഡറേറ്റര്‍മാര്‍ ആയിരുന്നു. ഡോ. ദേവിന്‍ പ്രഭാകര്‍ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര നടനും സംവിധായകനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്തു. ഡോ സെന്‍ കല്ലുംപുറം ( ഇംഗ്ലണ്ട്), ഡോ അനൂപ് രവീന്ദ്രന്‍( ഓസ്‌ട്രേലിയ), ഡോ ജോഷി ജേക്കബ് (വൈറോളജിസ്റ്റ്, യുഎസ്എ), മനോജ് (നെതര്‍ലാന്‍ഡ്‌സ്) എന്നിവര്‍ ചര്‍ച്ചയില്‍ പാനല്‍ അംഗങ്ങളായിരുന്നു. സൂമിലൂടെ ലോക മാനസികാരോഗ്യ ദിനമായ 10 ഒക്ടോബര്‍ നാണ് വെബ്ബിനാര്‍ നടത്തിയത്.

 

പഠനങ്ങള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനം പേര്‍ക്ക് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് ഡോ. അരുണ്‍ ബി നായര്‍ ആമുഖ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. എന്നാല്‍, ഇവരില്‍ 15 ശതമാനം പേര്‍ക്ക് മാത്രമേ ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നുള്ളൂ. മാനസിക ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളാണ് ചികിത്സ ലഭിക്കുന്നതിന് ഏറ്റവും പ്രധാന വിലങ്ങുതടി. മാനസിക പ്രശ്‌നങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍ ആണെന്നതും മറ്റേത് ശാരീരിക രോഗത്തെയും പോലെ അവയും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുമെന്നും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

മാനസികാരോഗ്യ ബോധവല്‍ക്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുപ്പത്തില്‍ത്തന്നെ ആരംഭിക്കണമെന്ന് ഡോ. മോഹന്‍ റോയ് വ്യക്തമാക്കി. മാനസിക രോഗങ്ങള്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ചാല്‍ പല രോഗാവസ്ഥകളും സങ്കീര്‍ണതകള്‍ ഇല്ലാതെ ഭേദപ്പെടുത്താന്‍ കഴിയുമെന്നും ഡോ. മോഹന്‍ റോയ് പറഞ്ഞു.

 

ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടിംഗ് സൈക്യാട്രിസ്റ്റായ ഡോ. സെന്‍ കല്ലുംപുറം മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും മാനസികാരോഗ്യം തകരുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ചും സംസാരിച്ചു. നിത്യജീവിതത്തില്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ മാനസികനില മോശമായാല്‍ മാനസികാരോഗ്യ വിദഗ്ധനെ കണ്ടു സഹായം തേടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ സാമൂഹിക പിന്തുണ വഴി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

 

പ്രവാസി മലയാളികളെ കോവിഡ് മഹാമാരി ബാധിച്ചതിനെ കുറിച്ച് ഓസ്‌ട്രേലിയയില്‍ സൈക്യാട്രിസ്റ്റായ ഡോ. അനൂപ് രവീന്ദ്രന്‍ വിശദീകരിച്ചു. തീവ്രമായ മത്സരബുദ്ധി നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. പഠനഭാരത്തെക്കുറിച്ച് ചിന്തിക്കാതെ ആ പ്രക്രിയ ആസ്വദിക്കാനായാല്‍ പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കോവിഡ് ഭയം ലോകമെമ്പാടുമുള്ള ജനങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിച്ചു എന്ന് അമേരിക്കയില്‍ വൈറോളജിസ്റ്റായ ഡോ. ജോഷി ജേക്കബ് വിശദീകരിച്ചു. രോഗ സംബന്ധിയായ വാര്‍ത്തകളെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാതെ മനസ്സിനെ സന്തോഷിപ്പിക്കുന്ന വിനോദങ്ങളിലും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇടപെടുക വഴി മഹാമാരി കാലത്ത് മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

 

നെതര്‍ലാന്‍ഡ്‌സില്‍ കോഗ്നിസന്റ് കമ്പനിയുടെ വൈസ് പ്രസിഡന്റായ മനോജ്, കോര്‍പറേറ്റ് ലോകത്തെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് വിശദീകരിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനസികാരോഗ്യ വിദഗ്ധരെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളെക്കുറിച്ച് പ്രഗല്‍ഭ മാനസികാരോഗ്യ വിദഗ്ധനായിരുന്ന ഡോ. എന്‍. പ്രഭാകരന്റെ മകന്‍ ഡോ. ദേവിന്‍ പ്രഭാകര്‍ വിശദീകരിച്ചു. മാനസികസമ്മര്‍ദം സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആവശ്യമായ വിദഗ്ധ സഹായം തേടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

സമൂഹത്തില്‍ മാനസികാരോഗ്യ സാക്ഷരത വര്‍ധിപ്പിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ ആവശ്യമാണെന്ന് ചര്‍ച്ച വിലയിരുത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത നിപുണത വിദ്യാഭ്യാസം നിര്‍ബന്ധിതമായി നടപ്പിലാക്കുക, മാനസികാരോഗ്യ സാക്ഷരത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകുക, പൊതുസമൂഹത്തില്‍ മാനസിക രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ മാറ്റാന്‍ വിപുലമായ ബോധവല്‍ക്കരണം നടത്തുക എന്നിവ അത്യാവശ്യമാണെന്നും ചര്‍ച്ച വിലയിരുത്തി.

 

 

 

 

 

OTHER SECTIONS