ജൈവ പച്ചക്കറി കൃഷിയുമായി പ്രവാസി വീട്ടമ്മ

By ambily chandrasekharan.03 Jan, 2018

imran-azhar


വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് പരമാവധി ജൈവ പച്ചക്കറികള്‍ വിളയിച്ചെടുത്തിരിക്കുകയാണ് ദോഹയിലെ ഒരു മലയാളി വീട്ടമ്മ. കോഴിക്കോട്ടുകാരിയായ ജ്യോതി തോമസെന്ന വീട്ടമ്മയാണ് മനോഹരമായി ഒരുക്കിയ ഈ തോട്ടത്തിന്റെ ശില്‍പി. വീട്ടാവശ്യത്തിനുള്ളതിലും അധികമായി ലഭിക്കുന്ന പച്ചക്കറികള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്കിടിയില്‍ വിതരണം ചെയ്യുകയാണിപ്പോള്‍. ഇങ്ങനെ ഇവര്‍ മറ്റുളളവര്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്.

ഇവരെ പോലെയാകുവാന്‍ നമുക്ക് കഴിയുമോ ?. നമ്മള്‍ ഇന്ന് മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങി കഴിക്കുന്ന പച്ചക്കറികളാവട്ടെ ഒട്ടനവധി മാരകമായ വിഷങ്ങള്‍ അടിഞ്ഞുചേര്‍ന്നിരിക്കുന്നവയാണ്. ദിനംപ്രതി ഇവ കഴിക്കുന്നതു മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുയെന്ന് മാത്രമല്ല ഇത് ശരീരത്തെ പൂര്‍ണ്ണമായും ബാധിച്ച് നമ്മളെ മരണത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും കുറച്ചെങ്കിലും മോചനമേകാന്‍ സ്വന്തം വീട്ടുവളുപ്പുകളിലോ ടെറസിലോ വിഷരഹിതമായ പച്ചക്കറികള്‍ നട്ടുവളര്‍ത്തുവാന്‍ മിക്കവരും ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഒരുവശത്ത് വളരെ കുറച്ച് പേര്‍ മാത്രമാണ് ഇതിന് ശ്രമിക്കുന്നത്.
ദോഹയിലെ മതാര്‍ഖദീമിലുള്ള ഈ വില്ലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ പലതരം പൂച്ചെടികളാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. വീടിനു പിന്നിലേക്ക് ചെന്നാല്‍ കോണ്‍ക്രീറ്റ് നിലമാണെന്നു തോന്നിപ്പിക്കാത്ത വിധത്തില്‍ വിളഞ്ഞുനില്‍ക്കുന്ന പാവലും പടവലവും ശമാമും തണ്ണിമത്തനും കാണാം. പിന്നെ പലതരം പയറുകള്‍, വെണ്ട, ചുരങ്ങ, മുരിങ്ങ അങ്ങിനെ പലതും.

ഖത്തര്‍ പ്രവാസമാരംഭിച്ചശേഷം മാത്രം കൃഷിയിലേക്ക് തിരിഞ്ഞ ജ്യോതി വിവിധ ജൈവ കാര്‍ഷിക കൂട്ടായ്മകളിലൂടെയും ഫെയ്‌സ് ബുക്ക് സൗഹൃദങ്ങളിലൂടെയുമാണ് കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് കൃഷി സംബന്ധമായ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാനായി സാമൂഹികമാധ്യമങ്ങളില്‍ സജീവമാണീ പ്രവാസി കുടുംബിനി. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ദോഹയില്‍ കഴിയുന്ന ഇവര്‍ തികച്ചും ജൈവരീതിയിലാണ് വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നത്.

 

 

OTHER SECTIONS