വൃക്കരോഗം വരാതെ സൂക്ഷിക്കാം

By online desk.05 09 2019

imran-azhar

 

ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങളെപ്പറ്റി ഇന്ന് ജനങ്ങള്‍ക്കിടയില്‍ നല്ല അവബോധമുണ്ട്. പക്ഷേ വൃക്കരോഗങ്ങളെപ്പറ്റിയുള്ള അറിവ് നന്നേ പരിമിതമാണ്. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വൃക്കരോഗങ്ങളെപ്പറ്റിയും അവയുടെ നേരത്തെയുള്ള രോഗനിര്‍ണ്ണയോപാധികള്‍, ചികിത്സകള്‍ എന്നിവയെപ്പറ്റിയും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി വര്‍ഷത്തില്‍ ഒരുദിവസം മാറ്റിവയ്ക്കണമെന്ന തീരുമാനം ഉണ്ടായത്.

 

എന്താണ് വൃക്കരോഗങ്ങള്‍

 

നമ്മുടെ ശരീരത്തിലെ അരിപ്പകളായാണ് വൃക്കകള്‍ അറിയപ്പെടുന്നത്. ശരീരത്തിലെ വിസര്‍ജ്യവസ്തുക്കള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കുകയുമാണ് വൃക്കകളുടെ പ്രാഥമികമായ കര്‍ത്തവ്യം. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവികം ഡിയെ സജീവമാക്കല്‍ എന്നിവയും വൃക്കകളുടെ ധര്‍മ്മമാണ്. വൃക്കകള്‍ തകരാറിലാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം തകരാറിലാവുകയും അവയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു. വൃക്കരോഗങ്ങള്‍ പ്രധാനമായും രണ്ടുതരത്തിലാണ്. വളരെ പെട്ടെന്ന് സംഭവിക്കുന്ന താത്ക്കാലികമായ വൃക്കസ്തംഭനം: രക്തത്തിലെ അണുബാധ, എലിപ്പനി, വിഷബാധ, അമിതമായ രക്തസ്രാവം, സര്‍പ്പദംശനം, വേദനസംഹാരികള്‍ തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങള്‍. സ്ഥായിയായ വൃക്കസ്തംഭനം എന്നത് നീണ്ടകാലയളവില്‍ ക്രമേണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം എന്നിവയാണ് എഴുപത് ശതമാനത്തിലധികം സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാക്കുന്നത്.വൃക്കകളെ ബാധിക്കുന്ന മറ്റസുഖങ്ങളായ വൃക്കവീക്കം, മൂത്രനാളികളിലുണ്ടാകുന്ന കല്ലുകള്‍, പാരമ്പര്യരോഗങ്ങള്‍, ചിലതരം മരുന്നുകള്‍ എന്നിവ ചേര്‍ത്ത് ബാക്കി മുപ്പത് ശതമാനം സ്ഥായിയായ വൃക്കരോഗം ഉണ്ടാക്കുന്നു.

 

എന്താണ് വൃക്കരോഗ ലക്ഷണങ്ങള്‍

 

വൃക്കരോഗങ്ങള്‍ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത് അവയുടെ അവസാനഘട്ടത്തിലാണ്. അതിന് കാരണം വൃക്കരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാത പോകുന്നതുകൊണ്ടാണ്. കാലുകളിലും മുഖങ്ങളിലും കാണുന്ന നീരാണ് വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. മൂത്രമൊഴിക്കുമ്പോള്‍ പതഞ്ഞുവരുന്നത് മൂത്രത്തില്‍ക്കൂടി പ്രോട്ടീന്‍ നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്. രാത്രിയില്‍ കൂടുതല്‍ മൂത്രമൊഴിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് രക്തനിറം വരുക എന്നിവയും രോഗലക്ഷണങ്ങളാണ്. ചില വൃക്കരോഗങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം വളരെ ഉയര്‍ന്ന് കാണപ്പെടുന്നു. വൃക്കരോഗങ്ങളുടെ അന്തിമഘട്ടത്തില്‍ ക്ഷീണം, കിതപ്പ്, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, ശരീരം മുഴുവന്‍ നീര് വരിക, ശ്വാസംമുട്ടുണ്ടാകുക, ശരീരമാകമാനം ചൊറിച്ചല്‍ ഉണ്ടാകുക തുടങ്ങിയവ കാണപ്പെടുന്നു.

 

വൃക്കരോഗനിര്‍ണ്ണയത്തിനുള്ള പരിശോധനകള്‍


വൃക്കരോഗത്തിന്റെ പ്രാഥമിക പരിശോധനകള്‍ ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭ്യവുമാണ്. രക്തത്തിലെ ക്രിയാറ്റിന്‍, യൂറിയ എന്നിവയുടെ അളവ് കൂടി കാണപ്പെടുന്നു. കൂടാതെ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ് എന്നിവയുടെ അളവിലും വ്യത്യാസം കാണുന്നു. മൂത്രത്തില്‍ പ്രോട്ടീനോ രക്താണുക്കളോ കാണപ്പെടുന്നു. വയറിന്റെ അള്‍ട്രാസൗണ്ട് വൃക്കകളുടെ വലിപ്പത്തെപ്പറ്റിയും വൃക്കകളിലുള്ള തടസ്‌സങ്ങളെപ്പറ്റിയും അറിവ് നല്‍കുന്നു.
യൂറോഗ്രാഫി, സിടി സ്‌കാന്‍. എംആര്‍എ സ്‌കാന്‍, ഡിടിപിഎ സ്‌കാന്‍ തുടങ്ങിയവ നടത്തുന്നു. വൃക്കകളെ ബാധിക്കുന്ന ഗേ്‌ളാമറുലോ നെഫ്രറ്റിസ് വിഭാഗത്തില്‍പ്പെടുന്ന രോഗങ്ങള്‍ക്ക് വൃക്കയില്‍ നിന്ന് അല്പം കോശം കുത്തിയെടുത്ത് പരിശോധിക്കുന്ന വൃക്ക ബയോപ്‌സി ചെയ്യുന്നു.

 

വൃക്കരോഗത്തിനുള്ള ചികിത്സകള്‍ എന്തൊക്കെയാണ്

 

പ്രാഥമികമായി വൃക്കകളെ ബാധിക്കുന്ന ഗേ്‌ളാമറുലോ നെേഫ്രറ്റിസ് വിഭാഗത്തില്‍പ്പെടുന്ന രോഗങ്ങള്‍ക്ക് കിഡ്‌നി ബയോപ്‌സി ചെയ്തു വ്യക്തമായി രോഗം നിര്‍ണ്ണയിച്ച് അവയ്ക്കുള്ള പ്രത്യേകമായ ചികിത്സ ചെയ്യുന്നു. എഴുപത് ശതമാനത്തിലധികം സ്ഥായിയായ വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത് ജീവിതശൈലീ രോഗങ്ങള്‍കൊണ്ടാണ്. അതിനാല്‍ അവ വരാതിരിക്കാന്‍ വേണ്ടി ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം എന്നിവ ശീലിക്കുക.ഇനി അഥവാ പ്രമേഹമോ രക്താതിസമ്മര്‍ദ്ദമോ വന്നുപോയാല്‍ അവ യഥാവിധി മരുന്നുകള്‍ കഴിച്ച് നിയന്ത്രണ വിധേയമാക്കണം. വേദന സംഹാരികള്‍, വൃക്കകള്‍ക്ക് ദോഷമുണ്ടാകുന്ന വസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം.വൃക്കരോഗം അന്തിമഘട്ടത്തിലാണെങ്കില്‍ ഡയാലിസിസിനെപ്പറ്റിയോ, വൃക്കമാറ്റി വയ്ക്കലിനെപ്പറ്റിയോ ചിന്തിക്കേണ്ടതും അവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുമാണ്. ചുരുക്കത്തില്‍ വൃക്കരോഗം വരാതെ നോക്കാന്‍, ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കുക.

 

ഇനി അഥവാ വന്നാല്‍ രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് യഥാവിധി ചികിത്സ നേടുക. അവസാനഘട്ടത്തിലാണ് രോഗം കണ്ടുപിടിക്കുന്നതെങ്കില്‍ കൂടി ഹതാശകാരേണ്ട കാര്യമില്ല. ആധുനിക സൗകര്യങ്ങളോടെ നടത്തുന്ന ഡയാലിസസ്, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവ കൊണ്ട് വൃക്കരോഗികള്‍ക്ക് ഇന്ന് വളരെ നല്ല രീതിയിലുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കുന്നു.

 

OTHER SECTIONS