കുഴിമന്തി അന്തകനോ?

By online desk.21 10 2019

imran-azhar

ഡോ. ബിജു ചക്രപാണി


രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ വഴുതക്കാട് നിന്ന് ഷവര്‍മ്മ പാഴ്‌സല്‍ വാങ്ങി കഴിച്ച യുവാവ് മരിച്ചു എന്ന വാര്‍ത്ത മറന്നു തുടങ്ങിയപ്പോഴിതാ വരുന്നു കൊല്ലത്ത് കുഴിമന്തി കഴിച്ച് മൂന്ന് വയസുകാരി മരിച്ച സംഭവം. അതോടെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി. കുഴിമന്തി പോലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കാനാണ് ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൊല്ലം ചടയമംഗലത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്നു വയസുകാരി മരിച്ച സംഭവത്തോടെയാണ് ഫുഡ്‌സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതികരണം. കുഴിമന്തി പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കി കുട്ടികളില്‍ വലിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ചടയമംഗലം കുരിയോട് കള്ളിക്കാട് അംബികാഭവനത്തില്‍ സാഗറിന്റേയും പ്രിയ ചന്ദ്രന്റേയും ഏക മകള്‍ ഗൗരിനന്ദ (മൂന്ന്) യാണ് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഗൗരിനന്ദ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയത്. ഭക്ഷണം കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ എന്നാണ് പൊലീസ് പറഞ്ഞത്. കുഞ്ഞിന്റെ ജീവന്‍ നഷ്ടമായതിനു പിന്നാലെ കുടുംബം ഭക്ഷണം കഴിച്ച ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. ശേഷം വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നും മരണത്തിന് കാരണമായി പറയുന്നില്ല.

പേര് സൂചിപ്പിക്കുന്നത് പോലെ വേഗത്തില്‍ കഴിക്കാന്‍ വേണ്ടി, വേഗത്തില്‍ തയ്യാറാക്കുന്നവയാണ് ഫാസ്റ്റ്ഫുഡ്ഡുകള്‍. ഇവ നാരില്ലാത്തവയും അഡിക്ഷന്‍, രുചി, മണം എന്നിവ ഉണ്ടാക്കുന്ന സിന്തറ്റിക് ചേരുവകളാല്‍ സമൃദ്ധവുമാണ്. മാംസാഹാരങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന ഇത്തരം കുക്കറി സംവിധാനങ്ങള്‍ക്ക് നമ്മുടെ കുടുംബം ഒന്നാകെയും, കുട്ടികള്‍ പ്രത്യേകിച്ചും അടിമയാവുകയാണ്. ഇത്തരം പാചകത്തിന്റെ റെസിപ്പികള്‍ അറിയാത്തവരാണ് അത്തരം ആഹാരത്തിന് അടിമയാകുന്നവരില്‍ അധികവും. പാതി വേവിച്ചതോ, വെള്ളത്തില്‍ പുഴുങ്ങിയതോ ആയ ഇത്തരം മാംസം കറിയായും കുറുമയായും മാറുന്നത് അനുബന്ധമായി ചേര്‍ക്കുന്ന കൂട്ടുകളുടെ അളവു നോക്കിയാണ്.

ഫ്രൈയാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ എന്ന് തിളച്ചുതുടങ്ങിയെന്നോ, എത്ര തവണ തിളപ്പിച്ചെന്നോ ആര്‍ക്കും അറിവുണ്ടാവുകയുമില്ല. പലപ്പോഴും പതിവ് മസാല പൊടികളായ മല്ലിയും മുളകും മഞ്ഞളും ഷെല്‍ഫില്‍ സാന്നിദ്ധ്യം കാട്ടുകയും സോസുകളും ക്രീമുകളും ചട്ടിയില്‍ തിളയ്ക്കുകയും ചെയ്യും. കറിക്ക് കൊഴുപ്പു കിട്ടാന്‍, പശുവിന്‍പാല്‍ പോലും ഇറച്ചിക്കൊപ്പം പതഞ്ഞുമറിയും. ഇത്തരം വിരുദ്ധ പ്രോട്ടീനുകളുടെ സമ്മിശ്രണവും മസാലകളിലെ പ്രിസര്‍വേറ്റീവുകളും ഒക്കെ പ്രതിക്രിയയിലേര്‍പ്പെട്ട്, ചുരുക്കം ചിലര്‍ക്ക് ഗുരുതരവും മരണകാരിയുമായ അലര്‍ജി വരുത്താം.

റെഡിമെയ്ഡ് ചപ്പാത്തി, സിന്തറ്റിക് ബസുമതി റൈസ് എന്നിവയിലെ അപാകം, മുതല്‍ മയണേസ്, സോസ്, ജാം, ക്രീം, അച്ചാര്‍, മുതലാവയവ വഴി വരുന്ന കലര്‍പ്പുകളും ചിലപ്പോള്‍ കെണിയാകാം. ഇവയൊക്കെ ഹൈപ്പര്‍ സെന്‍സിറ്റീവായ ആള്‍ക്കാരില്‍ വൈറ്റല്‍ ഓര്‍ഗന്‍ ഫെയില്യുവര്‍ വരെ വരുത്താം. അതിനാല്‍, കുട്ടികളെ ഫാസ്റ്റുഫുഡ് ശീലിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

നിരന്തരം ഫ്രീസ് ചെയ്തും കനലില്‍ ചുട്ടതും ഗ്രില്‍ ചെയ്തും ബേക്ക് ചെയ്തും ടോസ്റ്റ് ചെയ്തും ഫ്രൈ ചെയ്തതും ഒക്കെ തയ്യാറാക്കി ബാക്കിയാവുന്നവ രാത്രി കടപൂട്ടുമ്പോഴും ഷെല്‍ഫിലെ സാന്നിദ്ധ്യമാവുകയും അവ കുപ്പത്തൊട്ടികളിലൊന്നും ഉപേക്ഷിക്കപ്പെട്ടതായി കാണാതിരിക്കുകയും ചെയ്യുമ്പോള്‍ അത്തരം ഭക്ഷണങ്ങളുടെ പരിശുദ്ധിയും ന്യായമായും സംശയിക്കപ്പെടേണ്ടതു തന്നെ.

ഇത്തരം ഭക്ഷണം ഇഷ്ടപ്പെടുന്ന കുട്ടികള്‍ ഇവ കഴിയ്ക്കുമ്പോള്‍ വേണ്ടത്ര ചവയ്ക്കാറില്ല. ഇഷ്ടവിഭവത്തോടുള്ള ആര്‍ത്തിയും സന്തോഷവും അനുബന്ധ കളി ചിരികളും വഴി ഇവയൊക്കെ തൊണ്ടയിലോ കുടലിലോ കുരുങ്ങിയേക്കാം. ഇവയും അപകടത്തിലേക്ക് നയിച്ചേക്കാം. വസ്തുതകള്‍ ഇതൊക്കെയാകുമ്പോള്‍, വര്‍ഷത്തിലൊരിക്കലോ മറ്റോ വേണമെങ്കില്‍ ആകാം എന്നുപറയാവുന്ന ഭക്ഷണ ശീലങ്ങള്‍, നിത്യവും നാലു നേരം ശീലമാക്കുന്നതും കുട്ടികളെ അത് ശീലിപ്പിക്കുന്നതും അത്യന്തം അപകടകരമാണെന്ന് പറയാതെ അറിയണം.

 

OTHER SECTIONS