ഔഷധമായി ഇലക്കറികള്‍

By Rajesh Kumar.02 11 2020

imran-azhar

 

ഡോ. നിസാമുദ്ദീന്‍ എ.
സീനിയര്‍ നാച്വറോപത്
(ഗവ. ഒഫ് ഇന്ത്യ)
നവജീവന്‍ പ്രകൃതിചികിത്സാലയം
തിരുവനന്തപുരം

 

 


ഇലക്കറികള്‍ ആരോഗ്യ വര്‍ദ്ധനവിന് ഒരു പ്രധാന ഘടകമാണ്. ഇലക്കറികള്‍ പച്ചയ്ക്കും വേവിച്ച് തോരനായും പച്ചക്കറികളോട് ചേര്‍ത്ത് ജ്യൂസാക്കിയുമൊക്കെ കഴിക്കാം. ഇറച്ചിയും മീനും ധാരാളം കഴിക്കുന്നവര്‍ക്ക് ഇലക്കറികള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. അറബികള്‍ നാം കഴിക്കുന്നതിനേക്കാള്‍ ധാരാളം ഇറച്ചി കഴിക്കുകയും അതുപോലെ തന്നെ ഇലക്കറികള്‍ ധാരാളം കഴിക്കുകയും ചെയ്യുന്നു.


പാശ്ചാത്യരും ഉത്തരേന്ത്യക്കാരും ധാരാളം ഇലക്കറികള്‍ കഴിക്കുന്നവരാണ്. എന്നാല്‍, കേരളീയര്‍ മാത്രം ഇലക്കറികളോട് അവജ്ഞയും അവഗണനാ മനോഭാവവും പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ, മലയാളികള്‍ ആശുപത്രിയില്‍ സ്ഥിരം താമസക്കാരുമാണ്.
പച്ചയ്ക്ക് കഴിക്കാവുന്ന ഇലകള്‍, പച്ചക്കറി സലാഡിനോടൊപ്പം ചേര്‍ത്ത് ഉച്ചയ്ക്ക് ഒരു നേരം ഇറച്ചിയും മീനും കഴിക്കുന്നത് വളരെ നല്ലതാണ്. പൊരിച്ച് കഴിക്കുന്നത് പരമാവധി ഒഴിവാക്കിയാല്‍ മതി. ഇറച്ചിക്കും മീനിനുമൊപ്പം ഇലക്കറികളും പച്ചക്കറി സലാഡും ചേര്‍ത്ത് കഴിക്കുന്നതിലൂടെ ആമാശയത്തിനുണ്ടാകുന്ന ദോഷങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയും.
പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. അതുകൊണ്ട് ധാരാളം ഇലക്കറികള്‍ നിത്യജീവിതത്തില്‍ ശീലമാക്കണം. പച്ചക്കറിയായി ഉപയോഗിക്കുന്ന മിക്കവാറും പച്ചക്കറികളുടെ ഇലകളെ, ഇലക്കറികളായി ഉപയോഗിക്കാം.

 

പച്ചയ്ക്ക് കഴിക്കാം

 

മല്ലിയില:
സുഗന്ധമുള്ള ഇലകളോട് കൂടിയ, 90 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഔഷധസസ്യമാണ് മല്ലി. ഇതിന്റെ ഇലയും കായും കറിമസാലകളായി ഉപയോഗിക്കുന്നു. ഇവ ഭാരതത്തില്‍ വിപുലമായരീതിയില്‍ കൃഷി ചെയ്തുവരുന്നു. കഫ വിസര്‍ജ്ജന സഹായിയും ദഹനശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. തലവേദന ശമിപ്പിക്കുന്നതിന് മല്ലിയിലയും ചന്ദനവും ചേര്‍ത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്. മോണപഴുപ്പിനും പല്ലുദ്രവിക്കുന്ന രോഗത്തിനും മല്ലിയില ചവച്ചുതുപ്പുന്നത് നല്ലതാണ്. മൂത്രതടസ്സം മാറാന്‍ മല്ലി പൊടിച്ച് ഇളനീരില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. നിശാന്ധത മാറുന്നതിന് 20 ഗ്രാം മല്ലിയില നീര് ദിവസവും സേവിക്കുന്നത് നല്ലതാണ്. ചൂയിംഗത്തിനു പകരമായും പുകവലി, മദ്യപാനം ഒഴിവാക്കിയവര്‍ക്ക് അതിന്റെ വിചാരം ഇല്ലാതാക്കാനും ഇല ചവച്ചരച്ച് നീര് ഇറക്കാം. പ്രമേഹത്തിനും വളരെ നല്ലതാണ്. മല്ലിയില ജൂസാക്കിയോ ചെറുതായി അരിഞ്ഞ് പച്ചക്കറി സലാഡിനോട് ചേര്‍ത്തും കഴിക്കാം.

 

കറിവേപ്പില: വിറ്റാമിന്‍ എ കൊണ്ട് സമൃദ്ധമാണ് കറിവേപ്പില. വളരെയേറെ ഔഷധ മൂല്യമുള്ളതും പോഷക സമൃദ്ധവുമാണ്. ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും രുചി വര്‍ദ്ധിപ്പിക്കുന്നതിനും നാം ധാരാളം ഉപയോഗിക്കുന്നു. ദഹനക്കുറവ്, വിളര്‍ച്ച, അതിസാരം, വയറുകടി എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
കറുത്തമലവും, രക്തവും പോകുന്ന അതിസാരത്തിന് കറിവേപ്പിന്റെ കുരുന്നില ചവച്ചരച്ച് തിന്നുന്നത് നല്ലതാണ്. വിഷജന്തുക്കള്‍ കടിച്ചാല്‍ കറിവേപ്പില പാലിലിട്ട് വേവിച്ച് കടിച്ചിടത്ത് പുരട്ടുക. വിഷം കൊണ്ടുള്ള വേദനയ്ക്കും നീരിനും ശമനം ലഭിക്കും. വിട്ടുമാറാത്ത തുമ്മലിന് കറിവേപ്പിലയും മഞ്ഞളും ജൂസാക്കി 90 ദിവസം കഴിക്കണം. അകാല നര പരിഹരിക്കുന്നതിന് കറിവേപ്പില ഇട്ട് എണ്ണകാച്ചി തേയ്ക്കുക. കൃമിശല്ല്യത്തിന് വളരെ നല്ലതാണ്.
ജൂസാക്കിയും ചെറുതായി അരിഞ്ഞ് സലാഡിനോട് ചേര്‍ത്തും തേങ്ങയോട് ചേര്‍ത്തരച്ച് ചമ്മന്തിയായും ഉപയോഗിക്കാം.

 

വാഴയില:
പണ്ടുകാലത്ത് ഭക്ഷണം കഴിക്കാന്‍ മലയാളികള്‍ പാത്രത്തിനുപകരം ഉപയോഗിച്ചിരുന്നത് വാഴയിലയാണ്. ഇപ്പോഴും സദ്യക്ക് വാഴയില പ്രധാനപ്പെട്ടതാണ്. ഭക്ഷണങ്ങള്‍ വാഴയിലയില്‍ കഴിക്കുന്നത് ദഹനരസം ഉല്പാദിപ്പിക്കാനും ഗ്യാസ്ട്രബിള്‍ മാറാനും സഹായകമാണ്. തൊലിപ്പുറത്തുണ്ടാകുന്ന പൊള്ളലിന് വാഴയിലയില്‍ കിടത്തി വാഴപ്പോളയുടെ നീര് തുടര്‍ച്ചയായി ഒഴിക്കുന്നത് നല്ലതാണ്. വാഴയില അരച്ച് നെറ്റിയില്‍ പുരട്ടുന്നത് തലവേദന ശമിക്കുന്നതിനും നല്ലതാണ്.പുതിനയില:
നല്ല സുഗന്ധമുള്ള ചെടിയാണ് പുതിനയില. പുതിനയില ചേര്‍ത്ത് നാരങ്ങാവെള്ളം വളരെ ആസ്വാദകരവും രുചികരവുമാണ്. ക്ഷാരഗുണം കൂടുതലുള്ളതുകൊണ്ട് ഉദരപ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍, കൃമിശല്ല്യം, വിരശല്ല്യം, വന്‍കുടലിനും ചെറുകുടലിനുമുള്ള പ്രശ്‌നങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയ്ക്കും രക്തശുദ്ധിക്കും വളരെ നല്ലതാണ്. പുതിന ഹൃദ്രോഗത്തിന് വളരെ ഫലപ്രദമാണ്.
ജൂസാക്കിയും ചൂയിംഗത്തിന് പകരമായും ചെറുതായി അരിഞ്ഞ് സലാഡിനോട് ചേര്‍ത്തും പച്ചയ്ക്ക് ഉപയോഗിക്കുന്ന തൈരില്‍ അരിഞ്ഞ് ചേര്‍ത്തും മോര് വെള്ളത്തില്‍ ചേര്‍ത്തും തേങ്ങയില്‍ പുതിന അരച്ച് ചേര്‍ത്ത് ചമ്മന്തിയായും ഉപയോഗിക്കാം.

 

വേവിച്ച് കഴിക്കാം

 

മുരിങ്ങയില:
പോഷകങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതരോഗങ്ങള്‍, രക്തസമ്മര്‍ദം, നീര് എന്നിവ ഇല്ലാതാക്കുന്നു. വ്രണം, വിഷം എന്നിവ ശമിക്കാനും നേത്രരോഗങ്ങള്‍ക്കും വളരെ ഫലപ്രദമാണ്. ആസ്ത്മ, കൊളസ്‌ട്രോള്‍, രക്തകുറവ്, കൈകാല്‍കഴപ്പ് എന്നിവക്ക് വളരെ നല്ലതാണ്. മുരിങ്ങയില, കായ, പൂവ് എന്നിവ നിത്യവും ഭക്ഷണത്തില്‍ ഉപയോഗിക്കുക. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ അതിവിശേഷമാണ്. രക്തസമ്മര്‍ദ്ദത്തിന് മുരിങ്ങയിലസൂപ്പ് വളരെ ഫലപ്രദമാണ്. മുരിങ്ങയില തോരന്‍ രുചികരമാണ്. ഉപ്പ് വളരെ കുറച്ചേ ഇടാവൂ.

 

ചീരയില:
ധാതുലവണങ്ങള്‍ ചീരയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാവിധ ചര്‍മ്മരോഗങ്ങള്‍ ശമിക്കുവാനും ചീരയില ഉത്തമമാണ്. രക്തശുദ്ധി, രുചിയില്ലായ്മ, മലബന്ധം, ദഹനക്കേട്, ദന്തരോഗങ്ങള്‍, നാഡീരോഗങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവയ്ക്കും അത്യുത്തമമാണ്.
ചീരയ്ക്ക് വിവിധതരം ഗുണങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന കുപ്പചീര വളരെ ഫലപ്രദമാണ്. ത്വക്ക്‌രോഗങ്ങള്‍ക്ക് ചുവന്ന ചീരയാണ് വളരെ നല്ലത്. ചീരയില ജ്യൂസ് ആക്കി കുടിക്കുന്നത് ത്വക്ക്‌രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്. പച്ചചീരയും ഈ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. തോരനായി ഉപയോഗിക്കുമ്പോള്‍ ഉപ്പ് കുറച്ചേ ഉപയോഗിക്കാവൂ.

 

തഴുതാമ:
നിലത്ത് 2 മീറ്റര്‍ നീളത്തില്‍ പടര്‍ന്ന് പന്തലിക്കുന്ന ഔഷധിയാണ്. ഭാരതത്തില്‍ വ്യാപകമായി കണ്ടുവരുന്നു. ഹൃദയത്തേയും വൃക്കയേയും ഉത്തേജിപ്പിക്കുന്ന ഇവ മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തുന്നതിനും, മലത്തെ നന്നായി ഇളക്കിവിടാനും നീര്, ചുമ എന്നിവ ശമിക്കുന്നതിനും സഹായിക്കുന്നു. തോരനായി ഉപയോഗിക്കാന്‍ കൊള്ളാവുന്ന ചെടിയാണ് തഴുതാമ.

 

ചെറുപയര്‍ ഇല:
ധാരാളം അന്നജം അടങ്ങിയിട്ടുള്ള ഇലയാണ് ചെറുപയര്‍ ഇല. വയറിളക്കം, മഞ്ഞപ്പിത്തം, ജ്വരം, രക്തപിത്തരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ദഹനക്കുറവ്, മൂത്രതടസ്സം, മുലപ്പാല്‍ ദുഷിക്കല്‍ എന്നിവയ്ക്ക് നല്ലതാണ്. ചെറുപയര്‍സൂപ്പ് മുലപ്പാലിന്റ വര്‍ദ്ധനവിനും ശുദ്ധിയാക്കാനും സഹായിക്കുന്നു. തോരന് നല്ലതാണ് ഇതിന്റെ ഇല.

 

 

OTHER SECTIONS