കരളിന്റെ കരളേ പിണങ്ങല്ലേ..

By online desk.04 10 2019

imran-azhar

 

മനുഷ്യ ശരീരത്തില്‍ ഒട്ടെറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരള്‍. കരളിനെ ബാധിക്കുന്ന രോഗമാണ് സിറോസിസ്. അമിതമദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍ എന്നിവ മൂലമാണ് പ്രധാനമായും കരള്‍ സിറോസിസ് സംഭവിക്കുന്നത്. കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രോസിസ്, വീങ്ങിയ കോശങ്ങള്‍, സ്റ്റാര്‍ ടിഷ്യൂകള്‍ തുടങ്ങിയ രൂപത്തിലുള്ള കേടായ കോശങ്ങള്‍ രൂപപ്പെട്ട് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്.

വയറിന്റെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന കരളിന് 1500 ഗ്രാം ഭാരമാണുള്ളത്. അതാകട്ടെ മൊത്തം ശരീരഭാരത്തിന്റെ നാല്‍പ്പതില്‍ ഒരു ഭാഗത്തോളം മാത്രമാണ്. കരളിന്റെ ഭാരത്തിന്റെ 90 ശതമാനത്തോളം വെള്ളമാണ്. കരളിലെ കോശങ്ങളിലും കരളിലൂടെ സഞ്ചരിക്കുന്ന രക്തത്തിലുമാണ് ജലാംശം അടങ്ങിയിരിക്കുന്നത്. ഇളം പിങ്ക് നിറമുള്ള കരള്‍ വളരെ മൃദുവായ ഒരവയവമാണ്.
അത്ഭുതകരമായ പുനരുജ്ജീവനശേഷിയാണ് കരളിനുള്ളത്. മനുഷ്യശരീരത്തിലെ ഏറ്റവും അധികം പുനരുജ്ജീവനശേഷിയുള്ള അവയവവും കരളാണ്. കരളിന്റെ നാലില്‍ മൂന്ന് ഭാഗത്തോളം മുറിച്ചു നീക്കിയാലും ഏതാണ്ട് ആറു മുതല്‍ എട്ട് ആഴ്ച കൊണ്ട് കരള്‍ പൂര്‍വസ്ഥിതിയിലാകും കരളിലെ കോശങ്ങള്‍ കൂടാതെ ബിലിയറി കോശങ്ങളും എന്‍ഡോത്തീലിയല്‍ കോശങ്ങളുമൊക്കെ അമിതവേഗത്തില്‍ വിഭജിച്ചാണ് ഈ പുനരുജ്ജീവന പ്രക്രിയ സാധ്യമാകുന്നത്. ഹെപ്പറ്റോ സൈറ്റ് ഗ്രോത്ത് ഫാക്ടര്‍, ഇന്റര്‍ ല്യൂക്കിനുകള്‍, ഇന്റര്‍ഫെ റോണ്‍ ആല്‍ഫാ തുടങ്ങിയ നിരവധി ഘടകങ്ങള്‍ കരള്‍ കോശങ്ങളെ ദ്രുതഗതിയില്‍ വിഭജിക്കാന്‍ സഹായിക്കുന്നുണ്ട്. അവിശ്വസനീയമെന്ന് തോന്നിയേക്കാവുന്ന ഈ സവിശേഷതകൊണ്ടാണു ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്കു കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നത്.

അപാരമായ സഹനശേഷിയും സംയമനശേഷിയുമാണ് കരളിന്. കരളിന്റെ 80 ശതമാനത്തോളം കലകള്‍ നശിച്ചു പോയാലും യാതൊരു മുടക്കവും കൂടാതെ, ഒരു കുറവും വരുത്താതെ നിശ്ശബ്ദമായി സ്വധര്‍മ്മം നിര്‍വഹിക്കുവാന്‍ കരളിന് കഴിയും.
മനുഷ്യ ശരീരത്തിലെ സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കുന്ന സൂപ്പര്‍ കംപ്യൂട്ടറാണ് കരള്‍. അതുകൊണ്ടു തന്നെയാണ് ശരീരകോശങ്ങളിലെ പവര്‍ സെല്ലുകളായ മൈറ്റോകോണ്‍ട്രിയ കരളിലെ കോശങ്ങളില്‍ ഏറ്റവും കൂടുതലായി നിറച്ചു വച്ചിരിക്കുന്നത്, ഫുള്‍ ചാര്‍ജ് ചെയ്ത് വച്ചിരിക്കുന്ന ബാറ്ററി പോലെ.

നാം കഴിക്കുന്ന ഭക്ഷണത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നീ ഘടകങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സ് കരളാണ്. കരളിന് പ്രവര്‍ത്തന തകരാര്‍ ഉണ്ടാകുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ തുലനാവസ്ഥ തകിടം മറിയുന്നു. വണ്ടി ഓടാന്‍ പെട്രോള്‍ വേണ്ടതുപോലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട ഇന്ധനമായ കാര്‍ബോഹൈഡ്രേറ്റിനെ വേണ്ടതുപോലെ ഉപയോഗിക്കാനും സംഭരിച്ചു വയ്ക്കാനും കരള്‍ വേണം.

രക്തത്തില്‍ അധികമുള്ള ഗ്‌ളൂക്കോസിനെ ആപത്തുകാലത്ത് ഉപയോഗത്തിനായി ഗൈ്‌ളക്കോജനായി ശേഖരിച്ചു വയ്ക്കുന്നത് കരളാണ്. കൂടാതെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഗൈ്‌ളക്കോജനെ വിഘടിപ്പിച്ച് ഗ്‌ളൂക്കോസായി മാറ്റാനും വിതരണം ചെയ്യാനും കരളിന് കഴിയും. ഇതിനു പുറമേ അന്നജേതര സ്രോതസുകളായ അമിനോ ആസിഡുകളില്‍ നിന്ന് ഗ്‌ളൂക്കോസ് ഉല്‍പാദിപ്പിക്കാനും കരളിന് കഴിവുണ്ട്. ഗ്‌ളൂക്കോസിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ഉണ്ടാകുന്നതു മൂലമാണ് കരള്‍ രോഗമുള്ളവരില്‍ ഗ്‌ളൂക്കോസിന്റെ നില അമിതമായി താഴുന്നതു പോലെയുള്ള (ഹൈപ്പോഗൈ്‌ളസീമിയ) സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത്. മദ്യപാനികളില്‍ കണ്ടു വരുന്ന ക്ഷീണത്തിന്റെ കാരണങ്ങളിലൊന്ന് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് അമിതമായി താഴുന്നതാണ്.

ശരീരത്തിലെ പ്രോട്ടീന്‍ ഘടകമായ ആല്‍ബുമിന്‍ ഉല്‍പാദിപ്പിക്കുന്നതും കരളാണ്. കരള്‍സ്തംഭനം ഉള്ളവരില്‍ ആല്‍ബുമിന്റെ ഉല്‍പാദനം കുറയുന്നതാണ് ശരീരത്തില്‍ നീരുണ്ടാകുന്നതിന് കാരണം. മദ്യപിച്ച് കരള്‍ തകര്‍ന്നവരുടെ വയര്‍ വീര്‍ത്ത് കൈയിലും കാലിലും നീരുണ്ടാകുന്നതിന്റെ കാരണവും ഇതു തന്നെ.


കരള്‍ കല്ലായാല്‍

ഈശ്വരന്‍ സൃഷ്ടിച്ചതില്‍ വച്ച് ഏറ്റവും മനോഹരമായ അവയവങ്ങളില്‍ ഒന്നാണ് കരള്‍. വളരെ മൃദുവായ ഉപരിതലം, മിനു സമേറിയ പൂ പോലെയുള്ള ഒരവയവം. എന്നാല്‍ കരള്‍ രോഗ ങ്ങളുടെ ഏറ്റവും അന്തിമഘട്ടമായ സിറോസിസ് ഉണ്ടാകുമ്പോള്‍ കരള്‍ കല്ലായി മാറുന്നു. കട്ടിയേറിയ കരളിന്റെ ഉപരിതലം ചെറുകുമിളകള്‍പോലെയുള്ള തടിപ്പുകള്‍ കൊണ്ട് നിറയുന്നു. കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്നു.

മദ്യപാനമാണ് സിറോസിസിനുള്ള ഏറ്റവും പ്രധാന കാരണ മെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറല്‍ രോഗാണുബാധയും സിറോസിസ് ഉണ്ടാക്കും. സിറോസിസ് ഉണ്ടാകുമ്പോള്‍ കരളിലെ കോശങ്ങള്‍ നശിക്കുകയും കരള്‍ നാരുകള്‍ കൊണ്ട് നിറയുകയും ചെയ്യുന്നു. കരളിന്റെ ഘടനയും ധര്‍മവും പൂര്‍ണമായും തകരാറിലാകുന്നു. ഔഷധങ്ങള്‍ ഒരു പരിധിവരെ ഫലപ്രദമാകുമെങ്കിലും ചികിത്സ യുടെ അവസാനവാക്കെന്ന നിലയില്‍ സിറോസിസ് രോഗികള്‍ക്ക് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

ലക്ഷണങ്ങള്‍

സിറോസിസ് ബാധിച്ച് ഏറെനാള്‍ കഴിഞ്ഞാവും ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകുക. അമിതക്ഷീണം, കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, വയറുവേദന, തൂക്കം കുറയുക, ഛര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചല്‍, വയറില്‍ വെള്ളം കെട്ടിക്കിടക്കുക, കാലുകളിലും ശരീരമാസകലവുമുള്ള നീര്, തലകറക്കം, ത്വക്കില്‍ രക്തക്കലകള്‍ പ്രത്യക്ഷപ്പെടുക, രക്തസ്രാവം, പനി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

അമിതമദ്യപാനം നിര്‍ത്തലാണ് ലിവര്‍ സിറോസിസ് ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രക്തത്തിലേക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിലൂടെ ഹെപ്പറ്റൈറ്റിസ് ബി,സി മുതലായ വരുന്നത് തടയുന്നു.
കരള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവരില്‍ ബാക്ടീരിയയും വൈറസും പെട്ടെന്ന് ബാധിക്കും. കരളിന്റെ പ്രവര്‍ത്തനം പതുക്കെയാകുമ്പോള്‍ രക്തശുദ്ധീകരണ പ്രക്രിയ തടസപ്പെടുകയും ഇതെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും.
സിറോസിസ് ബാധിച്ചവരില്‍ ലിവര്‍ കാന്‍സര്‍ വരാനുള്ള സാധ്യത 70 ശതമാനമാണെന്നും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

ടെസ്റ്റുകള്‍

സി.ടി സ്‌കാന്‍, ടോമോഗ്രാഫി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലാപ്രോസ്‌കോപ്പി, ലിവര്‍ ബയോപ്സി എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള പ്രധാന ടെസ്റ്റുകള്‍.

 

OTHER SECTIONS