അപകടത്തില്‍ ചെവി നഷ്ടപ്പെട്ടു; കൈത്തണ്ടയില്‍ ചെവി വളര്‍ത്തി വച്ചുപിടിപ്പിച്ചു

By Abhirami Sajikumar.14 May, 2018

imran-azhar

 

 

രണ്ടു വർഷം മുൻപു നടന്ന കാർ അപകടത്തിൽ ചെവി നഷ്ടമായ അമേരിക്കന്‍ സൈനികയ്ക്ക് പുതിയ ചെവി ശാസ്ത്രലോകം  വച്ചുപിടിപ്പിച്ചു. ഷിമിക ബുറാജെ എന്ന യുവതിയാണ് പുതിയ ചെവിയുമായി ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്.

ടെക്സാസില്‍ വച്ചു രണ്ടു വർഷം മുന്‍പുണ്ടായ അപകടത്തിലാണ് ഇടതു ചെവി പൂര്‍ണമായും അറ്റു പോയത്. 21 കാരിയായ ഷിമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് അവരുടെ കൈത്തണ്ടിലെ ത്വക്കിനടിയില്‍ ചെവി വളര്‍ത്തിയെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിച്ചു.

 

അമേരിക്കന്‍ സൈന്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ്  ഇത്തരത്തിൽ ഒരു പുനർസൃഷ്ടി. എല്‍ പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ. വൈകാതെ ഷിമിക കേള്‍വിശക്തിയും തിരിച്ചു പിടിച്ചു. ഇപ്പോള്‍ പൂര്‍ണാരോഗ്യവതിയായി ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഈ യുവതി.

 

യുവതിയായ സൈനികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സയാണ് തങ്ങള്‍ നല്‍കിയതെന്ന് സൈന്യത്തിലെ അധികൃതര്‍ പറയുന്നു. അമേരിക്കയില്‍ നടത്തിയ ഏറ്റവും വലിയ ചെവി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. 

 

2016 ലാണ് കാറിന്റെ മുന്‍ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇവര്‍ അപകടത്തില്‍ പെടുന്നത്. 700 അടിയോളം കാര്‍ തലമേല്‍ മറിഞ്ഞു. ചെവി നഷ്ടപ്പെട്ടത് ഉൾപ്പടെ നട്ടെല്ലിലും തലയിലും ഗുരുതരമായ പരിക്കുകൾ ഷിമികയ്ക്കുണ്ടായിരുന്നു. 

 

 

അപകടത്തിനു ശേഷം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഷിമികയുടെ ജീവൻ നഷ്ടമാകുമെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ അവര്‍ ജീവിതത്തിലേക്കു തിരികെവന്നു. ചെവി നഷ്ടപ്പെട്ട് എന്നറിഞ്ഞ ശേഷം ആദ്യം ഇത്തരമൊരു പരീക്ഷണത്തിന് ഷിമിക തയ്യാറല്ലായിരുന്നു. എങ്കിലും പിന്നീട് അവര്‍ ഇതുമായി സഹകരിക്കുകയായിരുന്നു. വൈദ്യശാസ്ത്രത്തില്‍ തന്നെ ഇത്തരത്തിലൊരു പരീക്ഷണം ഇത് ആദ്യമാണ്.