കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് കണ്ടുപിടിക്കുന്നതെങ്ങനെ?

By anju.11 01 2019

imran-azhar

പോഷകാഹാരക്കുറവ് ഇന്നും ഇന്ത്യ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. മതിയായ പോഷകം ലഭിക്കാതെ ഇങ്ങ് കേരളത്തിലും ഇന്നും ശിശുമരണങ്ങള്‍ സംഭവിക്കുന്നുണ്ട്.

 

കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ പോഷക സമൃദ്ധമായ ഭക്ഷണങ്ങളെക്കുറിച്ച് അറിവില്ലായ്മയും അത് ക്രമാനുസരണം കഴിക്കാത്തതുമാണ് പ്രധാന പ്രശ്‌നം. ഭ്ക്ഷണം കഴിക്കുക മാത്രമല്ല ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് കുഞ്ഞിന്റെ ഭാരവും, നീളവും നിശ്ചിത ഇടവേളകളില്‍ വിലയിരുത്തി സാധാരണഗതിയിലാണെന്ന് മനസ്സിലാക്കുകയാണ്. ഇതിലൂടെ കുഞ്ഞിന്റെ പോഷക നിലവാരവും സാധാരണഗതിയിലാണെന്ന് ഉറപ്പാക്കാനാകും.

 

കൃത്യമായ നിരീക്ഷണത്തിലൂടെ കുഞ്ഞിന്റെ വളര്‍ച്ചയില്‍ എവിടെയെങ്കിലും കുറവ് സംഭവിച്ചാല്‍ അതു കണ്ടെത്താനും പരിഹരിച്ച് മുന്നോട്ട് പോകുന്നതിനും സാധിക്കും. പ്രായത്തിനനുസരണമായ ഭാരവും, നീളവും കുഞ്ഞിന്റെ ആരോഗ്യപരമായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ജനിച്ച് ആറു മാസം വരെ മാസം തോറും കുഞ്ഞിന്റെ ഭാരം നോക്കേണ്ടതാണ്. ആറു മാസത്തിനും ഒരു വയസ്സിനും ഇടയില്‍ രണ്ട് മാസത്തിലൊരിക്കല്‍ കുഞ്ഞിന്റെ ഭാരം നോക്കാവുന്നതാണ്. ഒരു വയസ്സിനുശേഷം ആറു മാസത്തിലൊരിക്കല്‍ കുഞ്ഞിന്റെ ഭാരം നോക്കി സാധാരണഗതിയിലാണെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. കുഞ്ഞിന്റെ വളര്‍ച്ച ഗ്രോത്ത് ചാര്‍ട്ടില്‍ മൂന്നില്‍ താഴെയായാല്‍ പോഷകക്കുറവ് സംശയിക്കണം.

 

പോഷകക്കുറവുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം ഒരു വയസ്സിനും അഞ്ചു വയസ്സിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഭുജത്തിനും, കൈമുട്ടുകള്‍ക്കും നടുവിലുള്ള ഭാഗത്തിന്റെ ചുറ്റളവ് 13.5 സെന്റിമീറ്ററില്‍ കൂടുതലാണെങ്കില്‍ സാധാരണഗതിയിലുള്ള പോഷകനിലവാരം ഉണ്ടെന്ന് കണക്കാക്കാം. ചുറ്റളവ് 12.5 സെന്റിമീറ്ററിനും 13.4 സെന്റിമീറ്ററിനും ഇടയിലാണെങ്കില്‍ കുഞ്ഞിന് സാമാന്യരീതിയില്‍ പോഷകക്കുറവുണ്ടെന്നും, 12.5 സെന്റിമീറ്ററില്‍ താഴെയാണെങ്കില്‍ വലിയ തോതില്‍ പോഷകക്കുറവുണ്ടെന്നും കണക്കാക്കാം.

 

പോഷകാഹാരക്കുറവ് മൂലം നിരവധി പ്രത്യാഘാതങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. ആ പ്രത്യാഘാതങ്ങള്‍ ഇവയാണ്.


1.കുട്ടികളുടെ മരണനിരക്ക്: അഞ്ചു വയസില്‍ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്.

 

2.ഐക്യുവിലൂണ്ടാകുന്ന കുറവ്: ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളര്‍ച്ചാ മുരടിപ്പ് ദോഷകരമായി ബാധിക്കും. ഉദാസീനത, മന്ദത, കളികളിലും മറ്റു പ്രവൃത്തികളിലും ഏര്‍പ്പെടാനുള്ള താല്‍പര്യക്കുറവ് എന്നിവയ്ക്ക് ഇതു കാരണമാകുന്നു.

പോഷകാഹാരക്കുറവുമൂലം കുട്ടികളില്‍ ബുദ്ധിയുടെ അളവ് (ഐക്യു) 10 മുതല്‍ 15 പോയിന്റുവരെ കുറയുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നേരത്തെ പ്രതിപാദിച്ചതുപോലെ 12 മുതല്‍ 36 മാസങ്ങള്‍ക്കുള്ളിലെ വളര്‍ച്ചാ മുരടിപ്പ് കുട്ടികളെ പഠനത്തില്‍ പിന്നിലാക്കുന്നു.

 

3.വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം : വളര്‍ച്ചാമുരടിപ്പുണ്ടായ കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ വരുമാനത്തില്‍ 22 ശതമാനം നഷ്ടമുളളവരാക്കും. സാധാരണ വളര്‍ച്ചയിലൂടെ ആര്‍ജ്ജിക്കേണ്ട വരുമാനം ആര്‍ജ്ജിക്കാനാകാതെ വരുന്നതിനാലാണിത്.

 

4.ജീഡിപിയിലുണ്ടാകുന്ന നഷ്ടം: പോഷകാഹാരക്കുറവ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ആറു ശതമാനത്തോളം നഷ്ടമുണ്ടാക്കുന്നു. പോഷകാഹാരക്കുറവുമുലമുള്ള രോഗങ്ങള്‍ കാരണം ആളുകള്‍ക്ക് ജോലി ചെയ്യാനാകാത്തതും ഉത്പാദനക്ഷമത കുറയുന്നതുമാണ് ഇതിന്റെ കാരണങ്ങള്‍.

 

5.രോഗങ്ങള്‍ : വളര്‍ച്ചാമുരടിപ്പ് ഉള്ളയാള്‍ക്ക് പൊണ്ണത്തടി, (പമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയടക്കമുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

 

OTHER SECTIONS