മീസില്‍സ് നിസ്സാരമായ രോഗമല്ല

By Anju N P.03 Sep, 2018

imran-azhar

വെള്ളപ്പൊക്കത്തിനു ശേഷം പടര്‍ന്നുപിടിക്കാന്‍ വലിയ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് മീസില്‍സ് (മണ്ണന്‍, ചപ്പട്ട).

 

മീസില്‍സ് നിസ്സാരമായ രോഗമല്ല. മീസില്‍സിനെതിരായ കുത്തിവെയ്പ്പ് (MMR, MR വാക്‌സിനേഷന്‍) കുറഞ്ഞ സ്ഥലങ്ങളിലാണ് മീസില്‍സ് പകര്‍ച്ചവ്യാധിക്ക് സാധ്യത. ഇക്കഴിഞ്ഞ മീസില്‍സ്-റുബെല്ല (MR) വാക്‌സിനേഷന്‍ സമയത്ത് കുട്ടികള്‍ക്ക് പ്രതിരോധകുത്തിവെയ്പ്പ് നല്‍കാത്ത മാതാപിതാക്കള്‍ എത്രയും പെട്ടെന്ന് മീസില്‍സിനെതിരായ കുത്തിവെയ്പ്പ് കുട്ടികള്‍ക്ക് കൊടുക്കുക.

 

മീസില്‍സിനെതിരായ പ്രതിരോധകുത്തിവെയ്പ്പ് കുട്ടികളെ ശ്വാസകോശരോഗങ്ങളില്‍ നിന്നും ന്യുമോണിയയില്‍ നിന്നും രക്ഷിക്കും എന്നറിയുക.

 

പനിയാണ് മീസില്‍സിന്റെ പ്രധാന ലക്ഷണം. ശരീരത്തില്‍ വറുത്തുചുവന്ന മണല്‍ വിതറിയിട്ടപോലെ തിണര്‍പ്പുകളുണ്ടാവും. മൂക്കൊലിക്കും. കണ്ണു ചുവക്കും. കുട്ടി വളരെ അസ്വസ്ഥനായിത്തീരും.

 

രോഗം ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കുട്ടിക്ക് ചുമയുണ്ടാവും.

 

പ്രകൃതിദുരന്ത സമയത്തുണ്ടാകുന്ന മീസില്‍സ് ഒരു കാട്ടുതീയാണ്. അതിവേഗം രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കും. രോഗം മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്നത് അത്യന്തം ഗുരുതരമാണ്.

 

പ്രതിരോധകുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി കാര്യം പറയുക.

 

മീസില്‍സിനെതിരായി കുത്തിവെയ്‌പ്പെടുക്കാത്ത കുട്ടികള്‍ ഒരു പ്രദേശത്ത് കൂടുതല്‍ ഉണ്ടാകുന്നത് ഈ സമയത്ത് എല്ലാവര്‍ക്കും ഒരു പൊതുജനാരോഗ്യ വിപത്താണ്. വളരെ ശ്രദ്ധിക്കുക.