നെല്ലിക്കുഴി പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധക്ക് കാരണം വെള്ളത്തിൻ്റെ ശുദ്ധിയില്ലായ്മയും ഹോട്ടൽ ഭക്ഷണവുമെന്ന് റിപ്പോർട്ട്

By S R Krisdhnan.19 Apr, 2017

imran-azhar

Joshy Arackal

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ വർഷം ആദ്യം പടർന്നു പിടിച്ച മഞ്ഞപ്പിത്ത ബാധക്ക് ആധാരമായ കാരണങ്ങൾ അടങ്ങുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. എയിംസിൽ നിന്നടക്കമുള്ള ഡോ ക്ടർമാർ ഉൾപ്പെട്ട സംഘത്തിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർക്ക്  സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ലഭിച്ചത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായിരുന്നു നെല്ലിക്കുഴി പഞ്ചായത്തിലുടനീളം മഞ്ഞപ്പിത്തം പടർന്നു പിടിച്ചത്.തുടർന്ന് രോഗം ബാധിച്ച 5 പേർ മരിക്കുകയും രോഗം ബാധിച്ച നിരവധി പേർക്ക് ചികിത്സ നല്കുകയും ചെയ്തിരുന്നു. വൈറസ് ബാധയും, കരളിൻ്റെ പ്രവർത്തനത്തെ രോഗം ബാധിച്ചതുമാണ് മരണകാരണമായതെന്നാണ് മെഡിക്കൽ സംഘത്തിൻ്റെ കണ്ടെത്തൽ. രോഗം

പടരുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി സംഭവസ്ഥലം സന്ദർശിച്ച് രോഗം പടരാനിടയായ സാഹചര്യങ്ങൾ പരിശോധിക്കുന്നതിന് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ കണ്ടെത്തലുകൾ അടങ്ങുന്ന പ്രാഥമിക റിപ്പോർട്ടാണിപ്പോൾ പുറത്തു വന്നിട്ടുള്ളത്. കനാലുകളാലും ഡ്രെയിനേജുകളാലും ചുറ്റപ്പെട്ട പഞ്ചായത്തു പ്രദേശത്തെ ജലത്തിൻ്റെ ഗുണനിലവാരമില്ലായ്മയാണ് രോഗം പടരാനുള്ള കാരണങ്ങളിൽ ഒന്നായി മെഡിക്കൽ സംഘം വിലയിരുത്തിയിട്ടുള്ളത്.പുതിയതായി നെല്ലിക്കുഴിയിൽ ആരംഭിച്ച ഹോട്ടലിൽ നിന്നും തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചവരിൽ രോഗ ബാധയുണ്ടായതായും ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടർന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഒരു ഹോട്ടലിൻ്റെ കിണർ തൊട്ടടുത്ത വീട്ടിലെ ഡ്രെയിനേജിനോട് 5 മീറ്റർ മാത്രം അകലത്തിലാണ് നിർമ്മിച്ചിട്ടുള്ളത് എന്നും ഹോട്ടലിൽ ഉപയോഗിച്ചിരുന്ന ജലത്തിൻ്റെ ശുദ്ധിയെ ഇത് ബാധിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ട്.പഞ്ചായത്ത് പ്രദേശത്തെ ഐസ് ക്രീം പാർലറുകളിൽ നിന്നും മറ്റും ഐസ് ക്രീം, സിപ് അപ് പോലുള്ള ഭക്ഷണപാനീയങ്ങൾ ഉപയോഗിച്ച വരിലും രോഗബാധയേറ്റിരുന്നതായി പറയപ്പെടുന്നു.

    പഞ്ചായത്തിലുടനീളം കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നാണ് മെഡിക്കൽ സംഘത്തിൻ്റെ ശുപാർശകളിൽ പ്രധാനം. പുതിയതായി ആരംഭിക്കുന്ന ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നല്കുന്നതിന് മുൻപ് ഇവിടുത്തെ ഡ്രെയിനേജ് സംവിധാനം ഫുഡ് സേഫ്റ്റി അധികൃതർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും, കുടിവെള്ളത്തിൻ്റെ ശുദ്ധി പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. ജനങ്ങളിൽ കൂടുതൽ ശുദ്ധീകരണ ബോധവത്കരണം ദീർഘകാലയളവിൽ   നടത്തണമെന്നും ഇത് സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വ്യാപി പ്പിക്കണമെന്നും പ്രധാന ശുപാർശകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

OTHER SECTIONS