അവയദാനം കൈത്താങ്

By ഡോ.വാസുദേവന്‍.16 04 2019

imran-azhar


ഇരുപതുകാരിയായ മിടുക്കി, സുന്ദരിക്കുട്ടി. ഇക്കാലത്തെ കുട്ടികള്‍ക്കുവേണ്ട എല്ലാ കഴിവുകളും നേടിയിട്ടുണ്ട്. എല്ലാവരോടും നന്നായി പെരുമാറും, കൂട്ടുകൂടും. നല്ല സുഹൃത്തായിത്തീരും. ജീവിതത്തില്‍ പല മോഹങ്ങളും സ്വപ്‌നങ്ങളും ഉള്ള പെണ്‍കുട്ടി. ഒരു കൊല്ലം മുമ്പ് ബിസിനസ് വിദ്യാര്‍ത്ഥിയാകാന്‍ തയ്യാറാകുമ്പോഴാണ് അവള്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പലതവണ മൂത്രാശയ അണുബാധ വന്നു. വിദഗ്ദ്ധ ചികിത്സ തേടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വന്നു. എല്ലാ പരിശോധനകളും നടത്തിയശേഷം ഡോക്ടര്‍ പറഞ്ഞു: 'സൂക്ഷിക്കണം. ഒരു വൃക്ക ട്രാന്‍സ്പ്‌ളാന്റ് വേണ്ടിവരും. ഒരു ദാതാവിനെ കണ്ടെത്തണം.'


ഒരു വൃക്കദാതാവിനെ കണ്ടെത്തുന്നത് അത്ര ലളിതമല്ല. അമ്മ അതേ രക്തഗ്രൂപ്പ്. മറ്റ് അസുഖങ്ങളും ഇല്ല. അതിനാല്‍, അമ്മയെ ദാതാവാകാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കി എത്തിക്കല്‍ കമ്മിറ്റി ക്ലിയറനന്‍സ് നേടി, കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന്‍ നടത്തി. എന്നാല്‍, എല്ലാ വൃക്കരോഗികള്‍ക്കും ഇത്ര സുഗമമായി കാര്യങ്ങള്‍ നടക്കാറില്ല. ഒരു നല്ല ദാതാവിനെ ലഭിക്കാനുള്ള പ്രയാസം തന്നെ കാരണം.
മറ്റൊരു ഉദാഹരണം. മുപ്പതുകാരന്‍. കല്യാണം കഴിഞ്ഞ് അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. പെട്ടെന്ന് വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം കണ്ടുപിടിച്ചു. പരിശോധനകലില്‍ വൃക്കപരാജയം ഉണ്ടെന്നു മനസിലായി. ഉടന്‍ ഡയാലിസിസ് വേണം. പിന്നീട് വൃക്കമാറ്റിവയ്ക്കണം. അതിനായി, ഒരു ദാതാവിനെ കണ്ടുപിടിക്കണം. അമ്മ കൊടുക്കാന്‍ തയ്യാറാണ്. പരിശോധനകളും നടത്തി. കാര്‍ഡിയോളജി പരിശോധനകള്‍ കഴിഞ്ഞു. വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം കാരണം ശസ്ത്രക്രിയ റിസ്‌ക്ക് ആണെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. ദാതാവിന് റിസ്‌ക് എടുത്തുകൊണ്ട് ഒരു അവയവമാറ്റശസ്ത്രക്രിയയും പാടില്ല. ഈ തീരുമാനം ആ കുടുംബത്തെ വല്ലാതെ തളര്‍ത്തി. മറ്റൊരു ദാതാവ് അവരുടെ മുന്നില്‍ ഇല്ലായിരുന്നു. അവരുടെ വിഷമം പറഞ്ഞറിയിക്കാനാവില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങാണ് മസ്തിഷ്‌ക മരണത്തെത്തുടര്‍ന്നുള്ള അവയവദാനം. ഈ രീതിയില്‍ അവയവം ലഭിക്കും എന്ന പ്രതീക്ഷ മാത്രമാണ് അവരുടെ ഏക കച്ചിത്തുരുമ്പ്. ഇവര്‍ക്കുവേണ്ടിയാണ് മസ്തിഷ്‌കമരണത്തെ തുടര്‍ന്നുള്ള അവയവദാനം നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത്.

 

മസ്തിഷ്‌ക മരണദാതാവ്
നമ്മുടെ നാട്ടില്‍ ദിനംപ്രതി കുറേപേര്‍ റോഡ് ആക്‌സിഡന്റില്‍പ്പെട്ട് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സിക്കപ്പെടുന്നു. അതില്‍ ചിലര്‍ ഏറ്റവും നല്ല ചികിത്സ ലഭിച്ചാലും മരണപ്പെടുന്നു. ഇവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചാല്‍ തിരിച്ച് ഒരു സാധാരണ ജീവിതം സാദ്ധ്യവുമല്ല. ഈ അവസരത്തില്‍ രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നിയമം അനുവദിക്കുന്നു. ഇതുപ്രകാരം വൃക്കകള്‍, കരള്‍, കണ്ണുകള്‍, ഹൃദയം, ശ്വാസകോശങ്ങള്‍, കുടല്‍, തൊലി, കൈകള്‍ മുതലായവ ദാനം ചെയ്യാം. ഒരു ദാതാവിന് 6-8 രോഗികള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സാധിക്കുന്നു.

 

മൃതസഞ്ജീവനി നിലച്ചു
കേരളത്തില്‍, 2012 ല്‍ മൃതസഞ്ജീവനി വഴി മസ്തിഷ്‌കമരണ അവയവദാനം തുടങ്ങി. വളരെപ്പെട്ടെന്ന് ഇതിന് നല്ല പ്രചാരണം കിട്ടി. ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി കേരളം വളര്‍ന്നു. വളരെയേറെ രോഗികള്‍ക്ക് അവയവങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭിച്ചു.
എന്നാല്‍, 2016 ല്‍ ചില പത്രവാര്‍ത്തകളും ചില പ്രസ്താവനകളും അവയവദാനം ഒരു കച്ചവടമായി മാറിയെന്ന പ്രചാരണം നടത്തി. മസ്തിഷ്‌ക മരണ നിര്‍ണ്ണയം തന്നെ കോടതിയില്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്ന് ഗവണ്‍മെന്റ് ചില ഭേദഗതികള്‍ കൊണ്ടുവന്നു. ഇതോടെ മസ്തഷിക മരണം നിര്‍ണ്ണയിക്കുന്നതില്‍ വലിയ കുറവു വന്നു. ഇതുകാരണം ഈ പദ്ധതി ഏതാണ്ട് നിലച്ചപോലെയായി. അതോടെ അവയവത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടി. 2017-18 കാലയളവില്‍ വളരെ കുറച്ച് അവയവദാനം മാത്രമേ നടന്നുള്ളൂ എന്നാല്‍ റോഡ് ആക്‌സിഡന്റ് മൂലമുള്ള മരണം അതേപോലെ തുടര്‍ന്നു.പ്രശ്‌നപരിഹാരത്തിന് ഐഎംഎ
മസ്തിഷ്‌ക മരണ നിര്‍ണ്ണയത്തില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ മടിച്ചുനില്‍ക്കുന്നതിന് പരിഹാരം കണ്ടെത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍ ഡോകര്‍മാര്‍ക്കുവേണ്ടി നടത്തി. ന്യൂറോളജിസ്റ്റുകളുടെ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി മസ്തിഷ്‌ക നിര്‍ണ്ണയം ലളിതവും സുതാര്യവും ആകുന്നതിനു വേണ്ടി ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് നിയമിച്ച കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തു. നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിക്കുകയാണെങ്കില്‍ മസ്തിഷ്‌ക നിര്‍ണ്ണയത്തില്‍ നല്ല മാറ്റം വരും. അങ്ങനെ ഈ പദ്ധതി വീണ്ടും രോഗികള്‍ക്ക് പ്രയോജനപ്പെടും.

 

പ്രതീക്ഷയോടെ മുന്നോട്ട്
ദേശീയതലത്തില്‍ അവയവമാറ്റ ശസ്ത്രക്രിയ കൂടുതല്‍ നല്ല രീതിയില്‍ നടപ്പിലാക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ ഒരു സമഗ്രപദ്ധതി തുടങ്ങിക്കഴിഞ്ഞു. ഇതുപ്രകാരം കേരളത്തിന് ഒരു സോട്ടോ യൂണിറ്റ് അനുവദിച്ചു കഴിഞ്ഞു. സോട്ടോ യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായാല്‍ പല ആനുകൂല്യങ്ങളും സംസ്ഥാനത്തിന് കിട്ടും. ഇതില്‍ പ്രധാനം എല്ലാ കണക്ക് വിവരങ്ങളും ലഭിക്കുമെന്നതാണ്. എത്ര ഓപ്പറേഷന്‍ ചെയ്തു? എത്ര വര്‍ഷം സുഖമായി ജീവിച്ചു ഇതെല്ലാം. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യമേഖലകളിലുള്ള എല്ലാ ട്രാന്‍സ്പ്ലാന്റ് കേന്ദ്രങ്ങള്‍ക്കും ഒരു കോടി രൂപ അടിസ്ഥാന വികസനത്തിനായി ലഭിക്കും. പുതിയ കേന്ദ്രങ്ങള്‍ക്ക് ഇത് ഉപയോഗിച്ച് അടിസ്ഥാന സൗകര്യം നേടാം. പുതിയ റിട്രീവല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും സഹായം ലഭിക്കും. അവയവദാതാക്കള്‍ക്ക് സാമ്പത്തിക സഹായവും അവയവ സ്വീകര്‍ത്താക്കള്‍ക്ക് ഇമ്മ്യൂണോസപ്രസെന്റ് മരുന്നുകള്‍ വാങ്ങാന്‍ സാമ്പത്തിക സഹായവും ലഭിക്കും. ഈ സഹായങ്ങളെല്ലാം പദ്ധതിയെ കൂടുതല്‍ ശക്തമാക്കും. ഇതെല്ലാം രോഗികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.


OTHER SECTIONS