അസ്ഥി, സന്ധിരോഗ ചികിത്സയിലെ നൂതന രീതികളെ അടുത്തറിയാം ,,,,,

By Greeshma G Nair.09 Jan, 2017

imran-azhar

 

 

തിരുവനന്തപുരം: ആധുനിക ശസ്ത്രക്രിയയിലെ തന്നെ മികച്ച കണ്ടുപിടുത്തമായി അംഗീകരിക്കപ്പെട്ടിട്ടുള്ള സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും അതിനുപയോഗിക്കുന്ന ഇംപ്ലാന്റുകളും സാധാരണക്കാരന് അടുത്തറിയാനുള്ള അപൂര്‍വ അവസരം. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മെഡക്‌സിലാണ് അസ്ഥി, സന്ധിരോഗ ചികിത്സയിലെ നൂതന രീതികളെ അടുത്ത് പരിചയപ്പെടാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക്‌സ് വിഭാഗമാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്.

 


സന്ധി മാറ്റിവയ്ക്കല്‍ ചികിത്സയില്‍ ഏറ്റവും പുതുമ നിറഞ്ഞ സി.ആര്‍. മുട്ടുകളും സിറാമിക് ഇടുപ്പുകളും ഇവിടെ പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര നട്ടെല്ലു രോഗങ്ങള്‍ക്കുപയോഗിക്കുന്ന പെഡിക്കള്‍ സ്‌ക്രൂകള്‍, ഡിസ്‌ക്, തേയ്മാനം സംഭവിച്ച ഡിസ്‌കുകള്‍ നീക്കം ചെയ്ത് കൃത്രിമ കേജുകള്‍ ഘടിപ്പിക്കുന്ന രീതി എന്നിവ ഇവിടെ നിന്നും വിശദമായി അറിയാന്‍ സാധിക്കുന്നു.


നട്ടെല്ലിനുണ്ടാകുന്ന വളവുകളുടെ ചികിത്സാ രീതികളെ സസൂക്ഷ്മം മനസിലാക്കുന്നതിനുള്ള അവസരവും ഇവിടെയുണ്ട്. പൊട്ടലുകളില്‍ ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍ പിടിപ്പിച്ച ഗ്ലാസ് മോഡലുകളാണ് മറ്റൊരാകര്‍ഷണം. കൈകാലുകള്‍ക്ക് നീളം കുറഞ്ഞവര്‍ക്ക് നീളം കൂട്ടാന്‍ ഉപയോഗിക്കുന്ന ഇലിസറോവ് ചികിത്സാ രീതികളുടെ സങ്കേതിക വശങ്ങള്‍ മനസിലാക്കാനുള്ള വീഡിയോ പ്രദര്‍ശനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാദ വൈകല്യങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമാണ് മറ്റൊരാകര്‍ഷണം.


മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷിജു മജീദിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാര്‍ത്ഥി വോളന്റിയര്‍മാര്‍ സംശയ നിവാരണത്തിനായി പ്രദര്‍ശനം കാണാനെത്തുന്നവരെ സഹായിക്കാനുമുണ്ട്.


മെഡക്‌സിനെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കിയതിനാലും പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചും എല്ലാ പവലിയനുകളും സന്ദര്‍ശിക്കാന്‍ 100 രൂപ മാത്രം മതിയാകും. തിരക്ക് കാരണം രാത്രി 8.30 വരെ ടിക്കറ്റെടുക്കാനും 11 വരെ പ്രദര്‍ശനം കാണാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.


മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മെഡക്‌സ് പ്രദര്‍ശനത്തില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഒരുക്കിയ സ്റ്റാള്‍