വര്‍ക്കൗട്ട് ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ

By online desk.03 09 2019

imran-azhar

 

 

മണിക്കൂറുകളോളം മാസങ്ങളോളവും വര്‍ക്കൗട്ട് ചെയ്തിട്ടും ശരീരത്തിന്റെ വണ്ണം ആഗ്രഹിച്ച പോലെ കുറയുന്നില്ലെന്നാണോ നിങ്ങളുടെ പരാതി. എങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ വര്‍ക്കൗട്ട് രീതിയില്‍ ഡയറ്റിങ് രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുണ്ടെന്ന് തന്നെയാണ്. ഫിറ്റ്‌നസ് നോക്കിയിട്ടും വണ്ണം കുറയാത്തതിനെ പിന്നിലെ കാരണങ്ങള്‍ ഇവയൊക്കെ ആവാം.


1. എപ്പോഴും ഒരേ വര്‍ക്കൗട്ട് പിന്തുടരുന്നത്
വര്‍ക്കൗട്ടുകള്‍ ചെയ്ത് തുടങ്ങുന്ന കാലത്ത് ഏതെങ്കിലും പ്രത്യേക വര്‍ക്കൗട്ടുകളിലാവും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തുടക്കത്തില്‍ ഫലം കണ്ടുതുടങ്ങുന്നതോടെ നമ്മുടെ സ്ഥിരം വര്‍ക്കൗട്ടും അത് തന്നെയായി മാറും.
എന്നാല്‍ ഈ രീതി നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫലം തരില്ല. ഓരോ ശരീരഭാഗത്തിനും വ്യായാമം ലഭിക്കുന്ന തരത്തിലുള്ള വര്‍ക്കൗട്ടുകളാണ് ചെയ്യേണ്ടത്.
എങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന രീതിയില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.
2. കലോറിയെ അടിസ്ഥാനപ്പെടുത്തി വ്യായാമം ചെയ്യാത്തത്
ശരീരത്തിലെ കലോറിയെ എരിച്ചുകളയുന്നതാണ് ശരീരവണ്ണം നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാനം.
എന്നാല്‍ കലോറിയെ അടിസ്ഥാനപ്പെടുത്തി വ്യായാമം ചെയ്യാതിരുന്നാല്‍ ശരീരവണ്ണം നിയന്ത്രിക്കാനാവില്ല. അമിത ഭക്ഷണത്തിലൂടെയും മറ്റും അകത്തേക്കെത്തുന്ന കലോറിയെ എരിച്ചുകളയാനുള്ളതായിരിക്കണം വ്യായാമം.
3. തെറ്റായ പ്രീ വര്‍ക്കൗട്ട്/ പോസ്റ്റ് വര്‍ക്കൗട്ട് ആഹാരക്രമം
വര്‍ക്കൗട്ടിനു മുമ്പും ശേഷവും കഴിക്കുന്ന ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയില്ല. വെറും വയറ്റില്‍ വര്‍ക്കൗട്ട് ആരംഭിക്കരുത്.
വര്‍ക്കൗട്ട് ചെയ്യുന്നതിനായുള്ള ഊര്‍ജം ലഭിക്കുന്ന ഭക്ഷണം മുമ്പും, എന്നാല്‍ അമിത കലോറി ശരീരത്തിലെത്താത്ത തരത്തിലുള്ള ലഘുഭക്ഷണക്രമം വര്‍ക്കൗട്ടിന് ശേഷവും കഴിക്കണം.
4. വര്‍ക്കൗട്ടിനു ശേഷമുള്ള വിശ്രമം
ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന വര്‍ക്കൗട്ടിനു ശേഷം ഇരുന്നോ കിടന്നോ ഉള്ള ദീര്‍ഘനേര വിശ്രമമാണ് പലരുടേയും പതിവ്. എന്നാല്‍ ഇത് നല്ലതല്ല.
ദിവസം മുഴുവന്‍ ശരീരത്തിന് വ്യായാമം ലഭിക്കുന്ന തരത്തില്‍ ചെറു വ്യായാമങ്ങളിലോ, ജോലികളിലോ ഏര്‍പ്പെടുന്നത് ഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്.
5. ആവശ്യത്തിന് വെള്ളം കുടിക്കാത്തത്
നല്ല ആരോഗ്യം നിലനിര്‍ത്താനും ഭാരം നിയന്ത്രിക്കാനും നമ്മള്‍ കുടിക്കുന്ന വെള്ളത്തിനും പങ്കുണ്ട്.
ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടും. ഇത് അമിത അളവിലുള്ള കലോറി ശരീരത്തിലേക്കെത്തിക്കും.
വണ്ണം കുറയുന്നതിന് പകരം വണ്ണം കൂടാനാവും കാരണമാവുന്നത്.
അതുകൊണ്ട് വര്‍ക്കൗട്ടിനു ശേഷവും ദിവസം മുഴുവനും ധാരാളം വെള്ളം കുടിക്കണം.

 

OTHER SECTIONS