ആഗോള പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ പാലിയം ഇന്ത്യയുടെ നേതൃത്വത്തില്‍ രോഗീ-കുടുംബ സംഗമം

By Web Desk.09 10 2021

imran-azhar

 

 

തിരുവനന്തപുരം: ആഗോള സാന്ത്വന പരിചരണ ദിനമായ 2021 ഒക്ടോബര്‍ 9ന് പാലിയം ഇന്ത്യയുടെ പരിചരണത്തിലുള്ള രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. കോവിഡ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൂം മുഖേന ഓണ്‍ലൈനായാണ്‌ പരിപാടി നടന്നത്. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി മുഖ്യാതിഥിയായിരുന്നു. പാലിയേറ്റീവ് കെയര്‍ ആവശ്യമായിരുന്ന ഒരു സുഹൃത്തിനെ സഹായിക്കാന്‍ തനിക്ക് ലഭിച്ച അവസരവും, സാന്ത്വന പരിചരണം രോഗിയുടെയും കുടുംബത്തിന്‍റെയും ജീവിതത്തിലുണ്ടാക്കുന്ന മാറ്റവും അദ്ദേഹം പങ്കുവച്ചു. പാലിയം ഇന്ത്യയുടെ സി.ഇ.ഒ, മനോജ്‌ ജി.എസ് എല്ലാവരെയും സ്വാഗതം ചെയ്തു. ചെയര്‍മാന്‍ ഡോ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.


ശ്രീ പി.എം. കുര്യാക്കോസ്, അന്നമ്മ കുര്യാക്കോസ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന്‍റെ പ്രഖ്യാപനം ഡോ സുനില്‍ കുമാര്‍ എം.എം (അഡീഷണല്‍ ഡയറക്ടര്‍, ട്രിവാന്‍ഡ്രം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയന്‍സസ്, പാലിയം ഇന്ത്യ) നടത്തി. നടനും സംവിധയകനുമായ ശ്രീകാന്ത് മുരളി, നടി സീമ ജി. നായര്‍ എന്നിവര്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. പാലിയം ഇന്ത്യയുടെ പരിചരണത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. "വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇതു പോലെ എല്ലാവരെയും കാണാന്‍ കഴിയുന്നു എന്നത് മനസ്സിന് തരുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല", പരിപാടിയില്‍ പങ്കെടുത്ത, സാന്ത്വന പരിചരണം ലഭിക്കുന്ന ഒരു കിടപ്പുരോഗി പറഞ്ഞു.


എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയാണ് വേള്‍ഡ് ഹോസ്പൈസ് ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. ആഗോള തലത്തില്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക, പാലിയേറ്റീവ് കെയര്‍ ലഭ്യത ഉറപ്പുവരുത്തുക, തുടങ്ങിയവയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം. ഈ വര്‍ഷത്തെ ആഗോള ദിനത്തിന്‍റെ പ്രമേയം, “നീതിപൂര്‍വ്വം സാന്ത്വന പരിചരണം – ആരെയും വിട്ടു പോകാതെ” എന്നാണ്. അതായത്, ദേശീയത, ജാതി, മതം, ലിംഗഭേദം, ഭാഷ, ലൈംഗിക ആഭിമുഖ്യം, പ്രായം അല്ലെങ്കിൽ മറ്റേതെങ്കിലും പദവി എന്നിവ കണക്കിലെടുക്കാതെ, എല്ലാവർക്കും നീതിപൂര്‍വ്വം സാന്ത്വന പരിചരണം ലഭ്യമാക്കുക.


ദേശീയ തലത്തില്‍ പാലിയേറ്റീവ് കെയര്‍ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പാലിയം ഇന്ത്യ. സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുക എന്നത് കൂടാതെ, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, വിവിധ കേന്ദ്രങ്ങളില്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ തുടങ്ങാനുള്ള ട്രെയിനിംഗ് തുടങ്ങി പല വിധത്തില്‍ പാലിയം ഇന്ത്യ പ്രവര്‍ത്തിക്കുന്നു.

 

OTHER SECTIONS