പത്ത് സെക്കന്റില്‍ കാന്‍സര്‍ കണ്ടുപിടിക്കാനുള്ള പേനയുമായി ഗവേഷകര്‍

By Anju.10 Sep, 2017

imran-azhar

 

രോഗം നേരത്തെ കണ്ടെത്തുക മാത്രമാണ് കാന്‍സര്‍ രോഗ ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നേരത്തെ കണ്ടെത്താനായാല്‍ അതിന്റെ ചികിത്സയും എളുപ്പത്തിലാകുകയും അസുഖത്തെ വേരോടെ പിഴുതെറിയാനും ഇതു സഹായിക്കുന്നു. ഇതിനു സഹായിക്കുന്ന ഒരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഗവേഷകര്‍. ഇവര്‍ വികസിപ്പിച്ച പേന പോലുള്ള ഉപകരണം കൊണ്ട് പത്ത് സെക്കന്‍ഡിനകം കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാമെന്നാണ് അവകാശവാദം.

 

മാസ് സ്‌പെക് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം കൊണ്ട് ശരീരത്തില്‍ തൊട്ടാലുടന്‍ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. കോശങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് കാന്‍സര്‍ ഉണ്ടോയെന്ന് ഇവ കണ്ടെത്തുന്നത്. ശരീരത്തില്‍ നിന്ന് മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഈ ഉപകരണം ഏറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍.

 

ശസ്ത്രക്രിയ സമയത്ത് ശരീരത്തിലെ കാന്‍സര്‍ ബാധിച്ച ഭാഗങ്ങളെ പൂര്‍ണമായും നീക്കം ചെയ്യും. എന്നാല്‍ പലപ്പോഴും ഇത് സാധിക്കാതെ വരാറുമുണ്ട്. ഇത്തരമൊരു അവസ്ഥയെ ഫലപ്രദമായി മറികടക്കാമെന്നതാണ് മാസ് സ്‌പെക്കിനെ കൊണ്ടുള്ള മേന്‍മ. 96 ശതമാനം പരിശോധനകളിലും മാസ് സ്‌പെക്ക് കൃത്യമായ വിലയിരുത്തലുകളാണ് നടത്തിയതത്രെ. ഇത് വ്യാപകമായാല്‍ കാന്‍സര്‍ ചികിത്സ കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും നടത്താനാകും.

loading...