പൈൽസിനെ ചെറുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

By Anju N P.01 Mar, 2018

imran-azhar

 


നിത്യജീവിതത്തിലെ വില്ലനായി മാറിയിരിക്കുകയാണ് ഇന്ന് പൈല്‍സ്.പുരുഷന്‍മാരിലെന്നപോലെ സ്ത്രീകളും ധാരാളമായി ഈ അവസ്ഥ കണ്ടുവരുന്നു. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം. കൃത്യമായ ഔഷധങ്ങള്‍ കഴിച്ചും ആഹാരം, വ്യായാമം എന്നിവ ക്രമീകരിച്ചും അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കും.

 

ഉപ്പ്, എരിവ്, പുളി തുടങ്ങിയവ ഭക്ഷണത്തില്‍ അമിതമായി ഉള്‍പ്പടുത്തരുത്. ഇവയുടെ സ്ഥിരമായ അമിത ഉപയോഗം അര്‍ശസ്സ് വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

 

സ്ഥിരമായി മലബന്ധമുണ്ടാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ രാത്രികാലങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കൂടുതലായി കഴിക്കുകയും മാംസാഹാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം.

 

മണിക്കൂറുകളോളം അനങ്ങാതെ നിവര്‍ന്നിരുന്ന് ജോലി ചെയ്യുന്നവരില്‍ പൈല്‍സിനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇങ്ങനെയുള്ള ജോലികള്‍ സ്ഥിരമായി ചെയ്യുന്നവര്‍ ഇടയ്‌ക്കൊക്കെ എണീറ്റ് നില്‍ക്കുന്നതും അല്‍പമൊന്ന് നടന്നശേഷം ഇരിക്കുന്നതും പൈല്‍സിനെ തടുത്തു നിര്‍ത്തുവാന്‍ സഹായിക്കും.

 

വെള്ളം ധാരാളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നന്നായിരിക്കും.

 

പഴവര്‍ഗ്ഗങ്ങള്‍ നിത്യഭക്ഷണത്തിന്റെ ഭാഗമായി രാത്രി ഒരു നേരമെങ്കിലും ശീലമാക്കുക. വാഴപ്പഴങ്ങള്‍, ഓറഞ്ച്, മുന്തിരിങ്ങ തുടങ്ങിയവയും ഗുണകരമാണ്.

 

സസ്യവര്‍ഗ്ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പീച്ചിങ്ങ, ചീര, വെണ്ടയ്ക്ക, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവ ഭക്ഷണത്തില്‍ നിത്യേന ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുക.