മുഖക്കുരു, താരന്‍, ചൂടുകുരു മാറ്റാം

By online desk.26 03 2019

imran-azhar

പലരെയും അലട്ടുന്ന സാധാരണ പ്രശ്‌നങ്ങളാണ് മുഖക്കുരുവും താരനും ചൂടുകുരുവും. ഇതിന്റെ പരിഹാരമാര്‍ഗ്ഗങ്ങളും ചികിത്സയും അറിയാം.


മുഖക്കുരു: കൗമാരാരംഭത്തില്‍, മുഖത്തും നെഞ്ചത്തും പുറത്തും കുരുക്കളുണ്ടാകുന്നു. പ്രായപൂര്‍ത്തിയായതിനു ശേഷം കുരുക്കള്‍ കുറഞ്ഞുവരും. ഇതിനു പല കാരണങ്ങളുണ്ട്. സെബേഷ്യസ് ഗ്രന്ഥികളില്‍ നിന്നുള്ള സ്രവങ്ങള്‍ കൗമാരത്തിലുണ്ടാകുന്ന ആന്‍ഡ്രൊജന്‍ ഹോര്‍മോണുകള്‍ കാരണം കൂടുതയും അവ ഗ്രന്ഥികളില്‍ അടിയുകയും ചില അണുക്കള്‍ മൂലം ഇവ കുരുക്കളായി മാറുകയും ചെയ്യുന്നു. ചിലത് പഴുത്തുപൊട്ടുകയും ചെയ്യും. രോമകൂപങ്ങള്‍ക്കടിയിലേക്കുള്ള ഈ സ്രവം വിസര്‍ജ്ജിക്കപ്പെടുമ്പോള്‍ അവ തടിപ്പുകളായി മാറി. എണ്ണ ഗ്രന്ഥികളായതിനാല്‍ അണുബാധ മൂലം ഇവ കുരുക്കളാവും. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്നതാണെങ്കിലും ചില സാഹചര്യങ്ങളില്‍ മൂലം കുരുക്കള്‍ അധികരിക്കും.

 

മുഖത്തുപുരട്ടുന്ന ചില ലേപനങ്ങള്‍, ഗര്‍ഭനിരോധന ഗുളികകള്‍, അമിതമായി സൂര്യപ്രകാശമേല്‍ക്കുക, സ്റ്റിറോയ്ഡ് ഗുളികകള്‍ തുടങ്ങിയവ മുഖക്കുരു വര്‍ദ്ധിക്കാന്‍ കാരണമാകും. ചില രോഗങ്ങള്‍, ഉദാഹരണത്തിന് ഇപ്പോള്‍ സാധാരണമായ പോളിസിസ്റ്റിക് ഓവറി ഡിസീസ്, ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍, ചില ഔഷധങ്ങള്‍ (ടിബിക്കുള്ള ഔഷധങ്ങള്‍), ജോലി സ്ഥലത്തെയോ വീട്ടിലെയോ മാനസിക സമ്മര്‍ദ്ദങ്ങള്‍, കൊഴുപ്പ് കൂടിയ ആഹാരം ഇവയൊക്കെ മുഖക്കുരു കൂട്ടും.

 

 

താരന്‍: താരന്‍ വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു രോഗമാണ്. ശരിക്കും ഇതിനെ ത്വക്ക് രോഗമെന്നുപറയാന്‍ കഴിയില്ല. സാധാരണയായി തൊലിയില്‍ ദിനംപ്രതി അനവധി കോശങ്ങള്‍ ഇളകിപൊഴിയുന്നുണ്ട്. എണ്ണമയം കൂടുതലുള്ള ത്വക്ക് ഉള്ളവരില്‍ ഒരു പൂപ്പല്‍ബാധ ഈ കോശങ്ങളിലുണ്ടാവുകയും തന്മൂലം തലയില്‍ ചുവപ്പുനിറമുണ്ടാവുകയും തൊലി കട്ടിപിടിക്കുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യും.

 

 

സെബോറിക് ഏരിയാസ് എന്നുപറയുന്ന ചില ഭാഗങ്ങളില്‍ ഈ ഗ്രന്ഥികള്‍ കൂടുതലായി കാണപ്പെടുകയും (ഉദാഹരണത്തിന്, കണ്‍പോളകള്‍, മൂക്കിന്റെ വശങ്ങള്‍, നെഞ്ച്, പുറം) അവിടെയെല്ലാം ചെതുമ്പല്‍ പോലെ ഇളകുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്നതായി കാണാം. ചില മരുന്നുകള്‍ കഴിക്കുമ്പോഴും ഇതേ ലക്ഷണങ്ങള്‍ കാണാം. തലയില്‍ ഇന്‍ഫ്‌ളമേഷന്‍ കാരണം മുടി കൊഴിയുകയും ചെയ്യും.

OTHER SECTIONS