ഗര്‍ഭകാലത്ത് സ്ത്രീകളില്‍ വിഷാദരോഗം; അവയെ ചെറുക്കാന്‍ ചെയ്യേണ്ടത്

By priya.12 08 2022

imran-azhar

 

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശാരീരികവും മാനസികവുമായും ഏറ്റവുമധികം മാറ്റങ്ങളിലൂടെ കടന്നുപോകാറുണ്ട്. പല സ്ത്രീകള്‍ക്കും ഗര്‍ഭകാലത്ത് പ്രത്യേകമായി ചില ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉണ്ടാകാറുണ്ട്. ആ അസുഖങ്ങള്‍ പലപ്പോഴും പ്രസവത്തിന് ശേഷം ഭേദമാകാറുപ്രധാന പ്രശ്‌നമാണ് വിഷാദരോഗം. പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന വിഷാദരോഗം അഥവാ പോസ്റ്റുപാര്‍ട്ടം ഡിപ്രഷനെ കുറിച്ച് ചര്‍ച്ചകളുണ്ടാകാറുണ്ട്.ഗര്‍ഭകാലത്തെ വിഷാദത്തെ കുറിച്ച് അധികം ആരും പറയാറില്ല.

 

എന്നാല്‍ ഈ പ്രശ്‌നം വളരെ നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. ഏഴിലൊരു സ്ത്രീയെ എങ്കിലും ഗര്‍ഭകാല വിഷാദം പിടികൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് താല്‍ക്കാലികമായുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കാള്‍ ഉപരിയായി ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന പോലുള്ള പ്രശ്‌നങ്ങളാണ് അമ്മയിലോ കുഞ്ഞിലോ അവശേഷിപ്പിക്കുക. അതുകൊണ്ട് തന്നെയാണ് ഇത് നിസാരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത്.

 

ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ദുഖം, സ്വയം മൂല്യമില്ലെന്ന് തോന്നല്‍, ഉത്കണ്ഠ, ദേഷ്യം എന്നിവയെല്ലാം ഉണ്ടാകും. ജീവിതരീതികളില്‍ ചിലത് ശ്രദ്ധിക്കുന്നതിലൂടെ ഗര്‍ഭകാലവിഷാദത്തെ ഫലപ്രദമായി നേരിടാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ.

 


തെറാപ്പി

 

വിഷാദലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധരെ കണ്‍സള്‍ട്ട് ചെയ്യാം. അവരുടെ നിര്‍ദേശമനുസരിച്ച് തെറാപ്പി തേടാം. വിഷാദരോഗത്തിന് ഏറെ ഗുണം ചെയ്യുന്ന ചികിത്സാരീതിയാണ് തെറാപ്പി. ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞിട്ടും അത് അവഗണിക്കരുതെന്ന് സാരം.

 

വ്യായാമം

 

പലപ്പോഴായി വ്യായാമം ചെയ്യുന്നത് വിഷാദരോഗം ചെറുക്കുന്നതിനും അത് തീവ്രമാകാതിരിക്കുന്നതിനും സഹായകമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും നല്ലരീതിയില്‍ സ്വാധീനിക്കാം. വ്യായാമം ചെയ്യുമ്പോള്‍ പ്രധാനമായും സന്തോഷം നിദാനം ചെയ്യുന്ന ഹോര്‍മോണുകളായ സെറട്ടോണിന്‍, ഡോപമിന്‍ എന്നിവയെല്ലാം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് വിഷാദത്തിന്റെ ബുദ്ധിമുട്ടുകള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുന്നത്.


സിബിടി ( കൊഗ്‌നീറ്റിവ് ബിഹേവിയറല്‍ തെറാപ്പി)

 

ഗര്‍ഭകാല വിഷാദത്തെ കൈകാര്യം ചെയ്യുന്നതിന് ഫലപ്രദമായ ചികിത്സാരീതിയാണ് സിബിടി. ഒരു വ്യക്തി അയാളുമായിത്തന്നെ ആശയവിനിമയം നടത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന തെറാപ്പിയാണിത്. എനിക്ക് അമ്മയാകാന്‍ സാധിക്കില്ലെന്നും ഞാന്‍ നല്ലൊരു മാതാവായിരിക്കില്ലെന്ന് തുടങ്ങിയ ആശയക്കുഴപ്പങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുണ്ടായിരിക്കും. ഗര്‍ഭകാലത്തെ വിഷാദത്തിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള ചിന്തകള്‍ വരുന്നത്. ഇത്തരം പ്രശ്‌നങ്ങളെല്ലാം സിബിടിയിലൂടെ പരിഹരിക്കാന്‍ സാധിക്കും.


ആശയവിനിമയം ഉറപ്പാക്കുക

 

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൃത്യമായ ആശയവിനിമയമാണ്.ഗര്‍ഭകാല വിഷാദം നേരിടുന്ന സ്ത്രീകള്‍ ചുറ്റുമുള്ളവരുമായി മനസ് തുറന്ന് സംസാരിക്കാന്‍ തയ്യാറാകണം. അവരെ കേള്‍ക്കാന്‍ അവര്‍ക്കായി കരുതലെടുക്കാനും തിരിച്ച് മറ്റുള്ളവരും തയ്യാറാകണം. ഇത് വലിയ രീതിയിലുള്ള ആശ്വാസമാണ് രോഗാവസ്ഥയ്ക്ക് ഉണ്ടാക്കുക.

 

ഡയറ്റ്

 

ഗര്‍ഭകാലത്ത് ഡയറ്റിനുള്ള പ്രാധാന്യം ചെറുതല്ല. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളപ്പോള്‍ ഭക്ഷണം കൂടുതലായി ശ്രദ്ധിക്കണം. ഗര്‍ഭകാല വിഷാദം നേരിടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ കരുതല്‍ വേണം. സന്തോഷം ലഭിക്കാനും, മാനസികാവസ്ഥ മാറ്റാനുമെല്ലാം കഴിവുള്ള തരം ഭക്ഷണമാണ് തെരഞ്ഞെടുത്ത് കഴിക്കേണ്ടത്. ഇതിന് ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം.

 

 

OTHER SECTIONS