സോറിയാസിസ്; കാരണങ്ങളും പരിഹാരവും

By Anju N P.18 Jan, 2018

imran-azhar

 


ചര്‍മത്തെ ബാധിക്കുന്ന ഒരു ദീര്‍ഘകാല രോഗമാണ് സോറിയാസിസ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഈ രോഗം കണ്ടുവരുന്നു. തലയുള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കട്ടിയുള്ള ശല്‍ക്കങ്ങള്‍ രൂപപ്പെടുന്നതാണ് രോഗത്തിന്റെ മുഖ്യലക്ഷണം. ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും സോറിയാസിസ് രോഗത്തിന്റെ തീവ്രത

 

കാരണങ്ങള്‍

ചര്‍മ്മത്തിന്റെ പുറംപാളിയായ എപ്പിര്‍ഡെര്‍മിസിലെ കോശങ്ങളുടെ വിഭജനത്തിലും വളര്‍ച്ചയിലുമുണ്ടാകുന്ന തകരാറുകള്‍, വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, പാരമ്പര്യം, മനഃസംഘര്‍ഷം, ആസ്തമ, മറ്റ് ചര്‍മ്മരോഗങ്ങള്‍ എന്നിവയാണ് സോറിയാസിസിന് വഴിയൊരുക്കുന്ന പ്രധാനഘടകങ്ങള്‍.

പ്രധാനലക്ഷണങ്ങള്‍

തലയിലും കൈകാല്‍ മുട്ടുകളുടെ പുറം ഭാഗത്തും ശല്‍ക്കങ്ങള്‍ രൂപപ്പെടുന്നതാണ് രോഗത്തിന്റെ മുഖ്യലക്ഷണം. കൂടാതെ ചാരനിറത്തിലുള്ള ചെതുമ്പലുകള്‍ പൊടിരൂപത്തിലുള്ള പാളികളായോ ഇളകിവരിക, വെള്ളത്തുള്ളി പറ്റിയതുപോലുള്ള കട്ടികൂടിയ പാടുകള്‍, ചൊറിച്ചില്‍ നിറം മാറ്റം, ചെതുമ്പല്‍ നിറഞ്ഞ ചുവന്ന പാടുകള്‍, മുടികൊഴിച്ചില്‍, രക്തം പൊടിയല്‍ ഇവയും കാണാറുണ്ട്. ദീര്‍ഘകാലമായി ഉപ്പൂറ്റിയിലേയും കൈവെള്ളയിലേയും വിള്ളലുകള്‍ സോറിയാസിസിന്റെ സൂചനയാണ്.

 

തണുപ്പുകാലത്ത് ചര്‍മ്മം വരളും. സോറിയാസിസ് വരുന്നതിനും ലക്ഷണങ്ങള്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നതിനുമുള്ള സാധ്യത തണുപ്പുകാലത്ത് കൂടുതലാണ്.

 

 

സോറിയാസിസ് പലതരം

സ്വഭാവം, ഏതൊക്കെ ശരീര ഭാഗങ്ങളെ ബാധിക്കുന്നു എന്നതിനനുസരിച്ച് സോറിയാസിസ് പലതരത്തിലുണ്ട്.

തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നുണ്ടാകുന്ന സോറിയാസിസ് ശരീരമാകെ പടരുന്ന കുരുക്കളുമായാണ് പ്രകടമാവുക.

ചുവന്ന തടിപ്പുകളും ശല്‍ക്കങ്ങളുമായി കാണുന്ന സോറിയാസിസ് സാധാരണമായി കാണപ്പെടുക. കൈകാല്‍ മുട്ടുകള്‍, മുടി നെറ്റിയോട് ചേരുന്ന ഭാഗം, പുറം തുടങ്ങിയ ഭാഗങ്ങളിലാണ് ഇത്തരം സോറിയാസിസ് കാണപ്പെടുക.

- ഗുരുതരാവസ്ഥയില്‍ കാണുന്ന സോറിയാസിസിന്റെ പ്രധാനലക്ഷണം ദേഹത്ത് മുഴുവന്‍ പൊന്തുന്ന പഴുത്ത കുരുക്കളാണ്.

-ശരീരത്തിന്റെ മടക്കുകളില്‍ മാത്രം കാണപ്പെടുന്നവ.
-വട്ടത്തിലുള്ള തടിപ്പുകളും ചൊറിച്ചിലുമായി തലയില്‍ മാത്രം കാണപ്പെടുന്നവ.
-കൈപ്പത്തിയിലും പാദങ്ങളിലും മാത്രം കാണപ്പെടുന്നവ.

-പരുക്കന്‍ പ്രതലവും മഞ്ഞനിറവുമായി നഖത്തെ ബാധിക്കുന്നവ.

 

 

പരിഹാരങ്ങള്‍

തുടര്‍ചികിത്സയും കൃത്യമായ പരിചരണവും അനിവാര്യമായ രോഗമാണ് സോറിയാസിസ്. മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതോടൊപ്പം ജീവിത രീതി മെച്ചപ്പെടുത്തുകയും ലഘുവ്യായാമങ്ങള്‍ ശീലമാക്കുകയും വേണം. സോറിയാസിസിന്റെ ആവര്‍ത്തന സ്വഭാവം കുറച്ചുകൊണ്ടുവരുന്നതിനായി സ്നേഹപാനം, സ്വേദനം, വമനം, വിരേചനം, തക്രധാര, തുടങ്ങിയ വിശേഷ ചികിത്സകളും നല്‍കാറുണ്ട്.

മഞ്ഞള്‍, തഴുതാമ, ചെറുപയര്‍, നെല്ലിക്ക, കാരറ്റ്, ഇവ സോറിയാസിസ് നിയന്ത്രണത്തിന് ഫലം ചെയ്യും. തൈര് മീന്‍, പാല്‍ കോഴിയിറച്ചി തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ കര്‍ശനമായും രോഗം ബാധിച്ചവര്‍ ഒഴിവാക്കണം. ഇതിനുപുറമേ തൈര,് ഉഴുന്ന്, ഞണ്ട്, കൊഞ്ച് എന്നീ ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം.

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ, ലഘുവ്യായാമങ്ങള്‍ എന്നിവക്ക് കഴിയും. ഇതിന് പുറമേ പുകവലി മദ്യപാനം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക.

 

OTHER SECTIONS