പള്‍സ് പോളിയോ വാക്‌സിന്‍ വിതരണം ജനുവരി 17ന്

By online desk .01 01 2021

imran-azhar

 

 

തിരുവനന്തപുരം: ജില്ലയില്‍ പള്‍സ് പോളിയോ വാക്‌സിന്‍ വിതരണം ജനുവരി 17ന് നടക്കും. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പോളിയോ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അഞ്ചു വയസിനു താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. ജില്ലയില്‍ വാക്‌സിന്‍ വിതരണം ഫലപ്രദമായി നടത്തുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം എ.ഡി.എം(ഇന്‍ ചാര്‍ജ്) ഇ.എം സഫീറിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.

 

പോളിംഗ് ബൂത്തുകള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ അടക്കമുള്ള ട്രാന്‍സിറ്റ് ബൂത്തുകള്‍, മൊബൈല്‍ ബുത്തുകള്‍ എന്നിവ വഴി പരമാവധി കുട്ടികള്‍ക്ക് ജനുവരി 17ന് തന്നെ വാക്‌സിന്‍ വിതരണം നടത്തും. എന്തെങ്കിലും കാരണവശാല്‍ അന്നേദിവസം വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്തി തൊട്ടടുത്തുള്ള മൂന്നു ദിവസങ്ങളിലായി വിതരണം ചെയ്യുന്നതിനുള്ള നടപടിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ ആരോഗ്യ വകുപ്പ് നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും വാക്‌സിന്‍ വിതരണം നടത്തുക. ട്രൈബല്‍ സെറ്റില്‍മെന്റുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതിന് എസ്.റ്റി പ്രമോട്ടര്‍മാരെ ഏര്‍പ്പെടുത്തും.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ആരോഗ്യ വകുപ്പ്, ഹോമിയോ, പോലീസ്, പഞ്ചായത്ത്, വിദ്യാഭ്യാസം, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി അടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഐ.എം.എ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

OTHER SECTIONS