പേവിഷബാധയുടെ രോഗലക്ഷണങ്ങളും ചികിത്സയും

By Priya.05 07 2022

imran-azhar

കേരളത്തില്‍ പലയിടങ്ങളിലായി പേവിഷബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു പകരുന്ന വൈറസ് രോഗമാണിത്.സാധാരണയായി വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് രോഗം പകരുന്നത്.വളര്‍ത്തു മൃഗങ്ങള്‍ക്ക് വന്യമൃഗങ്ങളായ ചെന്നായ, കുറുക്കന്‍, കുരങ്ങന്‍, പന്നി, വവ്വാലുകള്‍ എന്നിവയില്‍ നിന്നാണ് രോഗം പിടിപെടുന്നത്.

 

 

രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകള്‍ മൃഗങ്ങളുടെ നക്കല്‍ കൊണ്ടോ മാന്ത്, കടി എന്നിവ മൂലമുണ്ടായ മുറിവില്‍ കൂടിയോ ശരീരപേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തില്‍ കൂടി സഞ്ചരിച്ചു സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. രണ്ടാഴ്ച മുതല്‍ 3 മാസം വരെ ആകാംരോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതു വരെയുള്ള ഇടവേള (ഇന്‍ക്യുബേഷന്‍ പീരിഡ്).

 

 


രോഗലക്ഷണങ്ങള്‍ ഇവയെല്ലാം:

 

തലവേദന, തൊണ്ടവേദന, 34 ദിവസം നീണ്ടുനില്‍ക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണു രോഗലക്ഷണങ്ങള്‍. വൈറസ് നാഡീ വ്യൂഹത്തെ ബാധിച്ചാല്‍ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു. തലച്ചോറിനെ ബാധിക്കുന്നതിലൂടെ അപസ്മാരം, പക്ഷാഘാതം, മസ്തിഷ്‌ക മരണം എന്നിവയും സംഭവിക്കാം.മൃഗങ്ങളുടെ ഉമിനീരുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ഉടനെ തന്നെ 10-15 മിനിറ്റെങ്കിലും ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുക. മുറിവ് അനുസരിച്ചാണ്് ചികിത്സ തീരുമാനിക്കുന്നത്.

 

 

മുറിവുകളെ 3 ആയി തരം തിരിച്ചാണ് പ്രതിരോധ മരുന്നുകളും ചികിത്സയും നല്‍കുക.

 

കാറ്റഗറി 1 (നോ എക്സ്പോഷര്‍)

 


മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു നക്കുക.

 


നന്നായി ടാപ്പ് വെള്ളത്തില്‍ 10-15 മിനിറ്റ് സോപ്പുപയോഗിച്ച് കഴുകുക. പ്രതിരോധ മരുന്നു വേണ്ട.

 


കാറ്റഗറി 2 (മൈനര്‍ എക്സ്പോഷര്‍)

 

തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍.

 


ടാപ്പ് വെള്ളത്തില്‍ 10-15 മിനിറ്റ് കഴുകുക. പ്രതിരോധ കുത്തിവയ്പ് വേണം

 


കാറ്റഗറി 3 (സിവിയര്‍ എക്സ്പോഷര്‍)

 

മുറിവുള്ള തൊലിപ്പുറത്ത് നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍ പോറലുകള്‍, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക.

 


മുറിവ് സോപ്പിട്ട് 10-15 മിനിറ്റ് ടാപ്പ് വെള്ളത്തില്‍ കഴുകുക.

 


ചികിത്സ നല്‍കേണ്ടത്

 

മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന രീതിയില്‍ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിന്‍ കടിയേറ്റ ഭാഗത്ത് തന്നെ നല്‍കണം.

 


രോഗിയുടെ തൂക്കം നോക്കിയാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്. മുറിവിനു ചുറ്റും നല്‍കുന്നതിനൊപ്പം മാംസപേശിയില്‍ ആഴത്തില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ നല്‍കണം. പ്രതിരോധ കുത്തിവയ്പും ഉടന്‍ തന്നെ എടുക്കണംപട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി ചികിത്സിക്കണം. വീട്ടെലി, അണ്ണാന്‍, മുയല്‍ ഇവ പേ പരത്താറില്ല.

 


മുറിവ് വൃത്തിയായി കഴുകിയ ശേഷം മരുന്ന് ഇട്ടാല്‍ മതി അല്ലാതെ പ്രതിരോധ മരുന്നിന്റെ ആവശ്യമില്ല. തൊലിപ്പുറത്തു എടുക്കുന്ന കുത്തിവയ്പ് ഇന്‍ട്ര ഡെര്‍മല്‍ റാബിസ് വാക്സീന്‍ (ഐഡിആര്‍വി) ആണ് നല്‍കുന്നത്.

 


കൈ തുടങ്ങുന്നതിന് താഴെ തൊലിപ്പുറത്താണു കുത്തിവയ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളില്‍ ആണ് കുത്തിവയ്പുകള്‍ എടുക്കേണ്ടത്.

 


പേവിഷബാധയ്‌ക്കെതിരെ രണ്ടു തരം കുത്തിവയ്പ്പാണ് ഉള്ളത്

 


പേവിഷബാധയ്ക്കെതിരെ രണ്ട് തരത്തില്‍ കുത്തിവയ്പുകള്‍ എടുക്കാം.പട്ടി, പൂച്ച ഇവകളെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവര്‍ക്കും വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുന്‍കൂറായി ഈ കുത്തിവയ്പ് (പ്രീ എക്സ്പോഷര്‍ പ്രോഫിലക്സിസ്) എടുക്കണം. 0, 7 ,28 ദിവസങ്ങളില്‍ 3 കുത്തിവയ്പ്പുകളാണ് എടുക്കേണ്ടത്.

 


ഈ കുത്തിവയ്പ് എടുത്തവരെ വീണ്ടും മൃഗങ്ങള്‍ കടിച്ചാല്‍ 0, 3 ദിവസങ്ങളില്‍ 2 കുത്തിവയ്പ് എടുത്താല്‍ മതിയാകും. ഇവരും ഇമ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ടതില്ല.

 


ഉടനെ മുറിവ് 10-15 മിനിറ്റ് കഴുകുകയും വേണം. കുത്തിവയ്പ് എടുത്തിട്ട് ഒരു വര്‍ഷം വരെയുള്ള സമയത്ത് വീണ്ടും കടി കിട്ടിയാല്‍ കുത്തിവയ്പ് ആവശ്യമില്ല.

 

ഡോക്ടരുടെ നിര്‍ദേശം തേടണം

 

മൃഗങ്ങള്‍ക്കു നല്‍കിയിരിക്കേണ്ട കുത്തിവയ്പ് പട്ടിക പ്രകാരം മുഴുവന്‍ കുത്തിവയ്പുകളും എടുത്തിട്ടുണ്ടെങ്കില്‍ അവയില്‍ നിന്ന് പേവിഷബാധ ഉണ്ടാവാന്‍ സാധ്യത ഇല്ല. അതുകൊണ്ടു കുത്തിവയ്പ്പിന്റെ ആവശ്യമില്ല. എന്നാല്‍, മൃഗങ്ങളില്‍ രോഗപ്രതിരോധം ഉണ്ടായോ എന്ന് ശാസ്ത്രീയമായി തെളിയിക്കാനുള്ള സംവിധാനം കുറവാണ്. അതുകൊണ്ടു ഇത്തരം സാഹചര്യങ്ങളില്‍ കുത്തിവയ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം എടുക്കണം.

 

 

OTHER SECTIONS