ഭക്തരുടെ ഹൃദയം കാത്ത് സഹാസ്

By S R Krishnan.08 Jan, 2017

imran-azharശബരിമല: ശബരിമല കയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തെ സഹാസ് കാര്‍ഡിയോളജി സെന്റര്‍ അനുഗ്രഹമാണ്. മകര വിളക്കിന് സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ തിരക്കായതോടെ സന്നിധാനത്തെ സഹാസ് കേന്ദ്രവും തിരക്കിലാണ്. കഠിനമായ നീലിമല കയറിയെത്തുന്നവര്‍ക്ക് ഏതവസരത്തിലും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സദാസന്നദ്ധരാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍.  മരണത്തെ മുഖാമുഖം കണ്ട നിരവധി പേര്‍ക്ക് ഈ കേന്ദ്രം ഇതിനകം തുണയായി. സഹാസ് കേന്ദ്രത്തില്‍ നിന്നും പതിനെട്ടാം പടിക്കു മുകളിലായുള്ള ഉപകേന്ദ്രമായ സോപാനം ക്ലിനിക്കില്‍ നിന്നും 4411 അയ്യപ്പ ഭക്തന്‍മാരാണ് ഇതുവരെ ചികിത്സ തേടിയത്. 1121 പേര്‍ ഹൃദയസംബന്ധമായ അസുഖവുമായാണ് ഇവിടെ എത്തിയത്.ബാക്കിയുള്ളവര്‍ക്ക് മറ്റ് അസുഖത്തിനുള്ള ചികിത്സയും നല്‍കി. ഐ.സി.യു വിഭാഗത്തില്‍ പ്രവേശിപ്പിച്ച 100 പേരില്‍ 20 പേര്‍ക്ക് നാലായിരം രൂപയോളം വിലയുള്ള സ്ട്രപ്റ്റോ കിനൈസ് ഇഞ്ചക്ഷനും 20 ലധികം പേര്‍ക്ക് ഹെപ്പാരിന്‍ മരുന്നും സൗജന്യമായി നല്‍കി. 18 പേര്‍ക്ക് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഉത്സവം തുടങ്ങിയതുമുതല്‍ സന്നിധാനത്ത് തയ്യാറാക്കിയ റിസ്‌ക് ആംബുലന്‍സില്‍ രോഗം ഗുരുതരമായ ആറുപേരെയാണ് പമ്പയിലെത്തിച്ചത്. മുപ്പതോളം പേരെ അയ്യപ്പാ സേവാ സംഘത്തിന്റെ സഹായത്തോടെ സ്ട്രക്ചറില്‍ വെന്റിലേററര്‍ സഹായത്തടെ പമ്പയിലും അവിടെ നിന്നും ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിച്ച് ചികിത്സ ലഭ്യമാക്കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.വാസുദേവന്റെ മേല്‍നോട്ടത്തിലാണ് സഹാസ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിദഗ്ദരായ ഡോ.ശ്രീകണ്ഠന്‍,ഡോ.അങ്കുല്‍ ഗുപ്ത എന്നിവരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 22 ലധികം ജീവനക്കാരാണ് ഇവിടെ മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് സേവനം ചെയ്യുന്നത്സന്നിധാനത്തെ ഉത്സവ സീസണിലല്ലാതെ മാസപൂജക്കാലത്തും ഭക്തര്‍ക്ക് പൂര്‍ണ്ണമായ ആരോഗ്യപരിരക്ഷ നല്‍കുന്ന കാര്യം സഹാസ് ലക്ഷ്യമിടുകയാണ്.

 

OTHER SECTIONS