മദ്യം രതിമൂര്‍ച്ഛയുടെ ശത്രു

By Rajesh Kumar.18 04 2020

imran-azhar


സെക്‌സിനെപ്പറ്റി വളരെയധികം അബദ്ധധാരണകള്‍ വച്ചുപുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. വിദാഭാസത്തിലും പൊതുവിജ്ഞാനത്തിലും ഏറെ മുന്നേറിയെങ്കിലും ശരിയായ ലൈംഗികവിജ്ഞാനത്തിന്റെ അപര്യാപ്ത നമുക്കുണ്ട്.
ലൈംഗികപ്രശ്‌നങ്ങള്‍ അവിവാഹിതരിലും വിവാഹിതരിലും ഒരു പോലെ കണ്ടുവരുന്നു. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്‌നമായ വിവാഹമോചനത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ചികഞ്ഞുചെന്നാല്‍ തൊണ്ണൂറ് ശതമാനത്തിനു പിന്നിലും ലൈംഗികപ്രശ്‌നങ്ങളാണ്.

 

 

എന്തോ കുഴപ്പമുണ്ട്

 


അവിവാഹിതരില്‍ കൂടുതല്‍ കണ്ടുവരുന്നത് കൂട്ടുകെട്ടില്‍ നിന്ന് ഉരുത്തിരിയുന്ന പ്രശ്‌നങ്ങളാണ്. ഭാവനാപൂര്‍ണ്ണമായ കഥകള്‍ കേട്ട്, നീലച്ചിത്രങ്ങള്‍ കണ്ട്, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മിഥ്യാധാരണകള്‍ ഇവര്‍ വച്ചുപുലര്‍ത്തുന്നു. ഇത്തരക്കാരുടെ പലവിധ ആകുലതകളില്‍ പ്രധാനമാണ് സ്വയംഭോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍. സ്വയംഭോഗം ചെയ്താല്‍ ശരീരം മെലിയുമോ, കണ്ണ് കുഴിയുമോ, മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമോ ഇവയൊക്കെയാണ് എന്നിങ്ങനെ നിരവധി സംശയങ്ങള്‍ അവിവാഹിതരെ അലട്ടുന്നു. അവിവാഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ എളുപ്പമാണ്. തനിക്കു പ്രശ്‌നമുണ്ട് എന്ന് സ്വയം മനസ്സിലാക്കി ചികിത്സ തേടാന്‍ തുടങ്ങുമ്പോള്‍ തന്നെ അയാളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു.

 

 

പരിഹാരം പ്രയാസം

 


വിവാഹിതരുടെ ലൈംഗികപ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ പരിഹരിക്കുക പ്രയാസമാണ്. തികച്ചും നിസ്സാര സംശയങ്ങളും തെറ്റിദ്ധാരണകളും കൊണ്ട് ജീവിതത്തില്‍ താളപ്പിഴകളുമായി വളരെ വൈകിമാത്രം വൈദ്യസഹായം തേടിയെത്തുന്നവരില്‍ വിദ്യാസമ്പന്നരായ ദമ്പതികള്‍ പോലുമുണ്ട്. ഡോക്ടറോടു പോലും പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ഇവര്‍ക്ക് മടിയാണ്. സ്വയം ചികിത്സയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരും നിരവധി.
ലൈംഗികപ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് മാത്രമായി അനുഭവപ്പെടുന്നു. പ്രശ്‌നങ്ങള്‍ പരസ്പരം തുറന്നുപറഞ്ഞ് രണ്ടുപേരും ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്‌നേഹപൂര്‍വ്വമായ പെരുമാറ്റത്തിനു പകരം പരസ്പരം കുറ്റപ്പെടുത്തുന്നത് പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാക്കും.

 

 

കാരണങ്ങള്‍

 


ശാരീരികവും മാനസികവുമായ വിവിധ കാരണങ്ങള്‍ കൊണ്ട് ലൈംഗികപ്രശ്‌നങ്ങള്‍ ഉടലെടുക്കാം.
ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍, പ്രമേഹം, ആര്‍ത്തവവിരാമം, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, നടുവിന് ക്ഷതമേല്‍ക്കുക, ഭയം, വിഷാദം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ലൈംഗികപ്രശ്‌നങ്ങള്‍ കണ്ടുവരുന്നു.

 


രതിമൂര്‍ച്ഛ സംബന്ധമായ പ്രശ്‌നങ്ങളാണ് സാധാരണ കൂടുതല്‍ കണ്ടുവരുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. അനുഭൂതികളുടെ ഏറ്റവും ഉന്നതനിലയിലുള്ള അവസ്ഥയാണ് രതിമൂര്‍ച്ഛ. എല്ലാ അവസരങ്ങളിലും ഈ അവസ്ഥയിലേക്ക് എത്തിച്ചേരണമെന്നില്ല. മാനസികവും ശാരീരികവുമായ പലകാരണങ്ങളാല്‍ രതിമൂര്‍ച്ഛയില്‍ എത്തിച്ചേരാത്തവരുമുണ്ട്. മദ്യപാനികളുടെ ഭാര്യമാര്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടാറില്ല. ഭര്‍ത്താവിന്റെയോ, ഭാര്യയുടെയോ മന:സമാധാനത്തിനു വേണ്ടി രതിമൂര്‍ച്ഛ അഭിനയിക്കുന്നവരുമുണ്ട്.
പുരുഷന്മാരില്‍ സാധാരണ കാണുന്ന പ്രശ്‌നങ്ങളാണ് ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ, വളരെ വൈകിമാത്രം രതിമൂര്‍ച്ഛയും ശുക്ലസ്ഖലനവും എന്നിവ.

 


സ്ത്രീകളിലെ പ്രധാന പ്രശ്‌നമാണ് വേദനാജനകമായ ലൈംഗികബന്ധം. മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മൂലം ഇങ്ങനെ സംഭവിക്കാം. ഇത്തരം സ്ത്രീകളില്‍ ലൈംഗിക മരവിപ്പും ഇണയോടുള്ള വെറുപ്പും കണ്ടുവരുന്നു. ലൈംഗികബന്ധത്തിലെ പരാജയമോ, അപൂര്‍ണ്ണതയോ ആണ് ലൈംഗികശൈത്യം എന്നറിയപ്പെടുന്നത്.
പുരുഷന്മാരില്‍ കൂടുതല്‍ കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ് ശീഘ്രസ്ഖലനം. ലിംഗം യോനിയില്‍ പ്രവേശിപ്പിച്ചാലുടന്‍ സ്ഖലനം നടക്കുന്നു. ഇത്തരം അവസ്ഥയില്‍ ഇണയില്‍ വെറുപ്പും അമര്‍ഷവും ഉണ്ടാകാം. അതുകൊണ്ടു തന്നെ പുരുഷന്മാര്‍ ലൈംഗികബന്ധത്തിന് വിരക്തി കാണിക്കുന്നു.

 

 

ലൈംഗികാസക്തിക്ക് കുറവ് വരില്ലെങ്കിലും ലിംഗോദ്ധാരണം അസാധ്യമായി തീരുന്നതാണ് ലൈംഗികബലഹീനത. പ്രമേഹരോഗികളില്‍ കൂടുതലായിത് കണ്ടുവരുന്നു. ചില മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം, നടുവില്‍ ക്ഷതമേല്‍ക്കുക, ഞരമ്പുരോഗങ്ങള്‍, അമിത ലൈംഗികത, പുരുഷ ഹോര്‍മോണുകളുടെ അഭാവം എന്നിങ്ങനെ മാനസികവും ശാരീരികവുമായ നിരവധി കാരണങ്ങള്‍ ലൈംഗിക ബലഹീനതയ്ക്ക് വഴിതെളിക്കാം.
ശരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികപ്രശ്‌നങ്ങളാണ് ഇത്തരം ലൈംഗികപ്രശ്‌നങ്ങളെ തീവ്രമാക്കുന്നത്.
ലൈംഗികപ്രശ്‌നങ്ങള്‍ ദമ്പതികള്‍ പരസ്പരം തുറന്ന് സംസാരിക്കണം. പരസ്പരം കുറ്റപ്പെടുത്തുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാം.

 


ശരിയായ ചിട്ടയായ വ്യായാമം, യോഗ, ധ്യാനം എന്നിവ ഗുണംചെയ്യും. ശരീരഭാരം കൂടാതെ നോക്കണം. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കണം. പുകവലി, മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കണം.

 

OTHER SECTIONS