ഷവര്‍മ ആറ്റംബോംബിനെക്കാള്‍ ഭീകരന്‍?

By Web Desk.03 05 2022

imran-azhar

 

ഷവര്‍മ കഴിച്ചാല്‍ മരണം സംഭവിക്കുന്നത് എങ്ങനെയാണ്? തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ന്യൂറോളജി പ്രൊഫസര്‍ ഡോ. ശ്യാം കൃഷ്ണന്റെ ഫേസ്ബുക്ക് കുറിച്ച് ശ്രദ്ധേയമാകുന്നു.

 

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ:

 

ഷവര്‍മ കഴിച്ചാല്‍ മരണം സംഭവിക്കുന്നത് എങ്ങനെയാണ്, അതും 24 മണിക്കൂറില്‍ കുറഞ്ഞ സമയത്തില്‍? ഈ സംശയം പലരും ചോദിച്ചുകണ്ടു. സ്വാഭാവികമായ സംശയമാണ്. കാരണം ഭക്ഷ്യ വിഷ ബാധയില്‍ ശരിക്കും ഉത്തരവാദി കേടായ ഭക്ഷണത്തിലുള്ള ബാക്ടീരിയ ആണ്. ഏതു ബാക്ടീരിയയും ശരീരത്തില്‍ കടന്നാല്‍ പെറ്റുപെരുകി രോഗമുണ്ടാക്കാന്‍ ഒരു 'ഇന്‍ക്യുബേഷന്‍ പീരിയഡ്' വേണം. പിന്നെ എങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും?

 

ഇതിന്റെ മറുപടി, പല ഭക്ഷ്യ വിഷബാധകളും അക്ഷരാര്‍ത്ഥത്തില്‍ 'വിഷ' ബാധകള്‍ തന്നെയാണ് എന്നതാണ്.

 

പല കുഞ്ഞന്‍ ബാക്ടീരിയകളും ഉഗ്രവിഷങ്ങള്‍ ഉത്പാദിപ്പിക്കാന്‍ മിടുക്കരാണ്.

 

ഇത്തരം ബാക്ടീരിയ ഷവര്‍മയിലെ മയൊണേസിലും മറ്റു പഴകിയ ഭക്ഷണസാധനങ്ങളിലും വളരുമ്പോള്‍ അവ ഉത്പാദിപ്പിക്കുന്ന വിഷങ്ങളും ഇത്തരം ഭക്ഷണങ്ങളില്‍ കലരും.

 

അതായത്, ബാക്ടീരിയ, കേടായ ഭക്ഷണം കഴിക്കുന്ന ആളുടെ ശരീരത്തില്‍ കടന്ന് പെറ്റുപെരുകി അണുബാധ ഉണ്ടാക്കിയല്ല, മറിച്ച് ഭക്ഷണത്തില്‍ കലര്‍ന്നിരിക്കുന്ന ഇത്തരം ബാക്ടീരിയല്‍ ടോക്‌സിന്‍സ് ശരീരത്തില്‍ കടക്കുന്നതു കൊണ്ടാണ് പല ഫുഡ് പോയ്‌സണിങ്ങുകളും ഉണ്ടാകുന്നത്.

 

സ്റ്റാഫിലോകോക്കസ്, ക്ലോസ്ട്രിഡിയം തുടങ്ങിയ ബാക്ടീരിയകള്‍ രാജവെമ്പാലയെക്കാള്‍ അപകടകാരികളാണ്!

 

ഇത്തരം പലജാതി ഭക്ഷ്യ വിഷബാധകളിലെ ഏറ്റവും ഭീകരനാണ് 'ബോട്ടുലിസം'. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ഒരു ബാക്ടീരിയ ഭക്ഷണത്തില്‍ കടന്നുകൂടി, 'ബോട്ടുലിനം ടോക്‌സിന്‍' എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു. അത് ചീത്തയായ ഭക്ഷണം കഴിക്കുന്ന ആളുടെ ഉള്ളില്‍ ചെന്നാണ് ബോട്ടുലിസം ഉണ്ടാകുന്നത്. മാംസപേശികളെ തളര്‍ത്തിക്കളയുകയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുകയും ചെയ്താണ് ബോട്ടുലിനം ടോക്‌സിന്‍ കൊല നടത്തുന്നത്.

 

ബോട്ടുലിനം ടോക്‌സിന്‍ എത്രമാത്രം ഭീകരനാണ് എന്നറിയാന്‍ ഒരു കണക്ക് നോക്കാം.

 

ഹിരോഷിമയില്‍ ഏതാണ്ട് എഴുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരെ മനുഷ്യരാണ് 'ലിറ്റില്‍ ബോയ്' എന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ട ആറ്റം ബോംബിന്റെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ലിറ്റില്‍ ബോയിക്ക് ഏതാണ്ട് 4400 കിലോ ഭാരം ഉണ്ടായിരുന്നു. ഇതിലെ എന്റിച്ചിഡ് യുറേനിയത്തിന്റെ ഭാരം ഏതാണ്ട് 65-70 കിലോ വരുമായിരുന്നു. അതായത് 70 കിലോ സമ്പഷ്ട യുറേനിയത്തില്‍ നിന്ന് ഉള്ള അണുവികരണവും സ്‌ഫോടനവും ഏതാണ്ട് ഒരു ലക്ഷം പേരേ കൊലപ്പെടുത്തി.

 

ഈ ഭൂമുഖത്ത് ഏതാണ്ട് 550-600 കോടി മനുഷ്യര്‍ ഉണ്ടല്ലോ. പഴയ കണക്കാണ്. ഇപ്പോ 800 കോടി കാണും എന്ന് തോന്നുന്നു.

 

ഈ 800 കോടി മനുഷ്യരെ ഇല്ലായ്മ ചെയ്ത്, മനുഷ്യരാശിയെ ഭൂമുഖത്തു നിന്ന് തുടച്ച് നീക്കാന്‍ എത്രമാത്രം ബോട്ടുലിനം ടോക്‌സിന്‍ വേണം എന്ന് അറിയാമോ? വെറും 40-50 ഗ്രാം.

 

വെറും 50 ഗ്രാം ബോട്ടുലിനം ടോക്‌സിന്‍. അതായത്, നിങ്ങളുടെ പാന്റിന്റെ പോക്കറ്റിലോ ഹാന്‍ഡ് ബാഗിലോ ഇട്ടോണ്ട് നടക്കാന്‍ പറ്റുന്നത്ര മാത്രം ചെറിയ അളവ് മതി മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യാന്‍. ഒന്നുകൂടി പറയട്ടെ, പ്രായോഗികമായി ഇത് ഈ രീതിയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പറ്റില്ല. കാരണം ഈ 50 ഗ്രാമിനെ കൃത്യമായി വിഭജിച്ച് എല്ലാ മനുഷ്യരുടെയും ഉള്ളില്‍ എത്തിച്ചാലേ ഇത് സാധ്യമായി വരൂ . ബോട്ടുലിനം ടോക്‌സിനും മറ്റ് ബാക്ടീരിയല്‍ ടോക്‌സിന്‍സും എത്രമാത്രം അപകടകാരികളാകാം എന്നതിന്റെ ഒരു ഉദാഹരണമായി പറഞ്ഞു എന്നേ ഉള്ളു.

 

ആറ്റംബോംബ് ഒക്കെ ഈ കുഞ്ഞന്‍ ബാക്ടീരിയകള്‍ക്ക് മുന്‍പില്‍ എന്ത്!

 

എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്നുകൂടി പറയാം.

 

ഈ കൊടും വിഷമായ ബോട്ടുലിനം ടോക്‌സിന്‍ അതി സൂക്ഷ്മമായ അളവില്‍, പ്രോസസ് ചെയ്ത് എടുത്ത് മരുന്നായി ഉപയോഗിക്കാം. സെറിബ്രല്‍ പാള്‍സിയും സ്‌ട്രോക്കും പോലെയുള്ള പ്രശ്‌നങ്ങള്‍ ബാധിച്ചവരിലെ മസില്‍ സ്റ്റിഫ് നെസ് കുറയ്ക്കാനും മസിലുകള്‍ അനാവശ്യമായി പ്രവര്‍ത്തിക്കുന്ന, 'ഡിസ്റ്റോണിയ' മുതലായ ചില രോഗങ്ങളില്‍ രോഗികള്‍ക്ക് ആശ്വാസം പകരാനും. വേറെയും അനവധി ഉപയോഗങ്ങള്‍ ഉണ്ട്. മുഖത്തെ ചുളിവുകള്‍ മാറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉള്‍പ്പടെ പല ന്യൂറോളജിക്കല്‍ രോഗങ്ങളിലും രോഗിക്ക് ആശ്വാസം പകരാന്‍ ഇത് വളരെ ഫലപ്രദവും അതോടൊപ്പം സുരക്ഷിതവും ആണ്!

 

 

 

OTHER SECTIONS