പഴകിയ മാംസത്തില്‍ ഷവര്‍മ്മയും ചിക്കന്‍ റോളും

By online desk .11 01 2020

imran-azhar

 

 

തിരുവനന്തപുരം: നാവില്‍ രുചിയൂറും വിഭവങ്ങളാണ് ഷവര്‍മയും ചിക്കന്‍ റോളും. എന്നാല്‍ ചില ഹോട്ടലുകള്‍ ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് പഴകിയതും അഴുകിയതുമായ മാംസമാണ്. സംസ്ഥാനത്തെ മെട്രോ നഗരങ്ങളില്‍ ഇത്തരം മാംസങ്ങള്‍ വ്യാപകമായി എത്തിക്കുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതിനെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയതോടെയാണ് തലസ്ഥാന നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ നിന്നടക്കം കിട്ടുന്ന ഷവര്‍മ്മയും ചിക്കന്‍ റോളും ഷവായും ഭക്ഷ്യ യോഗ്യമാണോയെന്ന സംശയം ബലപ്പെടുന്നത്.

 

എന്നാല്‍, ഹോട്ടലുകളെ മൊത്തമായി അടച്ചാക്ഷേപിക്കാനുമാകില്ല . ഏതായാലും ഭക്ഷ്യ വിഷബാധയ്ക്ക് സാദ്ധ്യതയേറുന്ന സാഹചര്യം തലസ്ഥാന ജില്ലയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പിടികൂടിയ കോഴിയിറച്ചി ദുര്‍ഗന്ധം വമിക്കുന്നതായിരുന്നു. മതിയായ ശീതീകരണമില്ലാതെ തെര്‍മോക്കോള്‍ ബോക്‌സിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കോഴിയിറച്ചി. വെള്ളം ഇറ്റു വീഴുന്നുമുണ്ടായിരുന്നു. എല്ലില്ലാത്ത ഈ മാംസം ഷവര്‍മയുണ്ടാക്കാനെത്തിച്ചതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.


പഴകിയ മാംസം കറിവെച്ചാല്‍ രുചി വ്യത്യാസമുണ്ടാകും. ഷവര്‍മയിലാണെങ്കില്‍ രുചിയില്‍ വലിയ മാറ്റമുണ്ടാകില്ല. മറ്റു ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കും ഈ മാംസം ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. എന്നാല്‍ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്നതാണിത്. ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ് പഴകിയ മാംസം. ഷവര്‍മ പോലെ അധികം വേകാത്ത വിഭവങ്ങള്‍ വഴി ഇത് ശരീരത്തിനുളളിലെത്തിയാല്‍ രോഗം പിടിപെടുമെന്നുറപ്പ്. തലസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷവര്‍മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് മരണം വരെ സംഭവിച്ചിട്ടുണ്ട്. വഴുതയ്ക്കാട് പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ നഗരത്തിലെ ഒരു ഹോട്ടലിലും ഉപയോഗിക്കുന്ന ഇറച്ചിയുടെ കാലപ്പഴക്കം അറിയാനാകുന്നില്ല. ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചി ഉപയോഗിച്ചാണ് കറികളും മറ്റും ഉണ്ടാക്കുന്നത്. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും ബേക്കറികളെ ഒഴിവാക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

 

OTHER SECTIONS