അധികമായാല്‍ ബദാമും അപകടം

By Anju N P.29 May, 2018

imran-azhar


ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷ്യവസ്തുവാണ് ബദാം. നല്‌ള കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഇത്. എന്നാല്‍, ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയുമുണ്ട്. ദിവസം മൂന്ന് ഔണ്‍സ് ബദാം കഴിക്കുകയാണെങ്കില്‍, വ്യായാമമിലെ്‌ളങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയിന്റ് അര കിലോയ്ക്കുടുത്ത് ശരീരഭാരം കൂടാന്‍ കാരണമാകും.

 

ഒരു ഔണ്‍സ് ബദാമില്‍ 3.5 ഗ്രാം ഫൈബറുണ്ട്. ഇത് ദഹനത്തിന് നല്‌ളതാണ്. എന്നാല്‍, ഇതില്‍ കൂടുതല്‍ അളവില്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഇതില്‍ മാംഗനീസ് ധാരാളമുണ്ട്. ഇത് മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് മാംഗനീസ് അധികമാകാന്‍ ഇടയാക്കും. മാത്രമല്ല, ബദാം അന്റാസിഡ്, ആന്റിസൈക്കോട്ടിക്, ആന്റിബയോട്ടിക്‌സ്, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവരുടെ മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ട്.

 

ബദാം രണ്ടുതരമുണ്ട്, കയ്പ്പുള്ളതും ഇല്ലാത്തതും. കയ്പ്പുള്ള ബദാമിന് കാരണം ഹൈഡ്രോസയാനിക് ആസിഡാണ്. ഇത് അധികമാകുന്നത് വിഷതുല്യമാണ്. ഇത് നാഡീസംബന്ധമായ പല പ്രശ്‌നങ്ങളിലേക്ക് നയിക്കും. മസ്തിഷക്കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനും കയ്പ്പുള്ള ബദാമിന് കഴിയും. മനുഷ്യരിലും മൃഗങ്ങളിലും ടോക്‌സിനുകള്‍ വരാന്‍ ഇത് കാരണമാകും.

 

ചിലരില്‍ ബദാം കഴിക്കുന്നത് അലര്‍ജിക്ക് കാരണമാകാം. പ്രത്യേകിച്ച് നട്‌സ് അലര്‍ജിയുള്ളവര്‍ക്ക്. ചര്‍മ്മത്തില്‍ തടിപ്പും ചുവപ്പും, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. നട്‌സ് വിഭാഗത്തില്‍ പെട്ടവയില്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാദ്ധ്യതയേറെയാണ്.

 

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. 1.5 ഔണ്‍സ് ബദാം ശരീരത്തിന് വേണ്ടതിന്റെ പകുതി, അതായത് 7.5 മില്ലീഗ്രാം വൈറ്റമിന്‍ ഇ നല്‍കും. ശരീരത്തിന് ഒരു ദിവസം ആകെ വേണ്ടത് 15 മില്ലീഗ്രാം വൈറ്റമിന്‍ ഇ ആണ്. ബദാമിനൊപ്പം വൈറ്റമിന്‍ ഇ അടങ്ങിയ മുട്ട, ചീര തുടങ്ങിയവയെല്ലാം കൂടി കഴിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ഇ ആകും. ഇത് കൂടിയാല്‍ തലചുറ്റല്‍, തളര്‍ച്ച, ചര്‍മ്മത്തില്‍ തടിപ്പ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

OTHER SECTIONS