സൈനസൈറ്റിസിന്റെ കാരണവും പ്രതിവിധിയും

By Web Desk.17 08 2020

imran-azhar

 

 

തലവേദനയും മൂക്കടപ്പും വിട്ടുമാറാത്ത അവസ്ഥയെ അഭിമുഖീകരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ സൈനസൈറ്റിസിന്റെ പിടിയിലാണ് എന്ന് പറയാം. സാധാരണ പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥയാണിത്. മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍. വായുനിറഞ്ഞ ഈ അറകളുടെ രൂപവും വലിപ്പവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയുടെ വലുപ്പചെറുപ്പമനുസരിച്ച് ഉണ്ടാകുന്ന അസുഖമാണ് സൈനസൈറ്റിസ്. സൈനസ് അറകളില്‍ അണുബാധ മൂലം കഫവും പഴുപ്പും കെട്ടി നില്‍ക്കുന്നതാണ് സൈനസൈറ്റിസിന് കാരണമാകുന്നത്. ശ്വസനവായുവിന് ആവശ്യമായ ഈര്‍പ്പം നല്‍കുന്നത് സൈനസ് അറകളാണ്. ഈ അറകള്‍ സൂക്ഷ്മ ദ്വാരങ്ങളിലൂടെയാണ് മൂക്കിലേക്ക് തുറക്കപ്പെടുന്നത്. ജലദോഷം, അലര്‍ജി, വൈറസ് എന്നിവ കാരണം മൂക്കിനുള്ളിലെ ഈ ചര്‍മ്മത്തിന് നീര് വയ്ക്കുന്നതിനോടൊപ്പം ദ്വാരങ്ങള്‍ ചെറുതാകുന്നതും സൈനസൈറ്റിസിന് കാരണമാകുന്നു.


നാല് ജോഡി സൈനസുകളാണ് ഒരാളില്‍ ഉണ്ടാവുക. കവിളുകളുടെ ഉള്‍ഭാഗത്ത്, കണ്ണുകള്‍ക്ക് ഇടയില്‍, പുരികത്തിന് മുകളില്‍, ശിരസിന്റെ മദ്ധ്യഭാഗത്ത് എന്നിവയാണ് സൈനസുകളുടെ സ്ഥാനം. ഗുരുതരമായ സൈനസൈറ്റിസ് മൂലം തലച്ചോറിന് പഴുപ്പ് ബാധിച്ചേക്കാം. ഇത് കണ്ണിന്റെ കാഴ്ച ശക്തിയേയും ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. പ്രതിരോധം കൊണ്ടും മരുന്നുകള്‍ കൊണ്ടും സൈനസൈറ്റിസ് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.


രോഗത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ ചികിത്സ തേടിയാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കാം. എന്നാല്‍, സൈനസൈറ്റിസ് പഴകിയാല്‍ രോഗികളില്‍ ശക്തമായ തലവേദനയ്ക്ക് കാരണമാകാം. സൈനസൈറ്റിസ് ബാധിക്കാനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നാണ് പുകവലി. മൂക്കിന്റെ പാലത്തിന്റെ വളവ് സൈനസൈറ്റിസിനുള്ള ഒരു പ്രധാന കാരണമാണ്. മൂക്കിന്റെ വളവ് സര്‍ജറിയിലൂടെ പരിഹരിക്കുക മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഒരു പ്രതിവിധി. ആവി പിടിക്കുന്നതിലൂടെയും, ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള പ്രതിവിധികളിലൂടെയും സൈനസൈറ്റിസിനെ പ്രതിരോധിക്കാം.

 

OTHER SECTIONS