കാന്‍സര്‍: തെറ്റിദ്ധാരണ മാറ്റാം

By Rajesh Kumar.02 Feb, 2017

imran-azhar

ഡോ. അരുണ്‍ ആര്‍. വാരിയര്‍
കണ്‍സള്‍ട്ടന്റ്
മെഡിക്കല്‍ ഓങ്കോളജി
ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി


പല സമൂഹങ്ങളിലും കാന്‍സര്‍ രോഗികള്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരാണ്. അവരോട് ഇടപഴകുന്നതും സംസാരിക്കുന്നതും പോലും ക്യാന്‍സര്‍ പടരുവാന്‍ കാരണമാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതുമൂലം ശരീരത്തിലെ മുഴകള്‍ സംശയമുളവാക്കുന്നവയാണെങ്കില്‍ പോലും പലരും മറച്ചുവയ്ക്കുന്നുണ്ട്. ശരിയായ ബോധവല്‍ക്കരണത്തിലൂടെ തുറന്ന സംഭാഷണങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

 

പത്രമാദ്ധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഇതില്‍ പ്രധാന പങ്ക് വഹിക്കാനുണ്ട്. പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമായ ഹ്യൂമന്‍ പാപിലോമ വൈറസ് കൊണ്ട് ഉണ്ടായേക്കാവുന്ന ഗര്‍ഭാശയഗള അര്‍ബുദത്തെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇല്ലാതാക്കാം. കാന്‍സര്‍ എന്നാല്‍ മരണം എന്ന ചിന്താഗതി മാറ്റിയെടുക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് കഴിയും.

 

വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂലമായ മാറ്റം വരുത്തണം. ചിട്ടയായ പോഷകാഹാരത്തിന്റെ ലഭ്യത വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തണം. ജോലിസ്ഥലങ്ങള്‍ നൂറുശതമാനം പുകയില വിമുക്തമാക്കുന്നതിലൂടെ കാന്‍സര്‍ സാധ്യതകള്‍ ഗണ്യമായി കുറയ്ക്കാം. വ്യായാമത്തിനുള്ള അവസരങ്ങള്‍ ഇവിടെയെല്ലാം ഉണ്ടാകേണ്ടതാണ്. ബോധവല്‍ക്കരണം ജോലിസ്ഥലങ്ങളില്‍ തുടങ്ങിയാല്‍ എല്ലാവരും കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകളില്‍ തല്‍പ്പരരാകും. വിട്ടുമാറാത്ത ചുമ, വളരുന്ന മുഴകള്‍, രക്തസ്രാവം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നേരത്തെ തന്നെ ചികിത്സ തേടിയാല്‍ കാന്‍സര്‍ പൂര്‍ണ്ണമായി ചികിത്സിക്കുവാന്‍ സാധിക്കും.

 

കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ബഹുവിധ ഉപകരണങ്ങളും പ്രാവീണ്യമുള്ള ഡോക്ടര്‍മാരും ആവശ്യമാണ്. ശരിയായ ചികിത്സ ലഭിക്കുന്ന സ്ഥലങ്ങളില്‍ രോഗികള്‍ എത്തിയാല്‍ മാത്രമേ ചികിത്സ വിജയകരമാവുകയുള്ളൂ. ഇതിനായി രോഗികളുടെ സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങളെ മനസ്സിലാക്കി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണം. റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ട്രാന്‍സ്പ്‌ളാന്റേഷന്‍ എന്നീ ചികിത്സകള്‍ ചില കാന്‍സറുകള്‍ ചികിത്സിക്കാന്‍ അനിവാര്യമാണ്. സങ്കീര്‍ണ്ണമായ കാന്‍സര്‍ ചികിത്സയെക്കുറിച്ച് രോഗിയെയും കുടുംബത്തെയും ബോധവാന്മാരാക്കുന്നതിലൂടെ ചികിത്സയുടെ പൂര്‍ണ്ണരൂപം രോഗിക്കും കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.

 

OTHER SECTIONS