അമിതമായ പുകവലിക്കുന്നുവെങ്കില്‍...കാഴ്ചശക്തി ?

By online desk.11 04 2019

imran-azhar

തിരക്കിട്ട ജോലിക്കിടയില്‍ അല്‍പ്പമൊന്ന് റിലാക്‌സ് ആകാന്‍, ടെന്‍ഷന്‍ അകറ്റാന്‍ തുടങ്ങി പുകവലിക്കുന്നവര്‍ നിരവധിയാണ് നമുക്കിടയില്‍. എന്നാല്‍, ഈ ദുശീലം പലതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മാത്രമല്ല, അമിതമായാല്‍ കാഴ്ച ശക്തിയെയും ബാധിക്കും. എന്നാല്‍, ഈ മുന്നറിയിപ്പുകളെല്ലാം സൗകര്യര്‍ത്ഥം അവഗണിക്കുകയാണ് പുകവലിക്കാരില്‍ ഭൂരിഭാഗം പേരും. എന്നാല്‍, ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

 

റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. അമിതമായി പുകവലിക്കുന്നവര്‍ക്ക് ചുവപ്പ്,പച്ച, നീല, മഞ്ഞ നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് ഗവേഷകനായ സ്റ്റീവന്‍ സില്‍വര്‍സ്റ്റീന്‍ പറയുന്നു. ന്യൂറോ ടോക്‌സിക് ആയ രാസവസ്തുക്കളാണ് നിറങ്ങള്‍ തിരിച്ചറിയാനും കാണാനുമുള്ള ശേഷി നശിപ്പിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് നിറങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവും കുറവായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

 

ശരീരത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി വസ്തുക്കള്‍ സിഗരറ്റിലുണ്ട്. പ്രതിരോധശേഷിയെയും ചിന്താശേഷിയെയും വിവേചനബുദ്ധിയെയും പുകവലി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. തലച്ചോറിലെ പാളികളുടെ കട്ടി കുറയ്ക്കുക മാത്രമല്ല, പുകവലി ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.

 

അമിതമായ പുകവലി പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. പുകവലി കാന്‍സറിനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതമായ പുകവലി കാഴ്ച ശക്തി നഷ്ടപ്പെടുത്താമെന്ന് ഗവേഷകരുടെ പുതിയ പഠനം പറയുന്നു.

 

 

 

OTHER SECTIONS