ശ്വാസകോശ കാന്‍സര്‍ എന്ന കൊലയാളി

By online desk.05 08 2019

imran-azhar

 

മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രോഗമാണ് കാന്‍സര്‍. ഏതുസമയത്തും ആര്‍ക്കുവേണമെങ്കിലും വരാം. അനാരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനകാരണം. പക്ഷേ, തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത്സിച്ചാല്‍ ഭേദമാകാവുന്ന അസുഖം കൂടിയാണ് കാന്‍സര്‍.അന്തരീക്ഷ മലിനീകരണം വലിയ വാര്‍ത്തയാകുമ്പോള്‍തന്നെ ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ കാന്‍സര്‍ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ബ്രെസ്റ്റ് കാന്‍സര്‍, സെർവിക്കൽ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും വ്യാപകമാണ് ശ്വാസകോശാര്‍ബുദം. പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാന്‍സറുമാണിത്. ചികിത്സയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതോടെ തുടക്കത്തില്‍ത്തന്നെ കണ്ടുപിടിച്ചു ഭേദമാക്കാവുന്ന കൂട്ടത്തില്‍ ശ്വാസകോശ കാന്‍സറും ഇടംപിടിച്ചിട്ടുണ്ട്.

 

വര്‍ഷംതോറും പുകയില ഉപയോഗം മൂലം 50 ലക്ഷം ആളുകളാണ് മരണമടയുന്നത്. 90 ശതമാനം ശ്വാസകോശ കാന്‍സറും പുകയില ഉപയോഗം മൂലമാണുണ്ടാകുന്നത്. സിഗരറ്റ്, ബീഡി, പുകയില എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന ഒട്ടേറെ കാര്‍സിനോജനുകളുണ്ട്. എന്നാല്‍, ഒരിക്കലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ജനിതകകാരണങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ശ്വാസകോശ കാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. അഞ്ചുശതമാനം ചെറുപ്പക്കാരിലും രോഗം കാണാറുണ്ട്.ശ്വാസകോശ കാന്‍സറിന് പ്രത്യേക ലക്ഷണമെന്നും അറിയാന്‍ സാധിക്കുകയില്ല. ശ്വാസംമുട്ടല്‍, നെഞ്ചുവേദന, പെട്ടെന്നു ഭാരം കുറയല്‍, ക്ഷീണം മുതലായ ലക്ഷണങ്ങള്‍ കണ്ടേക്കാം. സാധാരണഗതിയിലുള്ള ചുമ മൂന്നാഴ്ച കൂടുതല്‍ നീണ്ടു നിന്നാല്‍ ടി.ബി.യെക്കാള്‍ മുന്തൂക്കം നല്‍കി കാന്‍സര്‍ പരിശോധന നടത്തിയിരിക്കണം.

 


എന്തൊക്കെ ശ്രദ്ധിക്കണം?

നാലു സ്റ്റേജുകളാണ് ശ്വാസകോശ കാന്‍സറിനുള്ളത്. ആദ്യ രണ്ടു സ്റ്റേജുകളിലും കാന്‍സര്‍ ലക്ഷണമൊന്നും പ്രകടമായി കാണുകയില്ല. രണ്ടാം സ്റ്റേജില്‍ തുടര്‍ച്ചയായി ചുമയുണ്ടാകുകയും മൂന്നാം സ്റ്റേജില്‍ അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുകയും ചെയ്യും. ശബ്ദതന്തുക്കളുടെ ഞരമ്പുകളെ കാന്‍സര്‍ ബാധിക്കാന്‍ ഇടയുള്ളതുകൊണ്ട് ചിലര്‍ക്ക് ഈ സമയത്ത് ശബ്ദം നഷ്ടമാകാന്‍ സാധ്യതയുണ്ട്. അസ്വസ്ഥതതുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ശബ്ദം തിരിച്ചുകിട്ടിയില്ലെങ്കില്‍ വിദഗ്ധ പരിശോധന നടത്തണം. മറ്റുലക്ഷണങ്ങള്‍ ശ്വാസതടസ്‌സവും കിതപ്പുമാണ്. നാലാം സ്റ്റേജിലാണ് രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നത്. എല്ലിലേക്ക് പടര്‍ന്ന് അത് നടുവേദനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കരളില്‍ ബാധിച്ചാല്‍ മഞ്ഞപ്പിത്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

 

രോഗനിര്‍ണയം

നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുന്നതാണ് പരിശോധനയുടെ ആദ്യഘട്ടം. കഫം പരിശോധനയിലൂടെയും രോഗം കണ്ടെത്താനാകും. ഇതിനുവേണ്ടി രാവിലത്തെ കഫമാണ് പരിശോധനയ്‌ക്കെടുക്കേണ്ടത്. ശ്വാസനാളിയിലൂടെ ട്യൂബ് കടത്തി നടത്തുന്ന ബ്രോങ്കോസ്‌കോപ്പിയിലൂടെ കാന്‍സര്‍ നേരിട്ടുകാണാന്‍ സാധിക്കും മറ്റൊന്ന് സി.ടി. സ്‌കാനാണ്. ഇതിലൂടെ കാന്‍സര്‍ ഏതുഘട്ടത്തിലാണെന്നും വ്യാപ്തി എത്രത്തോളമുണ്ടെന്നും കണ്ടെത്താനും എന്തു ചികിത്സയാണ് വേണ്ടതെന്ന് ഡോക്ടര്‍ക്ക് തിരുമാനിക്കാനുമാകും.എങ്ങനെ നിയന്ത്രിക്കാം

മുന്‍കരുതലുകളാണ് കാന്‍സറിനെ പടിക്കുപുറത്തുനിര്‍ത്താനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്ന്. ശ്വാസകോശ കാന്‍സര്‍, കവിള്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബീഡി, സിഗററ്റ്, പാന്മസാലകള്‍ പോലുള്ള ലഹരിവസ്തുക്കള്‍ ഒഴിവാക്കുക. അതില്‍നിന്ന് ലഭിക്കുന്ന സുഖം ജീവിതത്തേക്കാള്‍ വലുതല്ല എന്നു മനസ്‌സിലാക്കണം. പുകവലിയോട് പൂര്‍ണമായും 'ഗുഡ് ബൈ' പറയാന്‍ സാധിക്കണം.

 


ചികിത്സ

ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി എന്നിവയാണ് സാധാരണയായി ഇതിനുള്ള ചികിത്സ. ആദ്യസ്റ്റേജില്‍ ശസ്ത്രക്രിയയാണ് ചികിത്സാമാര്‍ഗം. രണ്ടാം സ്റ്റേജില്‍ ശസ്ത്രക്രിയയും റേഡിയേഷനും ഉപയോഗിക്കും. കീമോ തെറാപ്പിയും റേഡിയേഷനും ചേര്‍ന്നതാണ് മൂന്നാം സ്റ്റേജ്. രോഗം നാലാം സ്റ്റേജിലാണെങ്കില്‍ കീമോ തെറാപ്പി മാത്രമാകും നല്‍കുക. ഓരോ രോഗിയുടെയും ആരോഗ്യനിലയും രോഗവ്യാപ്തിയും അനുസരിച്ച് ചികിത്സകള്‍ സംയോജിപ്പിച്ചും നല്‍കും.

 

ശ്വാസകോശം പൂര്‍ണമായും എടുത്തുമാറ്റുന്ന ന്യൂമോണക്റ്റമി അല്ലെങ്കില്‍ രോഗം ബാധിച്ച ലോബ് മാത്രം എടുത്തുമാറ്റുന്ന ലോബറ്റമി എന്നിവയാണ് സര്‍ജറിയില്‍ പ്രധാനമായുള്ളത്. ലോബറ്റമിയാണെങ്കില്‍ ശ്വാസകോശത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. അതുകൊണ്ട്, ഓപ്പറേഷന് കഴിഞ്ഞാലും രോഗിക്ക് ജീവിതരീതിയില് വലിയ പ്രയാസം വരുന്നില്ല.

 

OTHER SECTIONS